Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘അയ്യേ…. നാണമില്ലേ...

‘അയ്യേ…. നാണമില്ലേ ഇങ്ങനെ മുട്ടിലിഴയാൻ...?’ -വെള്ളാപ്പള്ളിയുടെ പേര് പറയാതെയുള്ള സി.പി.എം പ്രസ്താവനക്കെതിരെ പരിഹാസവുമായി നെറ്റിസൺസ്

text_fields
bookmark_border
‘അയ്യേ…. നാണമില്ലേ ഇങ്ങനെ മുട്ടിലിഴയാൻ...?’ -വെള്ളാപ്പള്ളിയുടെ പേര് പറയാതെയുള്ള സി.പി.എം പ്രസ്താവനക്കെതിരെ പരിഹാസവുമായി നെറ്റിസൺസ്
cancel

കോഴിക്കോട്: നിരന്തരം വർഗീയ പരാമർശങ്ങൾ നടത്തുന്ന എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളിയുടെ പേര് പറയാതെയുള്ള സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ പ്രസ്താവനക്കെതിരെ പരിഹാസവുമായി നെറ്റിസൺസ്. ഇന്നലെ സി.പി.എം കേരള ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ച പ്രസ്താവനക്ക് താഴെ നിരവധി പേരാണ് പരിഹസിച്ച് കമന്‍റ് ചെയ്തിരിക്കുന്നത്.

ഏഴാംകൂലിയെ പേടിക്കുന്ന ഈ പാർട്ടിയാണോ സംഘപരിവാറിനോട് പോരാടാൻ ഇറങ്ങുന്നതെന്ന് അഡ്വ. ഹരീഷ് വാസുദേവൻ കമന്‍റിലൂടെ ചോദിക്കുന്നു. അയ്യേ…. നാണമില്ലേ ഇങ്ങനെ മുട്ടിലിഴയാൻ?? വെള്ളാപ്പള്ളിയെ പോലൊരു ഇസ്പെഡ് ഏഴാംകൂലിയെ പേടിക്കുന്ന ഈ പാർട്ടിയാണോ സംഘപരിവാറിനോട് പോരാടാൻ ഇറങ്ങുന്നത്?? മതവിദ്വേഷം വളർത്തുന്ന വാക്കുകളും hate സ്പീച്ചും ക്രിമിനൽ കുറ്റമാണ്. കേസെടുക്കാനുള്ള ഉത്തരവാദിത്തം പോലീസിനുണ്ട്. സി.പി.എം ഇത് ആവശ്യപ്പെടുമോ? പോലീസ് കേസെടുക്കുമോ? -ഹരീഷ് വാസുദേവൻ കമന്‍റ് ചെയ്തു.

സിപിഎം ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷ നിലപാട് തെളിമയോടെ പറയാൻ പാർടി തയ്യാറാവുകയാണ് ചെയ്യേണ്ടത്, വെള്ളാപ്പള്ളിയുടെ പേരെടുത്ത് സഖാവ് Mസ്വരാജ് വിമർശിച്ചിട്ടുണ്ട് ... അത്തരം വിമർശനങ്ങളാണ് മതനിരപേക്ഷ കേരളം പ്രതീക്ഷിക്കുന്നത്..., പേര് പറയാൻ സി.പി.എമ്മിനു ഭയമാണോ എന്നെല്ലാം കമന്‍റുകളിൽ നെറ്റിസൺസ് ചോദിക്കുന്നു.

സി.പി.എം പ്രസ്താവന വെള്ളാപ്പള്ളിയെ തള്ളുകയും കൊള്ളുകയും ചെയ്യാതെ

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനെ തള്ളുകയും കൊള്ളുകയും ചെയ്യാതെയാണ് ഇന്നലെ സി.പി.എം പ്രസ്താവനയിറക്കിയത്. വെള്ളാപ്പള്ളിയോടുള്ള സമീപനത്തിലെ ഭിന്നത പ്രകടമാക്കി സംസ്ഥാന സെക്രട്ടേറിയറ്റ്​ അംഗങ്ങൾ തന്നെ വിരുദ്ധാഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തു. സാഹോദര്യാന്തരീക്ഷം തകർക്കുന്നതാണ്​ ​​വെള്ളാപ്പള്ളിയുടെ പ്രസ്താവനയെന്ന്​ വിമർശിച്ച്​ പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശനടക്കം പ്രമുഖർ രംഗത്തുവന്നപ്പോഴാണ്​ സി.പി.എമ്മും ഇടതു മുന്നണിയും ശക്​തമായ നിലപാട്​ സ്വീകരിക്കാത്തത്. ഇത്​ നേതാക്കൾക്കിടയിലും മുറുമുറുപ്പുണ്ടാക്കിയിട്ടുണ്ട്​​​.

യമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെക്കാൻ ഇടപെട്ടതിന്​ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കഴിഞ്ഞ ദിവസം നേരിൽ അഭിനന്ദിച്ച കാന്തപുരം എ.പി. അബൂബക്കർ മുസ്​ലിയാരെ പേരെടുത്ത്​ പറഞ്ഞായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശങ്ങൾ​​. എന്നിട്ടും വെള്ളാപ്പള്ളിയുടെ പേരുപോലും പരാമർശിക്കാതെ ‘ജാഗ്രത പാലിച്ചുള്ള’ പ്രസ്താവനയാണ്​ സി.പി.എം സെക്രട്ടേറിയറ്റ്​ പുറത്തിറക്കിയത്​.

‘കേരളത്തിന്‍റെ മതനിരപേക്ഷ സംസ്കാരത്തിന് പോറലേൽപ്പിക്കുന്ന ഇടപെടൽ ആരിൽ നിന്നുണ്ടായാലും അതിനെതിരെ ജാഗ്രത പുലർത്തണം. മതങ്ങളുടെ സാരം ഏകമെന്ന് പ്രഖ്യാപിച്ച ശ്രീനാരായണ ഗുരു സ്ഥാപിച്ച എസ്.എൻ.ഡി.പി മതനിരപേക്ഷത സംരക്ഷിക്കുന്ന നിലപാട്​ സ്വീകരിച്ചാണ് മുന്നോട്ടുപോവേണ്ടത്. ഏതൊരു ജനവിഭാഗത്തിന്‍റെ പ്രശ്നങ്ങൾ ആർക്കും അവതരിപ്പിക്കാം. എന്നാൽ അത് മതവൈര്യമുണ്ടാക്കുന്ന തരത്തിലാവരുത്​’ എന്നായിരുന്നു സെക്രട്ടേറിയറ്റിന്‍റെ പ്രസ്താവന.

വെള്ളാപ്പള്ളിയെ പുകഴ്ത്തി​ ആദ്യം രംഗത്തുവന്നത്​ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്​ അംഗം കൂടിയായ മന്ത്രി വി.എൻ. വാസവനാണ്​. വെള്ളാപ്പള്ളിയുടേത്​ ഉത്തരവാദിത്വ ബോധത്തിലൂന്നിയ പ്രവർത്തനമെന്നും നിർഭയമായി അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നു​വെന്നുമായിരുന്നു മന്ത്രിയുടെ പ്രശംസ. എന്നാൽ വാസവനെ തള്ളിയാണ്​ സംസ്ഥാന സെക്രട്ടേറിയറ്റ്​ അംഗം എം. സ്വരാജ്​ പരസ്യ നിലപാട്​ പ്രഖ്യാപിച്ചത്​. പ്രസ്താവന നിരുത്തരവാദപരമെന്നും ശ്രീനാരായണഗുരുവും എസ്.എൻ.ഡി.പി യോഗവും ഉയർത്തിപ്പിടിച്ച മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും കേരളം തള്ളിക്കളയും എന്നുമാണ്​ സ്വരാജ്​ ഫേ​സ്​ബുക്കിൽ കുറിച്ചത്​. പ്രസ്താവന ശ്രീനാരായണീയ മൂല്യങ്ങൾക്ക് നിരക്കാത്തതും മതനിരപേക്ഷത ദുർബലപ്പെടുത്തുന്നതുമാണെന്ന് പറഞ്ഞ്​ സംസ്ഥാന കമ്മിറ്റി അംഗം ടി.വി. രാജേഷും രംഗത്തുവന്നു.

Show Full Article
TAGS:Vellappally Natesan CPIM 
News Summary - Netizens mock CPM's statement without mentioning Vellappally natesan's name
Next Story