Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംഘ്പരിവാറിൽ...

സംഘ്പരിവാറിൽ ‘നന്ദഗോവിന്ദം’ തമ്മിലടി കത്തുന്നു; യുവമോർച്ച നേതാവ് അഥീന ഭാരതിക്ക് ‘കുഞ്ഞാട്’ ചാപ്പ; ‘ബി.ജെ.പിക്ക് അഥീന അലക്സിന്റെ സൺ‌ഡേ ക്ലാസ് വേണ്ട’

text_fields
bookmark_border
സംഘ്പരിവാറിൽ ‘നന്ദഗോവിന്ദം’ തമ്മിലടി കത്തുന്നു; യുവമോർച്ച നേതാവ് അഥീന ഭാരതിക്ക് ‘കുഞ്ഞാട്’ ചാപ്പ; ‘ബി.ജെ.പിക്ക് അഥീന അലക്സിന്റെ സൺ‌ഡേ ക്ലാസ് വേണ്ട’
cancel
camera_alt

ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി. ശശികല, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അഥീന ഭാരതി

കൊച്ചി: ക്ഷേത്ര പരിപാടിക്കിടെ 'നന്ദഗോവിന്ദം ഭജന്‍സ്' ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതിനെ ചൊല്ലി സംഘ്പരിവാറിൽ തമ്മിലടി രൂക്ഷമാകുന്നു. ‘നന്ദഗോവിന്ദം’ ട്രൂപ്പിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ വിമര്‍ശിച്ച യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അഥീന ഭാരതിക്കെതിരെ സംഘ്പരിവാർ സൈബർ ഹാൻഡിലുകൾ രംഗത്തെത്തി.​അഥീന അലക്സിന്റെ ​സൺഡേ ക്ലാസ് ബി.ജെ.പിക്കാർക്ക് വേണ്ടെന്നും, അഥീന അലക്സ് അല്ല ഹിന്ദുവിന്റെ അവസാന വാക്കെന്നും സജീവ സംഘ്പരിവാർ അനുകൂലികൾ മുന്നറിയിപ്പ് നൽകി. എന്നാൽ, താൻ സൺ‌ഡേ സ്കൂളിൽ പോയിട്ടില്ലെന്നും വളരെ അധികം ബഹുമാനിക്കുന്ന ഒരാളാണ് ശശികല ടീച്ചറെന്നും അഥീന മറുപടി നൽകി.

നമ്മളെ തകര്‍ക്കാന്‍ പുറത്തുള്ളവര്‍ക്ക് കഴിയില്ല, അകത്തുള്ളവര്‍ക്കേ കഴിയൂ എന്ന ആര്‍.എസ്.എസ് സ്ഥാപകന്‍ ഡോക്ടര്‍ കേശവ ബലറാം ഹെഡ്ഗേവാറുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് അഥീന ഫേസ്ബുക്കിൽ എഴുതിയ കുറിപ്പാണ് പ്രകോപനത്തിന് കാരണം. ‘ക്ഷേത്രത്തില്‍ ക്രിസ്തുഭക്തിഗാനം പാടിയതിന് പിന്നിലെ ഔചിത്യകുറവ് മനസ്സിലാക്കിക്കൊണ്ട് തന്നെ പറയുകയാണ്, അതിലും അപകടകരമാണ് ഇപ്പോള്‍ കാണിക്കുന്ന ഈ തുള്ളല്‍ നാടകം. കേരളത്തിലെ പൊതുസമൂഹത്തിന് മുന്നില്‍ സ്വയം അപഹാസ്യരാവുകയാണ്’ -എന്നായിരുന്നു ഫേസ്ബുക്ക് കുറിപ്പില്‍ അഥീന ഭാരതി പറഞ്ഞത്.

നന്ദ​ഗോവിന്ദം ഭജൻസിനെതിരെ കടുത്ത അധിക്ഷേപവുമായി രംഗത്തുവന്ന ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല അടക്കമുള്ളവർക്കെതിരെയായിരുന്നു അഥീനയുടെ പരോക്ഷ വിമർശനം. ‘പണ്ടൊരിക്കൽ ഡോക്ടർ ജി പറഞ്ഞതാണ് ഓർമ വരുന്നത്.. നമ്മളെ തകർക്കാൻ പുറത്തൂന്ന് ആർക്കും കഴിയില്ല.. അകത്തുള്ളവർക്കേ കഴിയു... ക്ഷേത്രങ്ങളിൽ നിന്നും ഭക്തിയിൽ നിന്നും ഭക്തി ഗാനങ്ങളിൽ നിന്നും തിരിഞ്ഞു നടന്ന ഒരു കൂട്ടം ജനതയേ തിരികെ ക്ഷേത്രങ്ങളിൽ ഒരുമിച്ച് കൂട്ടിയ നന്ദഗോവിന്ദം ഭജൻസിന്റെ ട്രണ്ടിനെ തകർക്കാനും ആ ഭക്തജനങ്ങളെ വിഘടിപ്പിക്കാനും,കഴിഞ്ഞ കുറെ കാലമായി നാട്ടിലെ സകല സുടാപ്പികളും സഖാക്കളും കിണഞ്ഞു പരിശ്രമിച്ചു.. നടന്നില്ല.. അവസാനം ആ ദൗത്യം നമ്മുടെ കൂട്ടത്തിൽ ഉള്ളവർ തന്നെ ഏറ്റെടുത്ത് ഭംഗിയായി നിർവഹിച്ചു... Well done my guysss... Well done... Keep it up...

ചിലരെങ്കിലും ചോദിച്ചേക്കാം ഇതിനു മുന്നേ വേറെ ഭജൻസ് ഉണ്ടായിട്ടില്ലെ എന്ന്.. ഉണ്ടായിട്ടുണ്ടാവാം... പക്ഷെ കേൾക്കാൻ ഇത്രയും ആളുകൾ ഉണ്ടായിരുന്നോ എന്നത് മറ്റൊരു ചോദ്യമാണ്.. ഭക്തിഗാനസദസ്സിന്റെ പഴമയെ ഒട്ടും മാറ്റാതെ പുതുതലമുറക്ക് കൂടെ ആകർഷകമാകുന്ന രീതിയിൽ അതിനെ മനോഹരമാക്കിയത് ഇവരാണ് എന്ന് പറയേണ്ടി വരും...

‘അമ്പലത്തിൽ പോടാ’ എന്ന് പറഞ്ഞാൽ പോയി പണി നോക്കാൻ പറഞ്ഞിരുന്ന ഒരുകൂട്ടം യുവാക്കളെ വാർത്തെടുക്കുന്നതിൽ ഇടത് ചിന്തകർ വിജയിച്ചപ്പോൾ അതേ തലമുറയെ ക്ഷേത്രത്തിലേക്ക് ആവേശത്തോടെ എത്തിച്ച ഒരുകൂട്ടം കലാകാരന്മാർ.. അവരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്‌ ഇന്ന് കേരളത്തിൽ പുതുതായി ഒരുപാട് ഭക്തിഗാന ഗ്രൂപ്പുകൾ ഉണ്ടായി വന്നു... ഹരേ രാമ എന്ന് പറയുന്നതിൽ രാഷ്ട്രീയം കാണാനും എതിർക്കാനും പഠിച്ചു വന്ന ഒരു തലമുറയെ കൊണ്ട് സീതാപതി രാമ ചന്ദ്ര കി ജയ് എന്ന് അവർ ഒരുമടിയും ഇല്ലാതെ വിളിപ്പിച്ചു.. ആ വിളിച്ചവരിൽ സഖാക്കളും ഉണ്ടായിരുന്നു എന്നത് അതിശയകരമായ കാര്യമാണ്..

നന്ദഗോവിന്ദം ഭജൻസ് ഒരു ക്രിസ്തു ഭക്തിഗാനം പാടിയതാണ് ഇപ്പോഴത്തെ വിഷയം.. ആ വീഡിയോ കണ്ടപ്പോൾ എനിക്ക് മനസ്സിലായത് മുഴുവൻ സദസ്യരോടും അവർ അനുവാദം ചോദിച്ചിരുന്നു... അവിടെ ഇരുന്ന മുഴുവൻ ആളുകളും കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു.... ശേഷമാണ് അവർ ആ ഗാനം ആലപിച്ചത്... അവിടെ ഉണ്ടായിരുന്ന ഒരു ഹൈന്ദവ സ്വാഭിമാനിയുടെയും മത വികാരം അപ്പോ വൃണപ്പെട്ട് കണ്ടില്ല.. ആരും എതിർത്തില്ല... എന്നിട്ടിപ്പോൾ ലോകരെല്ലാം നോക്കി നിൽക്കെ സാമൂഹ്യ മാധ്യമങ്ങളിൽ കൂട്ടം ചേർന്ന് കടിച്ച് കീറുന്നു..

ക്ഷേത്രത്തിൽ ക്രിസ്തുഭക്തിഗാനം പാടിയതിന് പിന്നിലെ ഔചിത്യകുറവ് മനസ്സിലാക്കിക്കൊണ്ട് തന്നെ പറയുകയാണ്.. അതിലും അപകടകരമാണ് നിങ്ങൾ ഇപ്പോൾ കാണിക്കുന്ന ഈ പ്രകടനം... കേരളത്തിലെ പൊതുസമൂഹത്തിന് മുന്നിൽ സ്വയം അപഹാസ്യരാവുകയാണ്...’ -അഥീന ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

ഇതിനെതി​രെ സംഘ്പരിവാർ കേന്ദ്രങ്ങൾ കടുത്ത വിമർശനമാണ് ഉയർത്തിയത്. ‘അഥീന അലക്സ് ബി.ജെ.പി നേതാവാണെങ്കിൽ ബി.ജെ.പിയുടെ കാര്യം ഭംഗിയായി നോക്കുക. ഹിന്ദുക്കളുടെ കാര്യത്തിൽ മാർഗനിർദ്ദേശം നൽകാൻ ആഗമ ശാസ്ത്രപ്രകാരം നിർമ്മിച്ചിട്ടുള്ള ക്ഷേത്ര കാര്യങ്ങളിൽ അറിവുള്ള ശശികല ടീച്ചറെപ്പോലെയും അനിൽ വിളയിൽ ജിയെപ്പോലെയുമൊക്കെയുള്ള അനേകം ഹൈന്ദവ നേതാക്കളുണ്ട്. അറിവില്ലായ്മ ഒരു കുറ്റമല്ല, പക്ഷേ അത് കുഞ്ഞാട് ഷാജൻ സക്കറിയയെപ്പോലെയുള്ളവരുടെ താങ്ങുണ്ടെന്ന് കരുതി അലങ്കാരമാക്കരുത്. ശശികല ടീച്ചറെയൊക്കെ തിരുത്താൻ മാത്രമുള്ള ആഗമ ശാസ്ത്ര അറിവൊക്കെ അധീന അലക്സ് ഏത് സൺഡേ സ്കൂളിൽ നിന്നാണ് പഠിച്ചത്?’ -എന്നായിരുന്നു ലക്ഷ്മി കാനത്ത് എന്ന സജീവ സംഘ്പരിവാർ പ്രൊഫൈലിൽ വന്ന വിമർശനം.

ഹിന്ദുവിന്റെ ക്ഷേത്ര കാര്യങ്ങളിൽ തൊട്ടുള്ള കളി വേണ്ട അത് തീക്കളിയാണെന്നും അഥീനക്ക് ലക്ഷ്മി മുന്നറിയിപ്പ് നൽകുന്നു. ‘ആവശ്യവുമില്ലാത്ത, അറിവില്ലാത്ത കാര്യങ്ങളിൽ അഭിപ്രായം പറയരുത്. ശശികല ടീച്ചറെയൊക്കെ അഥീന അലക്സും ഷാജൻ സക്കറിയയും സൺഡേ ക്ലാസ്സുമായി വഴികാട്ടാൻ വന്നാൽ അന്തസ്സുള്ള സ്വാഭിമാന ഹിന്ദുക്കൾക്ക് അത് നോക്കി നിൽക്കാനാവില്ല. വ്യാജൻ സക്കറിയ, അഥീന അലക്സ് കുഞ്ഞാടിനെയും പൊക്കി കൊണ്ട് വന്നിട്ടുണ്ട്. അഥീന അലക്സ് അല്ല ഹിന്ദുവിന്റെ അവസാന വാക്ക്. ഹിന്ദുവിന്റെ അവസാന വാക്കായ ശശികല ടീച്ചറിന് മുകളിൽ അല്ല അഥീന കുഞ്ഞാട്, അതോർത്താൽ അഥീനയ്ക്കു കൊള്ളാം. ബിജെപിക്കാർക്ക് അഥീനയുടെ സൺ‌ഡേ ക്ലാസ് വേണ്ട കേട്ടോ’ -പോസ്റ്റിൽ പറയുന്നു.

‘ഇന്നത്തെ കേരളത്തിലെ വിദ്യാഭ്യാസവും വിവരവുമില്ലാത്ത ഊളന്മാരായ ആർഎസ്എസ് നേതാക്കളെ കണ്ട് ഞങ്ങൾ ആർഎസ്എസുകാരെല്ലാം മണ്ടന്മാരും ഊളന്മാരും ആണ് എന്ന് അഥീന ഭാരതി വിചാരിക്കരുത്. ആചാരം ലംഘിച്ച് കൊണ്ട് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ കയറിയ വ്യക്തിയാണ് നിങ്ങൾ’ -എന്നായിരുന്നു മറ്റൊരാളുടെ മുന്നറിയിപ്പ്.

‘ബി.ജെ.പി രാഷ്ട്രീയ പാർട്ടിയാണ്. ഹിന്ദുവും അമ്പലവും ഭക്തരുടേതാണ്. പള്ളിയിലെ കാര്യങ്ങളിൽ ഹിന്ദുക്കൾ കൈകടത്തുന്നതും ക്ഷേത്രത്തിലെ കാര്യങ്ങളിൽ മറ്റു മതസ്ഥർ കൈകടത്തുന്നതും ശരിയല്ല. നന്ദഗോവിന്ദം ഭജൻസിനെ കൊണ്ടു ഇനി അമ്പലങ്ങളിൽ പാടിക്കണോ എന്ന് അമ്പലക്കമ്മിറ്റികൾ തീരുമാനിക്കും. അവർ പള്ളിയിൽ പാടുന്ന കാര്യം ഹിന്ദുക്കൾ ഇടപെടില്ല. അവർ ആദ്യം ഭക്തിഗാനം പാടി, പിന്നെ സിനിമാഗാനം പാടി, അതിനുശേഷം ക്രിസ്ത്യൻ ഭക്തിഗാനങ്ങൾ പാടി. അടുത്തതായി ക്ഷേത്രത്തിൽ വന്നിരുന്നു യാസീനോതും, പിന്നീട് പാർട്ടി ഗാനങ്ങൾ പാടും. അങ്ങനെ അവർക്കു തോന്നുന്നത് പാടാൻ വേദി തെരുവിൽ ആയിരിക്കണം ആരും ഒന്നും. പറയില്ല.’ -മറ്റൊരാൾ ചൂണ്ടിക്കാട്ടി.

കോട്ടയം വേമ്പിന്‍കുളങ്ങര ​ക്ഷേത്രോത്സവത്തിനിടെയാണ് നന്ദഗോവിന്ദം ഭജൻസ് ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതിനെതിരെ ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി. ശശികലയാണ് ആദ്യം രംഗത്തെത്തിയത്. ഇരിക്കുന്ന കൊമ്പ് എത്ര ബലമുളളതാണെങ്കിലും സ്വയം മുറിച്ചാൽ അത് മുറിയാതിരിക്കില്ല. ചിക്കൻ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്. ഒരു വീട്ടമ്മയുടെ ഉപദേശമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു പരിഹാസം.

Show Full Article
TAGS:Nandagovindam Bhajans Sangh Parivar yuva morcha KP Sasikala 
News Summary - 'Nandagovindam' clash in Sangh Parivar; Yuva Morcha leader Adeena Bharati against sasikala
Next Story