എൻ.സി.പിയിൽ പൊട്ടിത്തെറി; മന്ത്രി എ.കെ. ശശീന്ദ്രൻ യോഗത്തിൽനിന്നും ഇറങ്ങിപ്പോയി
text_fieldsഎ.കെ. ശശീന്ദ്രൻ
തിരുവനന്തപുരം: എലത്തൂർ സീറ്റിനെച്ചൊയി എൻ.സി.പിയിൽ പൊട്ടിത്തെറി. മന്ത്രി എ.കെ. ശശീന്ദ്രൻ ഇത്തവണ മത്സരിക്കാതെ മാറിനിൽക്കണമെന്ന് പി.സി. ചാക്കോ ആവശ്യപ്പെട്ടതോടെ മന്ത്രിയും ഒരുവിഭാഗം നേതാക്കളും യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. ചർച്ച ഏകപക്ഷീയമാണെന്ന് ആരോപിച്ചായിരുന്നു മന്ത്രിയുടെ നടപടി. 11 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗമാണ് തിങ്കളാഴ്ച തിരുവനന്തപുരത്ത് വിളിച്ചത്.
എട്ടംഗങ്ങൾ ഹാജരായി. പി.സി. ചാക്കോ ഈ കമ്മിറ്റിലില്ല. അദ്ദേഹം വർക്കിങ് പ്രസിഡൻറ് എന്ന നിലയിൽ പങ്കെടുക്കുകയും ശശീന്ദ്രൻ മത്സരിക്കേണ്ടതില്ലെന്ന നിർദേശം മുന്നോട്ടുവെക്കുകയുമായിരുന്നു. ചാക്കോയുടെ യോഗത്തിലെ പങ്കാളിത്തം ചോദ്യംചെയ്ത ഒരു വിഭാഗം അദ്ദേഹം ഇറങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ടു. ഇതിന് തയാറാകാഞ്ഞതോടെയാണ് മന്ത്രിയടക്കം അഞ്ചംഗങ്ങൾ ഇറങ്ങിപ്പോയത്. ശരത് പവാറിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സിറ്റിങ് എം.എൽ.എമാർ രണ്ടുപേരും മത്സരിക്കട്ടെ എന്ന തീരുമാനമാണുണ്ടായതെന്ന് ശശീന്ദ്രൻ പക്ഷം പറയുന്നു.


