സോളാറിലെ പുതിയ നിയമം; സർക്കാർ നിലപാട് നിർണായകം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സോളാർ വൈദ്യുതോൽപാദന രംഗത്ത് മാറ്റങ്ങൾ നിർദേശിക്കുന്ന പുനരുപയോഗ ഊർജ ചട്ടഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമായതോടെ വിഷയം സർക്കാർ ഗൗരവമായി പരിശോധിക്കുന്നു. പ്രശ്നത്തിൽ ഇടപെടണമെന്ന് അഭ്യർഥിച്ച് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകിയതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്തെത്തി. പുതിയ ചട്ടം പാരമ്പര്യേതര ഊര്‍ജ സംവിധാനത്തിന്റെ നടുവൊടിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയ സതീശൻ, സോളാര്‍ പ്ലാന്റുകളെല്ലാം പൂട്ടേണ്ട അവസ്ഥയാണ് ഉണ്ടാവുകയെന്ന് മുന്നറിയിപ്പ് നൽകി.
പ്ലാന്റുകളിൽ ബാറ്ററി വേണമെന്ന നിര്‍ദേശം അഴിമതിക്ക് വേണ്ടിയാണെന്ന സംശയവും പ്രതിപക്ഷം ഉയർത്തുന്നു. കമ്പനികളിൽ നിന്നും ബാറ്ററി വാങ്ങാൻ അവസരമൊരുക്കുന്നതിൽ അഴിമതി മണക്കുന്നുവെന്നാണ് ആരോപണം. സംസ്ഥാനത്തെ സൗരോർജ ഉൽപാദനം വർധിപ്പിക്കാൻ വിവിധ പദ്ധതികൾ നടപ്പാക്കുമെന്ന് സർക്കാർ ആവർത്തിക്കുമ്പോഴാണ് റഗുലേറ്ററി കമീഷന്റെ നയങ്ങൾ ഇതിന് തടസ്സമാവുന്നതെന്ന് ഊർജമേഖലയുമായി ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ മാർച്ച് വരെ 215188 സൗരോർജ പ്ലാന്റുകൾ സംസ്ഥാനത്തുണ്ട്. സൗരോർജ ഉൽപാദനം ഇനിയും ഉയരാനാണ് സാധ്യത. ഇത് മുന്നിൽക്കണ്ടാണ് ‘വെഹിക്കിൾ ടു ഗ്രിഡ്’ ഉൾപ്പെടെയുള്ള നൂതന സാധ്യതകളടക്കം വിദശമായി പ്രതിപാദിച്ചുള്ള കരട് നയമെന്നാണ് റഗുലേറ്ററി കമീഷൻ വാദം. എന്നാൽ, നിലവിലെ നെറ്റ് മീറ്ററിങ് രീതിയിൽ വരുന്ന മാറ്റം അംഗീകരിക്കാനാകില്ലെന്നാണ് ഉൽപാദകരുടെ നിലപാട്. അതേസമയം, പകൽ സമയത്ത് സോളാർ ഉൽപാദകർ ഗ്രിഡിലേക്ക് നൽകുന്ന വൈദ്യുതിക്ക് പകരം വിലകൂടിയ വൈദ്യുതി രാത്രി തിരികെ കൊടുക്കുന്നത് വലിയ സാമ്പത്തിക ബാധ്യതയാണെന്ന കെ.എസ്.ഇ.ബി വാദവും റഗുലേറ്ററി കമീഷൻ പരിശോധിക്കുന്നുണ്ട്.
ഇത്തരത്തിൽ വിലകൂടിയ വൈദ്യുതി സോളാർ ഉൽപാദകർക്ക് നൽകുന്നതിലൂടെയുണ്ടാകുന്ന അധികബാധ്യത അടിക്കടിയുള്ള വൈദ്യുതി നിരക്ക് വർധനയിലൂടെ സോളാർ ഉപയോഗിക്കാത്ത വലിയൊരു ശതമാനം സാധാരണ ഉപഭോക്താക്കളുടെ ചുമലിലേക്ക് എത്തുന്ന രീതിയിൽ മാറ്റം വേണമെന്ന ആവശ്യവും ഉയരുന്നു. കെ.എസ്.ഇ.ബിയിലെ ഭരണപക്ഷാനുകൂല സംഘടനകളടക്കം കരട് ഭേദഗതിയെ അനുകൂലിക്കുമ്പോൾ ഇക്കാര്യത്തിൽ എന്ത് നിലപാടെടുക്കുമെന്ന ആശയക്കുഴപ്പം ഊർജവകുപ്പിനും സർക്കാറിനുമുണ്ട്.
ഉചിത മാറ്റം വരുത്തും -കമീഷൻ
പുനരുപയോഗ ഊർജ ചട്ടഭേദഗതി സംബന്ധിച്ച തെളിവെടുപ്പിൽ ഉയരുന്ന അഭിപ്രായങ്ങൾ പരിഗണിച്ച് ഉചിത മാറ്റങ്ങൾ വരുത്തിയാകും അന്തിമ ചട്ടം പുറത്തിറക്കുകയെന്ന് വൈദ്യുതി റഗുലേറ്ററി കമീഷൻ ചെയർമാൻ ടി.കെ. ജോസ്. ആദ്യ ദിവസത്തെ തെളിവെടുപ്പിനൊടുവിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഓൺലൈൻ തെളിവെടുപ്പിന് പുറമേ രേഖാമൂലം അഭിപ്രായങ്ങളും നിർദേശങ്ങളും അയക്കാൻ 14 വരെ സൗകര്യമുണ്ടാകുമെന്നും ചെയർമാൻ അറിയിച്ചു.
‘കരട് നയങ്ങൾ സോളാറിനെ ഇരുട്ടിലാക്കും’
തെളിവെടുപ്പിൽ ആഞ്ഞടിച്ച് ഉൽപാദകർ
സോളാർ വൈദ്യുതോൽപാദന രംഗത്ത് മാറ്റങ്ങൾ നിർദേശിക്കുന്ന പുനരുപയോഗ ഊർജ ചട്ടഭേദഗതിയുടെ തെളിവെടുപ്പിൽ റഗുലേറ്ററി കമീഷനെയും കെ.എസ്.ഇ.ബിയെയും വിമർശിച്ച് ഉൽപാദകർ. സോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്ന സംരംഭകരും പുരപ്പുറ സൗരോർജ പ്ലാന്റുകൾ സ്ഥാപിച്ച ഗാർഹിക ഉൽപാദകരുമടക്കം കരട് ചടങ്ങളിലെ പരിഷ്കാരങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. രാജ്യത്താകെ സൗരോർജത്തിന് പ്രധാന്യം നൽകുമ്പോൾ കേരളത്തിലെ സോളാർ മേഖലയെ ഇരുട്ടിലാക്കുന്ന നിർദേശങ്ങൾ പ്രാവർത്തികമാക്കരുതെന്ന അഭിപ്രായമാണ് പൊതുവേ ഉയർന്നത്.
നെറ്റ് മീറ്ററിങ് പരിമിതപ്പെടുത്തുന്നതും ഗ്രിഡ് സപ്പോർട്ട് ചാർജ് ഈടാക്കുന്നതുമടക്കം കരട് നിർദേശങ്ങൾ കേരളത്തിലെ പുരപ്പുറ സൗരോർജ ഉൽപാദനത്തെ പിന്നോട്ടടിക്കുമെന്ന് തെളിവെടുപ്പിൽ പങ്കെടുത്തവർ കമീഷന്റെ ശ്രദ്ധയിൽപെടുത്തി. നിലവിലെ രണ്ട് ലക്ഷത്തോളം ഉൽപാദകരെ കരടിലെ നിർദേശങ്ങൾ ബാധിക്കില്ലെന്ന് പറയുമ്പോഴും ആശങ്ക മാറുന്നില്ല. പുതുതായി പ്ലാന്റ് സ്ഥാപിക്കുന്ന സംരംഭകർ ഈ രംഗത്തേക്ക് കടന്നുവരാൻ മടിക്കുന്നതിന് പുറമേ വീടുകളിൽ പ്ലാന്റുകൾ സ്ഥാപിക്കാൻ ഉപഭോക്താക്കളും താൽപര്യം കാണിക്കില്ല.
വീടുകളിൽ ഉൽപാദിപ്പിക്കുന്ന സോളാർ വൈദ്യുതി വീലിങ്വഴി ചെറുകിട കച്ചവട സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്നതിന് പോലും നിയന്ത്രണം വരുന്നത് തിരിച്ചടിയാണെന്ന് ഉൽപാദക പ്രതിനിധികൾ ചൂണ്ടിക്കാട്ടി. ഗ്രിഡിലേക്ക് നൽകുന്ന വൈദ്യുതിക്ക് മാന്യമായ വില നൽകാത്ത സാഹചര്യത്തിൽ പുതിയ നയങ്ങൾകൂടി നടപ്പാക്കാൻ ശ്രമിക്കുന്നത് ആശങ്ക വർധിപ്പിക്കുമെന്ന വിമർശനവുമുയർന്നു. കരട് രേഖ വായിച്ചാൽ റഗുലേറ്ററി കമീഷൻ കെ.എസ്.ഇ.ബിക്ക് മാത്രമായി പ്രവർത്തിക്കുകയാണെന്ന് തോന്നുമെന്ന ആരോപണവും ഉയർന്നു. നാല് ദിവസത്തെ ഓൺലൈൻ തെളിവെടുപ്പിൽ ആദ്യത്തേതാണ് ചൊവ്വാഴ്ച നടന്നത്.