വേട്ടയാടുന്ന ഓർമകളുമായി അതുല്യയും അഖിലയും മടങ്ങി, അമ്മയുടെ തറവാട്ടിലേക്ക്
text_fieldsഅതുല്യയും അഖിലയും
നെന്മാറ (പാലക്കാട്): അച്ഛനും അമ്മയും മുത്തശ്ശിയുമില്ലാത്ത വീട്ടിൽനിന്ന് നീറുന്ന മനസ്സോടെ അവർ മടങ്ങി. പോത്തുണ്ടിയിൽ കൊല്ലപ്പെട്ട സുധാകരന്റെ മക്കളായ അതുല്യയും അഖിലയുമാണ് തിരുത്താമ്പാടം ബോയൻനഗറിലെ വീട് ഉപേക്ഷിച്ച് അമ്മ അജിതയുടെ കുഴൽമന്ദം ചിതലിയിലെ വീട്ടിലേക്ക് മടങ്ങിയത്. അയൽവാസിയുടെ വീട്ടിലാണ് രണ്ടു ദിവസമായി ഇവർ താമസിച്ചിരുന്നത്. അഖിലയും അച്ഛനും അമ്മയും താമസിച്ചിരുന്ന വീടിനു പുറമെ മുത്തശ്ശി താമസിച്ചിരുന്ന വീടും ഇനി പൂർണമായി അടഞ്ഞുകിടക്കും. രാഷ്ട്രീയപ്രവർത്തകരും ഉദ്യോഗസ്ഥരും നാട്ടുകാരുമെല്ലാമെത്തി ഇരുവരെയും ആശ്വസിപ്പിച്ചിരുന്നു. അച്ഛന്റെയും അമ്മയുടെയും ഘാതകന് അർഹമായ ശിക്ഷ ലഭിക്കുമെന്ന വിശ്വാസത്തോടെയാണ് ഇവരുടെ മടക്കം.
പ്രതി ചെന്താമരയെ തൂക്കിലേറ്റണമെന്നും അമ്മയുടെ കൊലപാതകശേഷം പൊലീസ് സജീവമായി ഇടപെട്ടിരുന്നെങ്കിൽ അച്ഛന്റെയും മുത്തശ്ശിയുടെയും കൊലപാതകം നടക്കുമായിരുന്നില്ലെന്നും അഖില പറഞ്ഞിരുന്നു.
കോടതി ഇനിയെങ്കിലും ജാമ്യം അനുവദിക്കാതെ ഉടൻ നിയമനടപടികൾ പൂർത്തീകരിച്ച് ശിക്ഷ നടപ്പാക്കണമെന്നാണ് അഖിലയുടെ ആവശ്യം. തെളിവെടുപ്പിനായി പ്രതിയെ രണ്ടു ദിവസത്തിനകം നാട്ടിലേക്ക് കൊണ്ടുവരുമെന്ന് അഭ്യൂഹമുണ്ടെങ്കിലും ജനങ്ങളുടെ പ്രതിഷേധം മുന്നിൽകണ്ട് രഹസ്യസ്വഭാവത്തിൽ തെളിവെടുപ്പിനുള്ള തയാറെടുപ്പിലാണ് പൊലീസ്.