കിണറ്റിൽ വീണ തെരുവുനായ്ക്ക് ആറ് ദിവസം ഭക്ഷണം നൽകി നഫീസ കാത്തിരുന്നു; ഒടുവിൽ രക്ഷകരെത്തി
text_fieldsനഫീസ, കിണറ്റിൽ വീണ തെരുവുനായ്
കൊടുവള്ളി: കിണറ്റിൽ വീണ തെരുവുനായ്ക്ക് ജീവൻ നിലനിർത്താൻ ആറ് ദിവസം ഭക്ഷണം നൽകി സഹജീവി സ്നേഹത്തിന്‍റെ മാതൃകയായി നഫീസ. വാവാട് കുന്നുമ്മൽ നഫീസയാണ് കിണറിനുള്ളിൽ കഴിഞ്ഞ ദിവസങ്ങളിൽ നായ്ക്ക് അതിജീവനത്തിനുള്ള ഭക്ഷണം എത്തിച്ചത്.
വാവാട് കുന്നുമ്മൽ അബ്ദുറഹിമാന്റെ പറമ്പിലെ ആൾമറയില്ലാത്ത കിണറ്റിലാണ് തെരുവുനായ് വീണത്. തിങ്കളാഴ്ച ഇൻസൈറ്റ് ദുരന്തനിവാരണ സേന പ്രവർത്തകർ കിണറ്റിൽ നിന്ന് പുറത്തെത്തിക്കുന്നത് വരെ നഫീസ കൊട്ടയിലാക്കി കയറിൽ കെട്ടിയിറക്കി നൽകിയ ഭക്ഷണമാണ് നായുടെ ജീവൻ നിലനിർത്തിയത്. കിണറിലെ ജലനിരപ്പിന് തൊട്ടുമുകളിലുള്ള പടവിലായിരുന്നു നായ് കഴിഞ്ഞിരുന്നത്.
വേനലിൽ ജലക്ഷാമം രൂക്ഷമാകുമ്പോൾ മാത്രമാണ് ഈ കിണർ ഉപയോഗിച്ചിരുന്നത്. അതിനാൽ കിണറിനടുത്തേക്ക് അധികമാരും പോവാറില്ലായിരുന്നു. നായുടെ തുടർച്ചയായുള്ള രോദനം കേട്ടാണ് നഫീസ കിണറ്റിനടുത്തെത്തിയത്. നഫീസയും വീട്ടുകാരും നാട്ടുകാരും ചേർന്ന് നായയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
ജനപ്രതിനിധികളോടും അഗ്നിരക്ഷാസേനയോടും ബന്ധപ്പെട്ടെങ്കിലും അവർ കൈയൊഴിഞ്ഞെന്ന് നാട്ടുകാർ ആക്ഷേപിക്കുന്നു. മരണത്തെ മുഖാമുഖം കണ്ട് കിണറിൽ കഴിഞ്ഞ നായക്ക് നഫീസ ഭക്ഷണം കയറിൽ കെട്ടിയിറക്കി നൽകി.
ആറ് ദിവസത്തിന് ശേഷം വാട്‌സ്ആപ്പ് വഴി വിവരമറിഞ്ഞ ഇൻസൈറ്റ് ദുരന്തനിവാരണ സേന പ്രവർത്തകർ സ്ഥലത്തെത്തുകയും നായയെ സാഹസികമായി പുറത്തെത്തിക്കുകയുമായിരുന്നു.
വാവാട് കുന്നുമ്മൽ മുഹമ്മദിന്റെ ഭാര്യയാണ് നഫീസ. മലബാറിലെ അറിയപ്പെടുന്ന ഒറ്റമൂലി ചികിത്സകനായിരുന്ന വാവാട് കുരിയാണിക്കൽ പവീർകുട്ടി വൈദ്യരുടെ പേരമകളുമാണ്.


