Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘കോൺഗ്രസ് മുസ്‍ലിം...

‘കോൺഗ്രസ് മുസ്‍ലിം ലീഗ്, മാവോയിസ്റ്റ് കോൺഗ്രസായി മാറി; പി.ഡി.പിയുമായി എൽ.ഡി.എഫിന് ബന്ധം’ -മോദി

text_fields
bookmark_border
‘കോൺഗ്രസ് മുസ്‍ലിം ലീഗ്, മാവോയിസ്റ്റ് കോൺഗ്രസായി മാറി; പി.ഡി.പിയുമായി എൽ.ഡി.എഫിന് ബന്ധം’ -മോദി
cancel

കൊച്ചി: യു.ഡി.എഫും എൽ.ഡി.എഫും അഴിമതിയുടെ കാര്യത്തിൽ ഒറ്റക്കെട്ടാണെന്നും യു.ഡി.എഫിന് നേതൃത്വം നൽകുന്ന കോൺഗ്രസ് എം.എം.സി അഥവാ മുസ്ലിം ലീഗ് മാവോയിസ്റ്റ് കോൺഗ്രസായി മാറിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പിൽ വിജയിക്കാൻ കോൺഗ്രസ് ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകളെ കൂട്ടുപിടിക്കുകയാണ്.

പി.ഡി.പി പോലുള്ള സംഘടനകളുമായി മുമ്പുതന്നെ എൽ.ഡി.എഫിന് ബന്ധമുണ്ട്. യുവാക്കൾക്കിടയിൽ തീവ്രവാദം വളർത്തുന്ന സംഘടനകളെ സംരക്ഷിക്കുന്ന നിലപാടാണ് ഇടതുപക്ഷത്തിന്‍റേത്. ഇത് കേരളത്തിലെ സമാധാനാന്തരീക്ഷം തകർക്കുമെന്നും അതിനാൽ ഇരു മുന്നണികളെയും ജനങ്ങൾ അകറ്റിനിർത്തണമെന്നും മോദി പറഞ്ഞു. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ എൻ.ഡി.എയുടെ നിയമസഭ തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യു.ഡി.എഫ് കാലത്ത് സോളാർ അഴിമതിയായിരുന്നെങ്കിൽ ഇപ്പോൾ സി.എം.ആർ.എൽ ആണ്. ശബരിമല സ്വർണക്കൊള്ളയിൽ ഇരുമുന്നണിയിലെയും നേതാക്കൾക്ക് പങ്കുണ്ട്. കുറ്റകൃത്യങ്ങളും വർഗീയതയും വളർത്തുന്നതിൽ ഇവർ ഒറ്റക്കെട്ടാണ്. മാറിമാറി ഭരിച്ച മുന്നണികളുടെ നയങ്ങൾമൂലം കേരളത്തിന് അർഹിക്കുന്ന വികസനം ഉണ്ടായില്ല. കേരളത്തിന് പുതിയ തുടക്കവും പുതിയ ഭാവിയും അനിവാര്യമാണ്. നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേതൃത്വം നൽകുന്ന സർക്കാർ കേരളത്തിൽ അധികാരത്തിൽ വരും. ഇത് മോദിയുടെ ഗാരന്‍റിയാണ്. എൻ.ഡി.എ അധികാരത്തിൽ വന്നാൽ കേരളത്തിലെ അഴിമതിക്കാരെയും ഹർത്താൽ-ഭൂമാഫിയകളെയും തുടച്ചുനീക്കും.

ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും മോദി പരോക്ഷമായി വിമർശിച്ചു. ഡ്രോൺ നിർമിക്കുന്ന നിരവധി കമ്പനികൾ ഇന്ത്യയിൽ ഉണ്ടെന്നോ ഡ്രോൺ നിർമാണത്തിൽ കേരളത്തിലെ യുവാക്കൾക്ക് എത്രമാത്രം വൈദഗ്ധ്യമുണ്ടെന്നോ കോൺഗ്രസിന്‍റെ യുവരാജാവിന് അറിയില്ലെന്നും രാജ്യത്തെ മാറ്റം ചില കൂപമണ്ഡൂകങ്ങൾക്ക് കാണാൻ കഴിയുന്നില്ലെന്നുമായിരുന്നു മോദിയുടെ പരിഹാസം. പശ്ചിമേഷ്യയിലെ അരക്ഷിതാവസ്ഥയുടെ സമയത്തും കോൺഗ്രസ് രാഷ്ട്രീയം കളിക്കുകയാണ്. പ്രകോപനപരമായ പ്രസ്താവനകളിലൂടെ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കാനാണ് പ്രതിപക്ഷ ശ്രമമെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖർ അധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, ബി.ജെ.പി, എൻ.ഡി.എ നേതാക്കളായ കെ.എസ്. രാധാകൃഷ്ണൻ, പി.കെ. കൃഷ്ണദാസ്, എ.പി. അബ്ദുല്ലക്കുട്ടി, ശോഭ സുരേന്ദ്രൻ, സി.കെ. പത്മനാഭൻ, വി. മുരളീധരൻ, എൻ.എൻ. രാധകൃഷ്ണൻ, തുഷാർ വെള്ളാപ്പള്ളി, സാബു എം. ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.

Show Full Article
TAGS:Narendra Modi LDF UDF 
News Summary - narendra modi against ldf and udf
Next Story