തിരുവനന്തപുരത്തെ ബൂത്തിൽ 1200പേർ,500 പേരെയും കാണാനില്ല !; എസ്.ഐ.ആർ അടിമുടി ദുരൂഹം
text_fieldsതിരുവനന്തപുരം: എസ്.ഐ.ആറിൽ ‘അദൃശ്യ’രെന്ന് വിധിയെഴുതി തെരഞ്ഞെടുപ്പ് കമീഷൻ പടിക്ക് പുറത്താക്കിയവരുടെ കാര്യത്തിൽ ദുരൂഹത കനക്കുന്നു. ബൂത്തടിസ്ഥാനത്തിൽ പ്രസിദ്ധീകരിച്ച, കണ്ടെത്താനാകാത്തവരുടെ പട്ടികയിലെ പൊരുത്തക്കേടുകളാണ് സംശയമുണർത്തുന്നത്.
ഒരു ബൂത്തിൽ പകുതിയോളമാളുകളെ വരെ, കണ്ടെത്താനായില്ലെന്ന് പറഞ്ഞ് ഒഴിവാക്കിയതായി കണക്കുകളിൽ കാണാം. ഇവർ മറ്റേതെങ്കിലും നിയോജക മണ്ഡലത്തിലെ ബൂത്തിൽ ഇവർ ഉൾപ്പെട്ടിട്ടുണ്ട് എന്ന വാദവും അംഗീകരിക്കാനാകില്ല. അങ്ങനെയെങ്കിൽ കണ്ടെത്താനാകാത്തവരുടെ പട്ടികയിലെ ‘ഇരട്ടിപ്പ്’ എന്ന ഭാഗത്താണ് ഈ പേരുകൾ വരേണ്ടിയിരുന്നത്. ഇത്രയും പേർ അജ്ഞാതരായി എങ്ങോട്ട് പോയി എന്നാണ് ചോദ്യം.
ഇനി ഇവരെ കണ്ടെത്തിയാലും പുതുതായി അപേക്ഷ സമർപ്പിക്കണം. ഇത് ഒറ്റപ്പെട്ട സംഭവമല്ല എന്നത് ആശങ്ക വർധിപ്പിക്കുന്നു. ഹരിയാനയിലും ബിഹാറിലുമെല്ലാം ‘വോട്ടുചോരി’യുടെ തെളിവുകൾ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പുറത്തുവിട്ടതിന്റെ പശ്ചാത്തലത്തിൽ ഇത്തരം ഉത്തരമില്ലാ സമസ്യകൾ ദുരൂഹതയേറ്റുകയാണ്. ഇത്തരം ‘ദൂരൂഹത’ സംശയങ്ങൾക്കൊപ്പം, ബി.എൽ.ഒമാരെ സമ്മർദം ചെലുത്തി ഡിജിറ്റൈസേഷൻ ചെയ്യിപ്പിച്ചതിന്റെയും ടാർഗറ്റ് നിശ്ചയിച്ചതിന്റെയും പ്രത്യാഘാതമാണിതെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.
ബി.എൽ.ഒമാർ ‘അൺ ട്രെയിസബിൾ’ എന്ന് രേഖപ്പെടുത്തിയാൽ അത് അതേപടി അംഗീകരിച്ച് മറ്റ് സ്ഥിരീകരണങ്ങളൊന്നുമില്ലാതെ പട്ടികയിൽനിന്ന് ഒഴിവാക്കുകയാണ്. ഫലത്തിൽ സംസ്ഥാനത്താകെ 14.61 ലക്ഷം പേരാണ് ഈ വിഭാഗത്തിലായി പട്ടികക്ക് പുറത്താവുന്നത്.
തിരുവനന്തപുരത്തെ ബൂത്തിൽ പകുതിയോളം പേരെ കാണാനില്ല !
തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ ബൂത്ത് നമ്പർ 138 ൽ 704 പേരാണ് കണ്ടെത്താനാകാത്തവർ. ഇതിൽ 592 പേരുടെയും കാരണമായി കമീഷൻ പട്ടികയിൽ ചൂണ്ടിക്കാട്ടുന്നത് ‘അൺ ട്രെയിസബിൾ’ എന്നാണ്. ആകെ 1200 പേരുള്ള ബൂത്തിൽ 500 പേരും എങ്ങനെയാണ് കണ്ടെത്താനാകാത്തവരാകുന്നതെന്ന ചോദ്യത്തിന് കൃത്യമായ വിശദീകരണമില്ല.
തിരുവനന്തപുരം വട്ടിയൂർക്കാവ് മണ്ഡലത്തിലെ ബൂത്ത് അഞ്ചിൽ 491 പേർ കണ്ടെത്താനാകാത്തവരായുള്ളതിൽ 253 പേരും ‘അൺ ട്രെയിസബിൾ’ ആണ്. നേമം മണ്ഡലത്തിലെ ബൂത്ത് നമ്പർ 135 ൽ 183 പേരാണ് ഈ ഇനത്തിലുള്ളത്’. ഇവിടെ ആകെ കണ്ടെത്താനാകാത്തവർ 286 പേരാണ്.
മലയോരത്ത് കൂട്ട ‘താമസം മാറൽ’!
ഇടുക്കിയിൽ, കണ്ടെത്താനാകാത്തവരുടെ പട്ടികയിലുള്ളവരിൽ കൂടുതൽ പേരുടെ കാരണം ‘സ്ഥിരമായി താമസം മാറിപ്പോയി (പെർമനന്റ്ലി ഷിഫ്റ്റഡ്) എന്നതാണ്. 2025 ഒക്ടോബറിലെ വോട്ടർ പട്ടികയിലുണ്ടായിരുന്ന ഇത്രയധികം പേർ സ്ഥിരമായി ഇടുക്കിയിലെ താമസം ഉപേക്ഷിച്ച് എങ്ങോട്ടാണ് പോയത് എന്നത് ചോദ്യമായി അവശേഷിക്കുന്നു.
ദേവികുളം മണ്ഡലത്തിലെ നാലാം ബൂത്തിൽ കണ്ടെത്താനാകാത്തവരായി ആകെയുള്ളത് 138 പേരാണെങ്കിൽ ഇതിൽ 98 ഉം ‘പെർമനന്റ്ലി ഷിഫ്റ്റഡ്’ ആണ്.
ഇതേ മണ്ഡലത്തിൽ ഒമ്പതാം ബൂത്തിൽ ആകെയുള്ള 152 അദൃശ്യരിൽ 82 ഉം സ്ഥിരമായി താമസം മാറിയെന്നാണ് കമീഷൻ പറയുന്നത്. ഇടുക്കി നിയോജക മണ്ഡലത്തിലെ 131 ാം ബൂത്തിൽ കണ്ടെത്താനാകാത്തവരിൽ 77 പേർ ‘പെർമനന്റ്ലി ഷിഫ്റ്റഡ്’ ആണ്. പീരുമേട് മണ്ഡലത്തിലെ 203 ാം ബൂത്തിൽ കണ്ടെത്താനാകാത്ത 208 ൽ 103 പേരും സ്ഥലം മാറിപ്പോയി.
പൊതുവായുള്ള പരിശോധനയിൽ കണ്ണൂരിലെ പേരാവൂരിലും (ബൂത്ത്-എട്ട്), മലപ്പുറം മങ്കടയിലും (ബൂത്ത് നമ്പർ-6), കോഴിക്കോട് കുറ്റ്യാടിയിലും (ബൂത്ത്-8), കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിലുമെല്ലാം (ബൂത്ത്-7) ഇത് പ്രകടമാണ്.
1.60 ലക്ഷം പേർ ഫോം നിരസിക്കുമോ ?
എന്യൂമറേഷൻ ഫോം നിരസിച്ചുവെന്ന് കാണിച്ച് ‘കണ്ടെത്താനാകാത്തവരുടെ’ കള്ളിയിൽ ഉൾപ്പെട്ട വലിയ നിര തന്നെയുണ്ട്. സംസ്ഥാനത്താകെ 1.60 ലക്ഷം പേരാണ് ഇത്തരത്തിൽ ഫോം വാങ്ങാതിരിക്കുകയോ പൂരിപ്പിച്ച് നൽകില്ലെന്ന് അറിയിക്കുകയോ ചെയ്തതെന്നാണ് കമീഷൻ പറയുന്നത്. വിയോജിപ്പ് രേഖപ്പെടുത്താൻ ‘നോട്ട’ സംവിധാനം പോലുമുള്ള കാലത്ത് വോട്ടർ പട്ടികയിൽ ചേരാൻ ആരെങ്കിലും വിസമ്മതിക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്.
തിരുവനന്തപുരം വട്ടിയൂർക്കാവ് ബൂത്ത് 154 ൽ കണ്ടെത്താനാകാത്തവരായി 347 പേരുള്ളതിൽ 116 പേരും ഫോം നിരസിച്ചവരാണെന്നാണ് രേഖകളിലുള്ളത്. കൊച്ചിയിലെ ബൂത്ത് നമ്പർ 16 ൽ കണ്ടെത്താത്ത 302 വോട്ടർമാരിൽ 82 ഉം ഫോം നിഷേധിച്ചുവത്രേ.


