മാളയിൽ ആറ് വയസുകാരനെ കൊന്നത് അയൽവാസി; പീഡനം ചെറുത്തതിന് കുളത്തിൽ മുക്കി കൊലപ്പെടുത്തിയെന്ന് പൊലീസ്, അറസ്റ്റിൽ
text_fieldsകൊല്ലപ്പെട്ട കുട്ടി, അറസ്റ്റിലായ ജോജോ
തൃശ്ശൂർ: തൃശ്ശൂർ മാളയിൽ കാണാതായ ആറ് വയസുകാരനെ അയൽവാസിയായ യുവാവ് കുളത്തിൽ മുക്കി കൊലപ്പെടുത്തിയതാണെന്ന് പൊലീസ്. താനിശ്ശേരി സെന്‍റ് സേവ്യേഴ്സ് സ്കൂള്‍ യു.കെ.ജി വിദ്യാർഥി ആബേല്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രദേശവാസിയായ ജോജോ (20) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ വൈകീട്ട് 6.20 മുതലാണ് കുട്ടിയെ കാണാതായത്. വീടിനു സമീപത്ത് സ്വർണ്ണപള്ള പാടശേഖരത്തിന് സമീപമുള്ള റോഡിന്റെ ഭാഗത്ത് നിന്നാണ് കാണാതായത്. നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തുന്നതിനിടെ, കുട്ടി കുളത്തിൽ ചാടുന്നത് കണ്ടുവെന്ന് പ്രതി പറഞ്ഞതോടെ കുളം പരിശോധിക്കുകയായിരുന്നു. ഇവിടെനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇയാൾ കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചുവെന്നും കുട്ടി എതിർത്തതിനെ തുടർന്ന് കുളത്തിൽ മുക്കിക്കൊല്ലുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ചോദ്യംചെയ്യലിൽ കുട്ടിയെ കുളത്തിൽ തള്ളിയിട്ടെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി. മോഷണക്കേസ് പ്രതി കൂടിയാണ് ജോജോ.
കുട്ടിയുടെ വീട്ടിൽ നിന്ന് 100 മീറ്റർ അകലെയാണ് കുളം സ്ഥിതി ചെയ്യുന്നത്. കുളത്തിന്റെ കരയിലിരുന്ന് ചൂണ്ടയിടുകയായിരുന്നു ജോജോ കുട്ടിയെ പ്രലോഭിപ്പിച്ച് ഇവിടെ കൊണ്ടുവന്നു. പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചപ്പോൾ കുട്ടി എതിർക്കുകയും അമ്മയോട് പറയുമെന്ന് കരയുകയും ചെയ്തു. ഇതേതുടർന്നാണ് കൊലപ്പെടുത്തിയതത്രെ. നാട്ടുകാർ തെരച്ചില്‍ നടത്തുമ്പോൾ ജോജോയും ഒപ്പം കൂടിയിരുന്നു. പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് ജോജോയെ ചോദ്യം ചെയ്തപ്പോഴാണ് കുട്ടി കുളത്തിൽ ചാടുന്നത് കണ്ടതായി പറഞ്ഞത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അപ്പോഴേക്കും കാണാതായി മൂന്നു മണിക്കൂർ പിന്നിട്ടിരുന്നു. മൃതദേഹം മാള ആശുപത്രിയിലേക്ക് മാറ്റി. പ്രതിയെ ഇന്ന് തെളിവെടുപ്പിന് എത്തിക്കും.