‘നീറ്റ്’ ഉൾപ്പെടെ ദേശീയ പരീക്ഷകളിലെ ക്രമക്കേട് തടയാൻ പുതിയ സമിതികൾ
text_fieldsതിരുവനന്തപുരം: മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് (യു.ജി) ഉൾപ്പെടെയുള്ള ദേശീയ പ്രവേശന പരീക്ഷകളിൽ ചോദ്യപേപ്പർ ചോർച്ച തടയാൻ ഇനി സംസ്ഥാന, ജില്ലതലങ്ങളിൽ പ്രത്യേക മേൽനോട്ട സമിതികൾ. കേന്ദ്രസർക്കാർ നിർദേശപ്രകാരം സംസ്ഥാനതല സമിതി രൂപവത്കരിച്ച് സർക്കാർ ഉത്തരവായി.
കോളജ് വിദ്യാഭ്യാസ ഡയറക്ടർ കെ. സുധീർ അധ്യക്ഷനായ സമിതിയിൽ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി മനോജ് എബ്രഹാം, നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) അസിസ്റ്റന്റ് ഡയറക്ടർ മൊഹിത് ഭരദ്വാജ്, എൻ.ഐ.സി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. സുചിത്ര പ്യാരേലാൽ, സംസ്ഥാന പ്രവേശന പരീക്ഷ കമീഷണർ ഡോ. അരുൺ എസ്. നായർ എന്നിവർ അംഗങ്ങളാണ്. നേരത്തെ സംസ്ഥാന സർക്കാറുകളുമായി ബന്ധപ്പെടാതെ സി.ബി.എസ്.ഇ സ്കൂളുകളെ ഉപയോഗിച്ചായിരുന്നു എൻ.ടി.എ പരീക്ഷ നടത്തിയിരുന്നത്.
കഴിഞ്ഞവർഷം നീറ്റ് പരീക്ഷയുടെ ചോദ്യം ചോരുകയും സുപ്രീംകോടതിയുടെ രൂക്ഷവിമർശനം നേരിടുകയും ചെയ്ത സാഹചര്യത്തിൽ കേന്ദ്രസർക്കാർ നിയോഗിച്ച ഉന്നതതലസമിതി സുഗമമായ പരീക്ഷ നടത്തിപ്പിനായി സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തി സംസ്ഥാന, ജില്ല ഭരണസംവിധാനങ്ങളുടെ ശൃംഖല രൂപപ്പെടുത്തണമെന്ന് നിർദേശിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് നീറ്റ് യു.ജി, ജെ.ഇ.ഇ (മെയിൻ), സി.യു.ഇ.ടി, യു.ജി.സി -നെറ്റ് തുടങ്ങി എൻ.ടി.എയുടെ പ്രവേശന പരീക്ഷ നടത്തിപ്പിനായി സഹകരണം തേടി കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം സെക്രട്ടറി ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചത്. ഇതേതുടർന്നാണ് സർക്കാർ സംസ്ഥാനതല സമിതി രൂപവത്കരിച്ചത്.
പരീക്ഷ നടത്തിപ്പിലെ ഏകോപനം, മേൽനോട്ടം, സുതാര്യവും സുരക്ഷിതവുമായ പരീക്ഷ നടത്തിപ്പ് എന്നിവ ഉറപ്പുവരുത്തൽ സമിതിയുടെ ചുമതലയായിരിക്കും. പരീക്ഷ നടത്തിപ്പിന് ചീഫ് സെക്രട്ടറി, ഡി.ജി.പി, എൻ.ടി.എ ഡയറക്ടർ ജനറൽ എന്നിവർക്കിടയിൽ ഹോട്ട്ലൈൻ സംവിധാനം സമിതി രൂപപ്പെടുത്തണം.
ചോദ്യപേപ്പർ ചോർച്ച നടത്തുന്ന മാഫിയകളുടെ അവിശുദ്ധബന്ധം തകർക്കുന്നതിനാവശ്യമായ തന്ത്രങ്ങൾ സമിതി രൂപവത്കരിക്കണം. സംസ്ഥാനതല സമിതി ജില്ല സമിതികൾക്ക് രൂപം നൽകണം. ജില്ലതല സമിതികൾക്ക് വ്യക്തമായ നിർദേശങ്ങൾ നൽകി ക്രമക്കേടില്ലാത്ത പരീക്ഷ നടത്തിപ്പ് സമിതി ഉറപ്പാക്കണം.
ഓരോ പരീക്ഷ നടത്തിപ്പിനു ശേഷവും ജില്ലതല സമിതികളുടെ പ്രവർത്തനം സമിതി വിലയിരുത്തണം. ജില്ലതല സമിതികളുടെ റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തി സംസ്ഥാനതല സമിതി എൻ.ടി.എക്ക് ശിപാർശ സമർപ്പിക്കണം.