കരിച്ചാറയിൽ യുവതിയുടെ ദുരൂഹ മരണം; പൊലീസ് അന്വേഷണം തുടങ്ങി
text_fieldsകണിയാപുരം: കരിച്ചാറയിൽ യുവതിയെ വീട്ടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതിക്കൊപ്പം താമസിച്ചിരുന്ന തമിഴ്നാട് സ്വദേശിയായ രംഗനുവേണ്ടി അന്വേഷണം തുടങ്ങി. കണ്ടൽ നിയാസ് മൻസിലിൽ വാടകക്ക് താമസിച്ച ഷാനുവിനെ (33) തിങ്കളാഴ്ച വൈകീട്ടാണ് ഹാളിൽ തറയിൽ മരിച്ചുകിടക്കുന്ന നിലയിൽ കണ്ടത്. വൈകീട്ട് അഞ്ചരയോടെ സ്കൂൾ വിട്ട് വീട്ടിലെത്തിയ കുട്ടികളാണ് മൃതദേഹം കണ്ടത്. ആദ്യ ഭർത്താവ് മരിച്ച ഷാനു മൂന്നുമാസമായി തമിഴ്നാട് സ്വദേശിയായ രംഗനുമായി ഒരുമിച്ച് താമസിക്കുകയായിരുന്നു.
സംഭവശേഷം ഹോട്ടൽ ജീവനക്കാരനായ രംഗനെ കാണാതായിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 8.30 ന് ഷാനുവിന്റെ കുട്ടികൾ സ്കൂളിൽ പോകുമ്പോൾ ഇരുവരും വീട്ടിലുണ്ടായിരുന്നു. യുവതിയുടെ സ്വർണമാലയും കമ്മലും മൊബൈൽ ഫോണും മോഷണം പോയതായി കുട്ടികൾ പൊലീസിനോട് പറഞ്ഞു. മരണത്തിൽ ദുരൂഹതയുള്ളതിനാൽ ആർ.ടി.ഒയുടെ നേതൃത്വത്തിലായിരുന്നു ഇൻക്വസ്റ്റ് നടപടികൾ നടന്നത്. ഫോറൻസിക്-വിരളടയാള വിദഗ്ധർ പരിശോധന നടത്തി. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാവുകയുള്ളൂ.