നാസറിന്റെ ജീവിതത്തിൽ മുഴങ്ങുന്നു, മതമൈത്രിയുടെ പള്ളിമണികൾ
text_fieldsതൊടുപുഴ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ കൽവിളക്ക് വൃത്തിയാക്കുന്ന നാസർ
തൊടുപുഴ: സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെത്തുന്നവർക്ക് സുപരിചിതനാണ് നാസർ. പള്ളിപരിപാലനവുമായി ബന്ധപ്പെട്ട് 30 വർഷമായി നാസർ പള്ളിമുറ്റത്തുണ്ട്. കുർബാന ഒഴികെ പള്ളിയുടെ എല്ലാ ചടങ്ങിലും നാസർ ഹമീദ് എന്ന ഈ 58കാരന്റെ സാന്നിധ്യമുണ്ടാകും. മതസാഹോദര്യത്തിന്റെ തെളിമയുള്ള കാഴ്ചയാവുകയാണ് നാസറിന്റെ വേറിട്ട ജീവിതം.
പുലർച്ച പള്ളിയിലെത്തി വിളക്ക് തെളിച്ച് മണിയടിച്ചാണ് തൊടുപുഴ കാരിക്കോട് ഉണ്ടപ്ലാവ് കിഴക്കുംപറമ്പിൽ നാസറിന്റെ ദിവസം ആരംഭിക്കുന്നത്. പിന്നീട് തൊട്ടടുത്ത കാരിക്കോട് നൈനാർ ജുമാമസ്ജിദിലെത്തി പ്രഭാത നമസ്കാരം നടത്തി വീണ്ടും പള്ളിമുറ്റത്തെത്തും. കൽവിളക്ക്, ചുറ്റുമുള്ള സ്ഥലം, പള്ളി ഹാൾ, സെമിത്തേരി എന്നിവിടങ്ങളെല്ലാം വൃത്തിയാക്കും. തുടർന്ന് വീട്ടിലെത്തി തൊടുപുഴ മാർക്കറ്റ് റോഡിലെ കുരിശുപള്ളിക്ക് സമീപത്തെ പച്ചക്കറിക്കടയിലേക്ക് പോകും. നാസറിന് കച്ചവടത്തിന് മാർക്കറ്റ് റോഡിലെ കുരിശുപള്ളിക്ക് മുന്നിൽ സ്ഥലം നൽകിയതും പള്ളി ഭാരവാഹികളാണ്. കച്ചവടത്തിനിടയിലും പള്ളിയിൽ എന്ത് ആവശ്യമുണ്ടായാലും വിളിപ്പുറത്ത് നാസറുണ്ട്. വിശേഷവേളകളിലും ഇടവകയിൽ ഒരാൾ മരിച്ചാലും സാന്നിധ്യമുറപ്പ്.
ഇടവകക്കാർക്ക് നാസർ നാസറിക്കയാണ്. നാസറിന് ഇവരെയും നന്നായി അറിയാം. പള്ളി നിർമാണം നടക്കുന്ന കാലത്ത് മണ്ണും കല്ലുമൊക്കെ ചുമക്കാനായാണ് നാസർ ആദ്യമായി എത്തിയത്. ജോലി തീരും വരെ തുടർന്നു. എല്ലാവരുമായി സൗഹൃദവുമായതോടെ നിർമാണം കഴിഞ്ഞും ബന്ധം വിട്ടില്ല. അങ്ങനെ പള്ളി പരിപാലനമടക്കം കാര്യങ്ങൾക്ക് ഭാരവാഹികൾ ചുമതലപ്പെടുത്തുകയായിരുന്നെന്ന് നാസർ പറഞ്ഞു. ''എന്നെ വിശ്വസിച്ച് ഏൽപിച്ച ജോലി ഒരുകോട്ടവും തട്ടാതെ ഇത്ര നാളും മുന്നോട്ട് കൊണ്ടുപോകാനായിട്ടുണ്ട്. എന്നെ ഞാനാക്കിയത് ഈ പള്ളിയാണ്. ആ സ്നേഹത്തിന്റെ കടപ്പാട് പള്ളിയോടും ഭാരവാഹികളോടുമുണ്ട്. ഒരുജോലി എന്ന നിലയിൽ മാത്രമല്ല പള്ളിയുമായി ബന്ധപ്പെട്ട പ്രവൃത്തികൾ ചെയ്യുന്നത്. മനസ്സിന് ആനന്ദംകൂടി ലഭിക്കുന്നുണ്ട്'' -നാസർ പറയുന്നു. ജാതിയുടെ മതത്തിന്റെയും പേരിൽ മനുഷ്യർ ഭിന്നിക്കരുത്. ലോകത്തേക്ക് ഓരോരുത്തരും പിറന്നുവീഴുന്നത് മനുഷ്യനായാണെന്നും ഇവരെല്ലാം സ്നേഹത്തോടെയും സൗഹാർദത്തോടെയും ജീവിച്ചാൽ നാട് മനോഹരമാകുമെന്നും നാസർ പറയുന്നു.