ബാലുശ്ശേരി ഹോമിയോപ്പതി ഡിസ്പെൻസറിക്ക് ദേശീയ അംഗീകാരം
text_fieldsകോക്കല്ലൂരിൽ പ്രവർത്തിക്കുന്ന ബാലുശ്ശേരി ഗവ. മാതൃക ഹോമിയോ ഡിസ്പെൻസറി
ബാലുശ്ശേരി: കോക്കല്ലൂരിൽ പ്രവർത്തിക്കുന്ന ബാലുശ്ശേരി ഗവ. മാതൃക ഹോമിയോപ്പതി ഡിസ്പെൻസറിക്ക് (ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ) ദേശീയ അംഗീകാരം. എൻ.എ.ബി.എച്ച് എൻട്രി ലെവൽ സർട്ടിഫിക്കേഷനാണ് ലഭിച്ചത്. മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങൾ, രോഗപ്രതിരോധ പ്രവർത്തനങ്ങൾ, പാലിയേറ്റിവ് പരിചരണം, യോഗപരിശീലനം, രജിസ്റ്ററുകളുടെ കൃത്യത എന്നിവ പരിഗണിച്ചാണ് അക്രഡിറ്റേഷൻ അനുവദിച്ചത്. 1995ലാണ് കോക്കല്ലൂർ ഗവ. ഹോമിയോ ഡിസ്പെൻസറി ആരംഭിച്ചത്. 2012ൽ മാതൃക ഡിസ്പെൻസറിയായും 2021ൽ ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററായും ഉയർത്തി. നാഷനൽ ആയുഷ് മിഷൻ, ബാലുശ്ശേരി ഗ്രാമപഞ്ചായത്ത്, ഹോമിയോപ്പതി വകുപ്പ് എന്നിവയുടെ നേതൃത്വത്തിലുള്ള സജീവ പ്രവർത്തനങ്ങളാണ് ആശുപത്രിയെ ഈ നേട്ടത്തിലേക്ക് നയിച്ചത്. മെഡിക്കൽ ഓഫിസർ ഡോ. കെ. തൻസ്വീറ, ഫാർമസിസ്റ്റ് ആർ. ജ്യോതി, ഓഫിസ് അറ്റൻഡന്റ് പി. ഷീന, യോഗ പരിശീലക ഡോ. എൻ.എസ്. ദിവ്യശ്രീ എന്നിവരുടെ കൂട്ടായ്മയാണ് സ്ഥാപനത്തെ നയിക്കുന്നത്. ജില്ലയിലെ ചെറുവണ്ണൂർ, തൂണേരി, നന്മണ്ട, കട്ടിപ്പാറ ഡിസ്പെൻസറികൾക്കും ദേശീയ അംഗീകാരം ലഭിച്ചിട്ടുണ്ട്.