ഭാരതപ്പുഴയിൽ താലിമാല കാണാതായി; രണ്ടര മണിക്കൂർ മുങ്ങിത്തപ്പി കണ്ടെടുത്ത് നിഷാദ് വരവൂർ
text_fieldsവീട്ടമ്മയുടെ താലിമാല നിഷാദ് വരവൂർ ഭർത്താവ് രാജഗോപാലിന് നൽകുന്നു
ചെറുതുരുത്തി (തൃശൂർ): പുഴയിൽ നഷ്ടപ്പെട്ട രണ്ടര പവൻ താലിമാല മുങ്ങിയെടുത്ത് ഉടമയായ വീട്ടമ്മക്ക് തിരിച്ചുനൽകി മുങ്ങൽ വിദഗ്ധൻ നിഷാദ് വരവൂർ. കോതകുറിശ്ശി സ്വദേശിയായ രാജഗോപാലിന്റെ ഭാര്യയുടെ ആഭരണമാണ് നിഷാദിന്റെ രണ്ട് മണിക്കൂറിലേറെ നീണ്ട അധ്വാനത്തിനൊടുവിൽ തിരിച്ചുകിട്ടിയത്.
മാതാവിന്റെ നിര്യാണത്തെ തുടർന്നുള്ള ചടങ്ങിനായാണ് വീട്ടമ്മ ബുധനാഴ്ച രാവിലെ ആറരക്ക് ചെറുതുരുത്തി കൊച്ചിൻ പാലത്തിന് സമീപം എത്തിയത്. ചടങ്ങുകൾക്ക് ശേഷം മുങ്ങി കുളിച്ചുകയറിയപ്പോഴാണ് താലിമാല നഷ്ടപ്പെട്ട വിവരം അറിയുന്നത്. ബന്ധുക്കളും മറ്റും തിരച്ചിൽ നടത്തിയെങ്കിലും മാല ലഭിച്ചില്ല.
തുടർന്ന് പത്തരയോടെ എത്തിയ ഐസ്ക്രീം കച്ചവടക്കാരനും ലൈഫ് ഗാർഡുമായ ടി.എച്ച്. നിഷാദ് വരവൂർ രണ്ടര മണിക്കൂറോളം മുങ്ങിയും പൊങ്ങിയും നടത്തിയ തിരച്ചിലിന് ഒടുവിലാണ് സ്വർണ മാല തിരിച്ചുകിട്ടിയത്. ഏറെ നന്ദിയും കടപ്പാടും അറിയിച്ചാണ് രാജഗോപാലനും കുടുംബവും തിരിച്ചുപോയത്.