എൻ.സി.പി: പവാറിനുമുന്നിൽ നിലപാട് കടുപ്പിക്കാൻ ഇരുപക്ഷവും
text_fieldsകോട്ടയം: എൻ.സി.പി സംസ്ഥാന ഘടകത്തിലെ പ്രതിസന്ധി പരിഹരിക്കാൻ ഈ മാസം 23ന് കേരളത്തിെലത്തുന്ന ദേശീയ അധ്യക്ഷൻ ശരത് പവാറിന് മുന്നിൽ നിലപാട് കടുപ്പിക്കാൻ ഇരുപക്ഷവും നീക്കമാരംഭിച്ചു. നിലവിൽ 10 ജില്ല കമ്മിറ്റികൾ തങ്ങൾക്കൊപ്പമാണെന്ന് ശശീന്ദ്രൻ വിഭാഗം അവകാശപ്പെടുന്നു.
പാലാ സീറ്റ് ലഭിച്ചില്ലെങ്കിലും ഇടതുമുന്നണിയിൽതന്നെ ഉറച്ചുനിൽക്കാനാണ് ശശീന്ദ്രൻ പക്ഷത്തിെൻറ തീരുമാനം. ഇതിനായി ജില്ല ഭാരവാഹികളെയും രംഗത്തിറക്കും. പാലാ അടക്കം നാല് സീറ്റാണ് എൻ.സി.പി ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിൽ മുന്നണി നേതൃത്വം നിലപാട് വ്യക്തമാക്കാത്തതും എൻ.സി.പിയെ കടുത്ത പ്രതിസന്ധിയിലാക്കുന്നുണ്ട്.
പാലായടക്കം നാല് സീറ്റ് ലഭിക്കുന്നില്ലെങ്കിൽ കടുത്ത നിലപാടെടുക്കുമെന്നായിരുന്നു കാപ്പൻ പക്ഷത്തിെൻറ മുന്നറിയിപ്പ്. ഇതിനായി ഇരുപക്ഷവും മുംബൈയിലെത്തി പവാറിനെ കണ്ടിരുന്നു. അതിനിടെ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം മാണി സി. കാപ്പനും ശശീന്ദ്രനും ചർച്ച നടത്തിയെങ്കിലും അലസിപ്പിരിഞ്ഞു.
പാലാ സീറ്റ് വിട്ടുനൽകില്ലെന്ന് മാണി സി. കാപ്പനും ഇടതുമുന്നണി വിടില്ലെന്ന് ശശീന്ദ്രനും നിലപാടെടുത്തു. ഇതോെട പാർട്ടി പിളർപ്പിെൻറ വക്കിലെത്തി. തുടർന്ന് പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രി ഇരുവരുമായും ചർച്ച നടത്തി. എന്നാൽ, ഇരുവരെയും പ്രത്യേകമായി കണ്ട മുഖ്യമന്ത്രി പാലാ സീറ്റിെൻറ കാര്യത്തിൽ ഉറപ്പൊന്നും നൽകിയില്ല. പാലാ സീറ്റ് ജോസ് പക്ഷത്തിന് നൽകിയാൽ ഇടതുമുന്നണിയില്‍ തുടരേണ്ടെന്ന പൊതുധാരണ പാര്‍ട്ടിക്കുള്ളിലുണ്ടെന്ന് കാപ്പൻ പക്ഷം വ്യക്തമാക്കിയിട്ടുണ്ട്.
എൻ.സി.പിയെ ഇടതുമുന്നണിയുടെ ഭാഗമാക്കി നിര്‍ത്താനുള്ള ശ്രമമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും അന്തിമ തീരുമാനം ദേശീയനേതൃത്വം എടുക്കട്ടെയെന്നും ഇപ്പോൾ കാപ്പൻപക്ഷം ചൂണ്ടിക്കാട്ടുന്നു. അതിനിടെ കാപ്പനും കൂട്ടരും നിലപാടിൽ അയവുവരുത്തിയതായുള്ള പ്രചാരണവും ശക്തമാണ്. പാലാക്ക് പകരം ജയസാധ്യതയുള്ള മറ്റൊരു സീറ്റോ രാജ്യസഭ സീേറ്റാ മതിയെന്നാണ് ആവശ്യം. ഇക്കാര്യത്തിലും ശരത് പവാർ തീരുമാനമെടുക്കും.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്നണിക്ക് ദോഷംവരുന്ന തീരുമാനങ്ങൾ ഉണ്ടാകരുതെന്നും നേതൃത്വം പവാറിനെ ധരിപ്പിച്ചിട്ടുണ്ട്. അതേസമയം പവാറുമായി മുഖ്യമന്ത്രിയും സീതാറാം െയച്ചൂരിയും കേരള വിഷയം ചർച്ച ചെയ്തിരുന്നെന്നും ഇതിെൻറ അടിസ്ഥാനത്തിലാണ് അദ്ദേഹം കേരളത്തിൽ എത്തുന്നതെന്നും ശശീന്ദ്രൻ പക്ഷത്തെ പ്രമുഖ നേതാവ് 'മാധ്യമ'ത്തോട് പറഞ്ഞു.
പാലാ സീറ്റ് യു.ഡി.എഫ് കാപ്പന് നൽകാൻ തയാറാണ്. കേരള കോൺഗ്രസ് ജോസഫ് പക്ഷത്തിന് അർഹതപ്പെട്ട സീറ്റ് വിട്ടുനൽകാൻ അവരും സന്നദ്ധരാണ്. അവരുടെ നിലപാടറിയാൻ കാത്തിരിക്കുകയാണെന്ന് പി.ജെ. ജോസഫും വ്യക്തമാക്കി.