മകന്റെ മരണത്തിലും ദുരൂഹത; സി.ബി.ഐ അന്വേഷണത്തിനിടെ മാതാപിതാക്കളും ഇല്ലാതായി
text_fieldsകോട്ടയം: മകന്റെ ദുരൂഹമരണത്തിൽ സി.ബി.ഐ അന്വേഷണം ആരംഭിച്ച് രണ്ടുമാസത്തിനുള്ളിൽ വ്യവസായി വിജയകുമാറും ഭാര്യയും ദാരുണമായി കൊല്ലപ്പെട്ടത് ദുരൂഹത വർധിപ്പിക്കുന്നു. മകൻ ഗൗതമിന്റെ മരണവും ഈ കൊലപാതകങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന സംശയമാണ് ഉയരുന്നത്.
മകന്റേത് കൊലപാതകമാണെന്ന ഉറച്ച വിശ്വാസത്തിൽ കൊലപാതകികളെ കണ്ടെത്താൻ അഞ്ചുവർഷത്തിലധികം നീണ്ട നിയമപോരാട്ടത്തിലായിരുന്നു വിജയകുമാർ. നിജസ്ഥിതി അറിയാൻ സ്വകാര്യ അന്വേഷണ ഏജൻസിയെയും അദ്ദേഹം നിയോഗിച്ചിരുന്നു. അതിന്റെ ഫലമായാണ് കഴിഞ്ഞ ഫെബ്രുവരിയിൽ കേസ് സി.ബി.ഐ അന്വേഷിക്കാൻ ഹൈകോടതി ഉത്തരവിട്ടത്.
കേസിൽ വിജയകുമാറിനുവേണ്ടി ഹൈകോടതിയിൽ ഹാജരായത് മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി. ആസഫലിയായിരുന്നു. കോടതി ഉത്തരവിനുശേഷം സന്തോഷവാനായാണ് വിജയകുമാർ കാണപ്പെട്ടതെന്നും നിയമപോരാട്ടം ഫലം കണ്ടയുടൻ രണ്ടുപേരും കൊല്ലപ്പെട്ടത് ഞെട്ടലുളവാക്കുന്നുവെന്നും ആസഫലി പ്രതികരിച്ചു.
സ്വന്തം മകന്റെ ഘാതകരെ കണ്ടുപിടിക്കാൻ നിയമയുദ്ധം നടത്തിയതിന്റെ പേരിൽ സ്വയം ജീവൻ ബലികൊടുക്കേണ്ടി വരുകയായിരുന്നു. നീതിപൂർവമായ അന്വേഷണം കേസിൽ അനിവാര്യമാണെന്നും ആസഫലി പറഞ്ഞു. 2017 ജൂൺ മൂന്നിനാണ് വിജയകുമാറിന്റെ മകനായ ഗൗതം വിജയകുമാറിനെ (28) കോട്ടയം തെള്ളകത്ത് റെയിൽവേ ട്രാക്കിന് സമീപം മരിച്ചനിലയിൽ കണ്ടെത്തിയത്.
200 മീറ്ററിനപ്പുറം പാർക്ക് ചെയ്തിരുന്ന അദ്ദേഹത്തിന്റെ കാറിൽ രക്തമുണ്ടായിരുന്നു. കഴുത്തിലും നെഞ്ചിലുമേറ്റ മുറിവാണ് മരണകാരണം. മൊബൈൽ ഫോൺ അടക്കമുള്ള വസ്തുക്കൾ കാറിലുണ്ടായിരുന്നതിനാൽ മോഷണത്തിനുവേണ്ടിയുള്ള കൊലപാതകമാകാനുള്ള സാധ്യത പൊലീസ് തള്ളിയിരുന്നു. എന്നാൽ, ഇത് അംഗീകരിക്കാൻ വിജയകുമാർ തയാറായിരുന്നില്ല. മകന് ആത്മഹത്യ ചെയ്യാനുള്ള സാഹചര്യമില്ലായിരുന്നെന്ന് മാതാപിതാക്കൾ ഉറച്ചുവിശ്വസിച്ചു.
എന്നാൽ, പൊലീസും ക്രൈംബ്രാഞ്ചും ഗൗതമിന്റെ മരണം ആത്മഹത്യയെന്ന് ഉറപ്പിച്ചതോടെയാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് 2019ൽ വിജയകുമാർ ഹൈകോടതിയെ സമീപിച്ചത്. ഗൗതം വിജയകുമാറിന്റെ ശരീരത്തിലുണ്ടായിരുന്നത് സ്വയമുണ്ടാക്കിയ പരിക്കെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ.
എന്നാൽ, ഒന്നിൽ കൂടുതൽ പരിക്ക് കഴുത്തിൽ സ്വയം ഉണ്ടാക്കാൻ സാധിക്കില്ലെന്നായി കോടതി. അതുകൊണ്ടുതന്നെ അതൊരു ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നുമുള്ള നിഗമനത്തിൽ കേസ് സി.ബി.ഐക്ക് വിട്ടു. മാർച്ചിൽ സി.ബി.ഐ തിരുവനന്തപുരം യൂനിറ്റ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
അന്വേഷണത്തിന്റെ ഭാഗമായി വിജയകുമാറിന്റെയും ഭാര്യ മീരയുടെയും മൊഴി സി.ബി.ഐ രേഖപ്പെടുത്തിയതായും വിവരമുണ്ട്. ഈ സാഹചര്യത്തിൽ വിജയകുമാറും ഭാര്യയും ദാരുണമായി കൊല്ലപ്പെട്ടത് ദുരൂഹത വർധിപ്പിക്കുകയാണ്.