ദേശീയ ഗെയിംസ് ; ആരോപണ പ്രത്യാരോപണങ്ങളുമായി കേരള ഒളിമ്പിക് അസോസിയേഷനും കായികവകുപ്പും സംസ്ഥാന സ്പോർട്സ് കൗൺസിലും
text_fieldsതിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ ചരിത്രത്തിലാദ്യമായി കേരളം ആദ്യ 10 സ്ഥാനങ്ങളിൽ ഉൾപ്പെടാതെ പോയതിന് പിന്നിലെ കാരണം അന്വേഷിച്ച് ആരോപണ പ്രത്യാരോപണങ്ങളുമായി കേരള ഒളിമ്പിക് അസോസിയേഷനും കായികവകുപ്പും സംസ്ഥാന സ്പോർട്സ് കൗൺസിലും പരസ്പരം വിഴുപ്പലക്കലിലേക്ക് കടന്നതോടെ ‘കേരളത്തിലെ കായിക വികസനം’ ട്രാക്ക് വിട്ട് രാഷ്ട്രീയ ഗോദയിലേക്ക് കയറി.
കായികമേഖലയുടെ തകർച്ചക്ക് കാരണം കായികമന്ത്രിയും സ്പോർട്സ് കൗൺസിലുമാണെന്ന സി.പി.എം സഹയാത്രികനും കേരള ഒളിമ്പിക് അസോസിയേഷൻ (കെ.ഒ.എ) പ്രസിഡന്റുമായ വി. സുനിൽ കുമാറിന്റെ ആരോപണത്തെ രൂക്ഷഭാഷയിൽ വിമർശിച്ച് കായികമന്ത്രി വി. അബ്ദുറഹ്മാനും സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലിയും രംഗത്തെത്തിയതോടെ കളി കൈവിട്ടുപോയ അവസ്ഥയിലാണ് സി.പി.എം. സുനിൽകുമാറിന് പിന്തുണയുമായി സംസ്ഥാന മന്ത്രിസഭയിലെ പ്രമുഖ നേതാവ് കൂടി അണിയറയിൽ സജീവമായതോടെ വിവാദം എത്രയുംവേഗം ഒതുക്കിത്തീർക്കാനുള്ള ശ്രമത്തിലാണ് പാർട്ടി നേതൃത്വം.
മുൻ ലോക്സഭ എം.പി എ. സമ്പത്തിന്റെ ഭാര്യാ സഹോദരനും കേരള ബാർ ഹോട്ടൽ ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റുമായ വി. സുനിൽ കുമാർ ഉൾപ്പെടുന്ന സ്റ്റാൻഡിങ് കമ്മിറ്റിയാണ് രണ്ടു വർഷം മുമ്പ് വരെ സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ ഭരണം നിയന്ത്രിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ പുനഃസംഘടനയിൽ വി. സുനിൽകുമാറിനെ അബ്ദുറഹ്മാൻ വെട്ടിമാറ്റിയതാണ് പ്രശ്നങ്ങളുടെ തുടക്കം. 2022 മേയിൽ സുനിൽകുമാറിനെ പ്രസിഡന്റായി തെരഞ്ഞെടുത്തുകൊണ്ടുള്ള കേരള ഹോക്കി അസോസിയേഷൻ ഭാരവാഹി തെരഞ്ഞെടുപ്പ് സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗീകരിച്ചില്ല. തൊട്ടുപിന്നാലെ ഹോക്കി അസോസിയേഷനെതിരെ ചില താരങ്ങളുടെ പരാതി ചൂണ്ടിക്കാട്ടി അസോസിയേഷന്റെ അംഗീകാരം കൗൺസിൽ റദ്ദാക്കി. ഇതിനെതിരെ അസോസിയേഷൻ നൽകിയ കേസ് കോടതിയുടെ പരിഗണനയിലിരിക്കെ അഞ്ചുമാസം മുമ്പ് അംഗീകാരം കൗൺസിൽ തിരികെ നൽകുകയായിരുന്നു.
ശ്രീജേഷിനെയും ബലിയാടാക്കി
ഒളിമ്പിക്സിൽ ഹോക്കിയിൽ വെങ്കല മെഡൽ ജേതാവായ പി.ആർ. ശ്രീജേഷിന് സർക്കാർ ഒരുക്കിയ സ്വീകരണചടങ്ങിൽനിന്ന് കേരള ഹോക്കി അസോസിയേഷന്റെയും പ്രസിഡന്റുകൂടിയായ വി. സുനിൽകുമാറിനെ കായികവകുപ്പ് പങ്കെടുപ്പിക്കാത്തതിലുള്ള അമർഷവും ഇപ്പോഴത്തെ വിവാദത്തിന് പിന്നിലുണ്ട്. കഴിഞ്ഞ ഓഗസ്റ്റിൽ വിദ്യാഭ്യാസ വകുപ്പ് ശ്രീജേഷിന് സ്വീകരണം നൽകാൻ നിശ്ചയിച്ചപ്പോൾ അതിന്റെ തയാറെടുപ്പുകൾക്ക് മുന്നിൽ നിന്നത് സുനിൽകുമാറുമായിരുന്നു. വിദ്യാഭ്യാസ മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ചിത്രസഹിതമുള്ള ഫ്ലക്സുകളും പോസ്റ്ററുകളും തലസ്ഥാനനഗരിയിൽ നിറഞ്ഞു. തന്നെ ഒഴിവാക്കിക്കൊണ്ടുള്ള പരിപാടിക്കെതിരെ പരാതിയുമായി കായികമന്ത്രി വി. അബ്ദുറഹ്മാൻ മുഖ്യമന്ത്രിയെ സമീപിച്ചു. ഒളിമ്പിക്സ് മെഡല്‍ ജേതാവിന് സ്വീകരണമൊരുക്കേണ്ടത് തങ്ങളാണെന്ന നിലപാടാണ് കായിക വകുപ്പ് സ്വീകരിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പില്‍ ജോ. ഡയറക്ടറായതുകൊണ്ടാണ് ശ്രീജേഷിന് സ്വീകരണം നൽകാൻ വിദ്യാഭ്യാസ വകുപ്പ് മുന്‍കൈയെടുത്തതെന്ന് ശിവൻകുട്ടിയും അറിയിച്ചു.
സർക്കാർ പണം വാങ്ങി പുട്ടടിക്കുന്നവർ ആദ്യം നന്നാവൂ -മന്ത്രി
കോഴിക്കോട്: കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി. സുനിൽകുമാറിനെതിരെ തുറന്നടിച്ച് കായിക മന്ത്രി വി. അബ്ദുറഹിമാൻ. ‘‘സുനിൽ കേരള ഹോക്കി പ്രസിഡന്റാണ്. വർഷങ്ങളായി സർക്കാർ ഗ്രാന്റ് വാങ്ങിയിട്ടും ഹോക്കിയെ ക്വാളിഫൈ ചെയ്യിക്കാൻ അദ്ദേഹത്തിനായോ. ഒരുതവണ വനിത ഹോക്കി ക്വാളിഫൈ ചെയ്തെങ്കിലും പരാജയപ്പെട്ടു. അഞ്ചു വർഷം പരിശീലിപ്പിച്ചിട്ടും മത്സരത്തിന് ക്വാളിഫൈ ചെയ്യിക്കാൻ കഴിയുന്നില്ലെങ്കിൽ ആ പണം ഉപയോഗിച്ച് മറ്റെന്തോ ചെയ്യുന്നതായാണ് ഞാനതിൽ കാണുന്നത് -മന്ത്രി പറഞ്ഞു. കേരളത്തിന് ലഭിക്കേണ്ട 22 മെഡൽ നഷ്ടമായത് എന്തുകൊണ്ടാണ്? കളരി ദേശീയ ഗെയിംസിന്റെ ഭാഗമായിട്ടും, ഇത്തവണ കേരളത്തിൽനിന്നുള്ള ഒളിമ്പിക്സിന്റെ ദേശീയ-സംസ്ഥാന പ്രസിഡന്റുമാർ ഉൾപ്പെട്ട കറക്കു കമ്പനി, ഡൽഹി ഹൈകോടതി ഉത്തരവുണ്ടായിട്ടുപോലും ആ മത്സരം നടത്താൻ തയാറായില്ല.
ഫെഡറേഷനുകൾ മൂന്നും നാലുമായാണ് പ്രവർത്തിക്കുന്നത്. ഇതാണ് കായിക രംഗാ താഴോട്ടുപോകാൻ കാരണം. ദേശീയ ഗെയിംസ് അടക്കമുള്ളവക്ക് സ്പോർട്സ് കൗൺസിൽ മുഖേന നേരിട്ട് ആളെ അയക്കാൻ കഴിയുന്ന കാലത്ത് നമ്മൾ രക്ഷപ്പെടും. -മന്ത്രി പറഞ്ഞു. കേരളത്തിലെ സ്പോർട്സ് രക്ഷപ്പെടണമെങ്കിൽ കായിക സംഘടനകൾ അഭിപ്രായഭിന്നതകൾ മാറ്റിവെച്ച് ആത്മാർഥമായി ഇടപെടണം. കായിക സംഘടനകൾക്ക് നൽകാനുള്ള ബാക്കി ഗ്രാന്റ് ഉടൻ നൽകുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
മന്ത്രി പറയുന്നത് വിവരക്കേട് - വി. സുനിൽകുമാര്‍
തിരുവനന്തപുരം: കായിക മന്ത്രി പറയുന്നത് വിവരക്കേടാണെന്നും കേരളത്തിന്റെ കായിക മേഖലയെക്കുറിച്ച് ധാരണയില്ലാത്തയാളാണ് വി. അബ്ദുറഹ്മാനെയും കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി. സുനിൽകുമാര്‍. കായിക സംഘടനകളിലുള്ളവരെ കള്ളന്മാരെന്ന് മന്ത്രി വിളിച്ചത് തെറ്റാണ്. ഹോക്കിക്ക് ബജറ്റിൽ 10 ലക്ഷം അനുവദിച്ചിട്ടും അഞ്ച് ലക്ഷമാണ് നൽകിയത്. പണം തരാതെ എങ്ങനെ പുട്ടടിക്കും. പണം നൽകാതിരുന്നിട്ടും അസോസിയേഷൻ 10 ലക്ഷം രൂപക്ക് താരങ്ങൾക്ക് പുതിയ ഹോക്കി സ്റ്റിക്ക് വാങ്ങി നൽകി. ബില്ല് ഹാജരാക്കാൻ തയാറാണ്. താൻ മദ്യപിക്കാറില്ല. അതുകൊണ്ട് നല്ല ബോധ്യത്തോടെയാണ് പറയുന്നത്. ഹാൻഡ് ബാൾ ഏത്, നെറ്റ് ബാൾ ഏത് എന്ന് ആറിയാത്തയാളാണ് മന്ത്രി.
ദേശീയ ഗെയിംസിൽ കളരി ഉൾപ്പെടുത്താൻ മന്ത്രി കത്തെഴുതിയതല്ലാതെ എന്ത് ചെയ്തെന്ന് പറയട്ടെ. കായികമേഖലക്കായി സർക്കാർ പണം അനുവദിക്കുന്നുണ്ടെങ്കിലും അത് കൃത്യസമയത്ത് ആവശ്യക്കാരിലെത്തിക്കാൻ കൗൺസിലിന് കഴിയുന്നില്ല. കായിക ഹോസ്റ്റലുകളിലെ കുട്ടികളുടെ ഭക്ഷണത്തിനുള്ള പണംപോലും കുടിശ്ശികയാണ്. നാലുവർഷമായി കായിക സംഘടനകൾക്ക് ഗ്രാന്റ് നൽകിയിട്ടില്ല. സ്പോർട്സ് ഹോസ്റ്റലുകളുടെ അവസ്ഥയും പരിതാപകരമാണ്. കായിക ഉപകരണങ്ങളും മതിയായ പരിശീലനവും നൽകുന്നില്ല. സ്പോർട്സ് കേരള ഫൗണ്ടേഷൻ വന്നതോടെ അസോസിയേഷനുകൾക്ക് സ്റ്റേഡിയങ്ങൾ സൗജന്യമായി ഉപയോഗിക്കാനാകാത്ത അവസ്ഥയാണെന്നും സുനിൽകുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു.
കൃത്യമായ ഇടപെടൽ നടത്തി- യു. ഷറഫലി
മലപ്പുറം: ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റിന്റെ ആരോപണങ്ങൾ ശരിയല്ലെന്നും സംസ്ഥാന സർക്കാറും സംസ്ഥാന സ്പോർട്സ് കൗൺസിലും കൃത്യമായ ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്നും യു. ഷറഫലി. 2024 ഡിസംബർ 11ന് എല്ലാ അസോസിയേഷനുകളുടെയും യോഗം വിളിച്ച് ദേശീയ ഗെയിംസിനായി ഒരുങ്ങാൻ നിർദേശം നൽകിയിരുന്നു. ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് മത്സര ഇനമായിരുന്നു. എന്നാൽ, ഇത്തവണ കളരിപ്പയറ്റിനെ മത്സരത്തിൽനിന്ന് ഒഴിവാക്കി. കൂടാതെ, പല സീനിയർ താരങ്ങളും അന്താരാഷ്ട്ര മത്സരങ്ങൾക്കും മറ്റുമായി മാറിനിന്നു. ജൂനിയർ താരങ്ങളാണ് കേരളത്തെ പ്രതിനിധാനം ചെയ്തത്. ജൂനിയർ താരങ്ങൾക്ക് അവസരം ലഭിക്കട്ടെയെന്ന് പലരും നിലപാടെടുത്തു. ഇവയെല്ലാം മങ്ങലേൽപിച്ചു.
മെഡൽനേട്ടത്തിൽ മുന്നിലുള്ള സർവീസസിൽ അധികവും മലയാളി താരങ്ങളാണെന്നത് അഭിമാനകരമാണെന്ന് ഷറഫലി വ്യക്തമാക്കി. എന്നാൽ, സർക്കാറിനും കൗൺസിലിനുമെതിരെ നിലപാട് സ്വീകരിക്കുന്ന കേരള ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ് ഹോക്കിയുടെ ചുമതലകൂടി വഹിക്കുന്നുണ്ട്. കഴിഞ്ഞ 10 വർഷമായി ഹോക്കിയിൽ കേരളത്തിന് എന്തു നേട്ടമുണ്ടായി എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹത്തിന്റെ ആരോപണത്തിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടോയെന്ന് സംശയമുണ്ടെന്നും ഷറഫലി പറഞ്ഞു.