ദേശീയ മാസ്റ്റേഴ്സ് മീറ്റ്; ജൂഡോയിൽ സ്വർണത്തിളക്കവുമായി കണ്ണൻ
text_fieldsകായിക അധ്യാപകൻ പി. കണ്ണന് തിരൂർ റെയിൽവേ സ്റ്റേഷനിൽ നൽകിയ സ്വീകരണം
കൽപകഞ്ചേരി: ആയോധന കലയായ ജൂഡോയിൽ സ്വർണത്തിളക്കവുമായി കൽപകഞ്ചേരി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ കായിക അധ്യാപകൻ എറണാകുളം സ്വദേശി പാലത്തിങ്ങൽ കണ്ണൻ (38). ഫെബ്രുവരി 10ന് ഗോവയിൽ നടന്ന ദേശീയ മാസ്റ്റേഴ്സ് മീറ്റിൽ കേരളത്തെ പ്രതിനിധീകരിച്ച് 60 കിലോഗ്രാം വിഭാഗത്തിലാണ് 12 പേരെ പിന്തള്ളി ഇദ്ദേഹം സ്വർണം നേടിയത്. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള 112 പേരും കേരളത്തിൽനിന്ന് 27 പേരുമാണ് മത്സരിച്ചത്. 2014ൽ ദേശീയ യോഗ ഒളിമ്പ്യാഡ് മത്സരത്തിൽ കേരളത്തിനുവേണ്ടി ഇദ്ദേഹം വെള്ളി കരസ്ഥമാക്കിയിട്ടുണ്ട്.
കോവിഡ് കാലം ഒഴിച്ച് തുടർച്ചയായ അഞ്ച് വർഷം കൽപകഞ്ചേരി ജി.വി.എച്ച്.എസ്.എസ് ഉപജില്ല ജൂഡോ മത്സരത്തിൽ നേട്ടം കൈവരിച്ചിരുന്നു. കൂടാതെ ജില്ലതലത്തിൽ 78 ഓളം മെഡലുകളും സംസ്ഥാനതലത്തിൽ രണ്ട് വെങ്കലവും സ്കൂൾ സ്വന്തമാക്കി. ആനപ്പടിക്കൽ ട്രസ്റ്റ് ആണ് സ്കൂളിൽ ഇതിനുവേണ്ട ഭൗതിക സാഹചര്യങ്ങൾ ഒരുക്കിയത്. മെഡൽ നേടി ഗോവയിൽനിന്ന് തിരിച്ചെത്തിയ അധ്യാപകന് തിരൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. തിരൂർ നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സലാം, അധ്യാപകരായ ജിബി, സി.വി. ബഷീർ, അബ്ദുൽ നസീർ എന്നിവർ ചേർന്ന് സ്വീകരിച്ചു. 2025ൽ ചൈനയിൽ നടക്കുന്ന അന്തർദേശീയ മാസ്റ്റേഴ്സ് മീറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് 60 കിലോഗ്രാം വിഭാഗത്തിൽ പങ്കെടുക്കാനും ഇദ്ദേഹം യോഗ്യത നേടി. ഭാര്യ: അബിത (ഹോമിയോ ഡോക്ടർ). മക്കൾ: ദ്രാവിഡ്, അഥർവ്.