പാലോട് രവി ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിച്ചെന്ന് എൻ. ശക്തൻ; ‘അദ്ദേഹത്തിന്റെ ചില വാക്കുകൾ ഉപയോഗിക്കാൻ പാടില്ലാത്തത്’
text_fieldsതിരുവനന്തപുരം: കോൺഗ്രസ് എടുക്കാച്ചരക്കാകും എന്ന പാലോട് രവിയുടെ ശബ്ദസന്ദേശത്തിൽ പ്രതികരിച്ച് തിരുവനന്തപുരം ഡി.സി.സിയുടെ താൽകാലിക ചുമതല വഹിക്കുന്ന എൻ. ശക്തൻ. പാലോട് രവിയെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും അദ്ദേഹം ചെയ്യാത്ത തെറ്റിനാണ് ശിക്ഷ അനുഭവിച്ചെന്നും എൻ. ശക്തൻ മാധ്യമങ്ങളോട് പറഞ്ഞു.
ഉത്തരവാദപ്പെട്ട പദവിയിൽ ഇരിക്കുന്ന ആളുടെ ശബ്ദസന്ദേശം പൂർണമായി മാധ്യമങ്ങൾ പുറത്ത് വിടണമായിരുന്നു. ഒരു ബ്ലോക്ക് ഭാരവാഹിയുടെ രീതികൾ പാർട്ടി പ്രവർത്തനത്തിന് തടസമാകുമ്പോൾ വിരട്ടുക സാധാരണമാണ്. ഉപയോഗിക്കാൻ പാടില്ലാത്ത ചില വാക്കുകൾ പാലോട് രവി ഉപയോഗിച്ചത് തെറ്റാണ്.
ശബ്ദസന്ദേശം പൂർണ രൂപത്തിൽ കൊടുത്തിരുന്നുവെങ്കിൽ ഡി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് പാലോട് രവിക്ക് മാറേണ്ടി വരില്ലായിരുന്നു. ശബ്ദസന്ദേശം പൂർണ രൂപത്തിൽ പുറത്തുവിടാൻ മാധ്യമങ്ങൾ തയാറാകണം. ഡി.സി.സി അധ്യക്ഷ പദവിയിൽ മികച്ച പ്രവർത്തനമാണ് പാലോട് രവി കാഴ്ചവെച്ചിരുന്നതെന്നും എൻ. ശക്തൻ കൂട്ടിച്ചേർത്തു.
കോൺഗ്രസിനെയും യു.ഡി.എഫിനെയും വെട്ടിലാക്കിയ വിവാദ ഫോൺ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ നേതൃത്തിന്റെ നിർദേശപ്രകാരം തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് പാലോട് രവി സ്ഥാനം രാജിവെച്ചിരുന്നു. പഞ്ചായത്ത്-നിയമസഭ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് ഉച്ചികുത്തി വീഴുമെന്നും സി.പി.എമ്മിന് തുടർഭരണമുണ്ടാകുമെന്നും അതോടെ കോൺഗ്രസ് എടുക്കാച്ചരക്കാകുമെന്നും പ്രദേശിക നേതാവിനോട് പറയുന്ന ശബ്ദസന്ദേശം പുറത്തുവന്നതിന് പിന്നാലെയാണ് രാജി.
വാമനപുരം ബ്ലോക്ക് ജനറൽ സെക്രട്ടറി എ. ജലീലിനോട് പാലോട് രവി സംസാരിച്ച ഓഡിയോ ക്ലിപ്പാണ് പുറത്തായത്. സംഘടനാവിരുദ്ധ പ്രവർത്തനം പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിനെ തുടർന്നാണ് സംഭവവുമായി ബന്ധപ്പെട്ട് ജലീലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് കെ.പി.സി.സി പുറത്താക്കുകയും ചെയ്തു.
പാലോട് രവിയുടെ വിവാദ ഫോൺ സംഭാഷണം ഇങ്ങനെ...
‘പഞ്ചായത്ത് ഇലക്ഷനിൽ കോൺഗ്രസ് മൂന്നാമത് പോകും. നിയമസഭയിൽ ഉച്ചികുത്തി താഴെ വീഴും. നീ നോക്കിക്കോ, 60 അസംബ്ലി മണ്ഡലങ്ങളിൽ ബി.ജെ.പി എന്താണ് ചെയ്യാൻ പോകുന്നതെന്ന്. പാർലമെൻറ് തെരഞ്ഞെടുപ്പിൽ വോട്ട് പിടിച്ചത് പോലെ അവർ കാശുകൊടുത്ത് വോട്ട് പിടിക്കും. 40000- 50000 വോട്ട് ഇങ്ങനെ അവർ പിടിക്കും.
കോൺഗ്രസ് പാർട്ടി മൂന്നാം സ്ഥാനത്തേക്ക് ഉച്ചികുത്തി വീഴും. മാർക്സിസ്റ്റ് പാർട്ടി ഭരണം തുടരുകയും ചെയ്യും. അതോടെ ഈ പാർട്ടിയുടെ അധോഗതി ആയിരിക്കും. മുസ്ലിം കമ്മ്യൂണിറ്റിയിലുള്ളവർ വേറെ ചില പാർട്ടിയിലും മാർക്സിസ്റ്റ് പാർട്ടിയിലുമായി പോകും. കോൺഗ്രസിൽ ഉണ്ടെന്ന് പറയുന്ന ആളുകൾ ബി.ജെ.പിയിലും മറ്റു പാർട്ടികളിലുമായി പോകും.
പഞ്ചായത്ത്-അസംബ്ലി തെരഞ്ഞെടുപ്പ് കഴിയുമ്പോൾ കോൺഗ്രസ് എടുക്കാചരക്കായി മാറും. വാർഡിൽ ഇറങ്ങി നടക്കാൻ ആളില്ലാത്ത സ്ഥിതിയാണ്. നാട്ടിലിറങ്ങി ജനങ്ങളുമായി സംസാരിക്കാൻ 10 ശതമാനം സ്ഥലത്തേ നമുക്ക് ആളുകളുള്ളൂ. പരസ്പരം ബന്ധമില്ല, സ്നേഹമില്ല. എങ്ങനെ കാലുവാരാമോ എന്നതാണ് പലരും നോക്കുന്നത്’’.