എല്ലാവരും നോക്കിനിൽക്കെ ഓടി വന്ന് അയൽവാസിയെ കുത്തിക്കൊന്നു; പ്രകോപനം വർഷങ്ങളായുള്ള വസ്തുതര്‍ക്കം
text_fieldsപാറശ്ശാല: ബന്ധുക്കളും താലൂക്ക് സർവേ ഉദ്യോഗസ്ഥരുമടക്കം നിരവധി പേർ നോക്കിനിൽക്കെ ഓടിവന്ന അയൽവാസി, മധ്യവയസ്കനെ കുത്തിക്കൊന്നു. കുളത്തൂര്‍ മാവിളക്കടവ് കുഴിവിള വീട്ടില്‍ ശശി(69)യെ ആണ് മാവിളക്കടവ് പൂവനം നിന്നവിള ചൈത്രത്തില്‍ സുനില്‍ ജോസ് (47) കുത്തിക്കൊന്നത്. വസ്തുതർക്കത്തിൽ താലൂക്ക് സർവേ ഉദ്യോഗസ്ഥർ അളവ് എടുക്കുന്നതിനിടെയാണ് സംഭവം.
പ്രതി സുനില്‍ ജോസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തമ്മില്‍ വര്‍ഷങ്ങളായി വസ്തുതര്‍ക്കം നിലനില്‍ക്കുന്നുണ്ട്. താലൂക്ക് സര്‍വേ വകുപ്പിൽ ഇരുവരും പരാതി നല്‍കിയിരുന്നു. ഇരുവരുടെയും വസ്തുക്കള്‍ അളന്നു തിട്ടപ്പെടുത്തുന്നതിന് താലൂക്ക് സര്‍വേ ഓഫിസില്‍നിന്ന് ഇന്നലെ രാവിലെ ഉദ്യോഗസ്ഥർ എത്തിയിരുന്നു. അളവ് നടക്കുന്നതിനിടെയാണ് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്.
സുനില്‍ ജോസഫ് അതിക്രമിച്ച് നിര്‍മിച്ച മതില്‍ പൊളിക്കുന്നത് സംബന്ധിച്ച് സംസാരിച്ച് നില്‍ക്കുന്നതിനിടെയാണ് കത്തിയുമായി ഓടി വന്ന് ശശിയെ കുത്തിയത്. ഉടന്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
വസ്തുതര്‍ക്കം സംബന്ധിച്ച പരാതികള്‍ നേരത്തെ ലഭിച്ചിട്ടുണ്ടെന്ന് പൊഴിയൂർ പൊലീസ് പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.