ദേശീയപാത നിർമാണം വൈകരുത്; വീഴ്ച ആവർത്തിക്കരുത് -ഹൈകോടതി
text_fieldsകൊച്ചി: ദേശീയപാത നിർമാണം വൈകരുതെന്നും വീഴ്ചകൾ ആവർത്തിക്കരുതെന്നും ഹൈകോടതി. ദേശീയപാതയിൽ രാമനാട്ടുകര-വളാഞ്ചേരി മേഖലയിൽ സംരക്ഷണഭിത്തി ഇടിഞ്ഞ വിഷയം പരിഗണിക്കവേയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിർദേശം. ദേശീയപാത നിർമാണം എന്ന് പൂർത്തിയാകുമെന്ന് അറിയിക്കാനും സിംഗിൾബെഞ്ച് നിർദേശിച്ചു.
പാത നിർമാണം പൂർത്തിയാകുന്നത് സംബന്ധിച്ച് കൃത്യമായ സമയപരിധി അറിയിക്കാനാവില്ലെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു. രാമനാട്ടുകര-വളാഞ്ചേരി മേഖലയിൽ ഐ.ഐ.ടിയിൽനിന്നുള്ള വിദഗ്ധർ പരിശോധന നടത്തിയെന്നും വിശദമായ മറുപടി നൽകാൻ സമയം അനുവദിക്കണമെന്നും അതോറിറ്റി അറിയിച്ചു.
തുടർന്നാണ് വേഗം പൂർത്തിയാക്കണമെന്നും എന്ന് പൂർത്തിയാക്കാനാവുമെന്ന വിവരം രേഖാമൂലം അറിയിക്കണമെന്നും കോടതി നിർദേശിച്ചത്.