ഈശ്വരാ, ഇതെന്തൊരു ടെസ്റ്റ്!
text_fieldsകോട്ടയം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് കഠിന പരീക്ഷണമായെന്ന് കണക്കുകൾ. ഇതോടെ ലൈസൻസ് കിട്ടുന്നവരുടെ എണ്ണം കുറഞ്ഞു. ഇ-വാഹൻ സോഫ്റ്റ്വെയറിലെ ‘സാരഥി’ ഡാഷ് ബോർഡിൽ നിന്നാണ് ഇത് വ്യക്തമാകുന്നത്. ഒരു ബാച്ചിൽ 40 പേർ ടെസ്റ്റിന് വന്നാൽ പത്തിൽ താഴെ പേർ മാത്രമാണ് പാസാകുന്നത്. ആഴ്ചയിൽ എല്ലാ ദിവസവും ഡ്രൈവിങ് ടെസ്റ്റില്ല. ടെസ്റ്റിന് ഡേറ്റ് ചോദിക്കുന്നവർക്ക് കിട്ടാത്ത സാഹചര്യമുണ്ടെന്നും ആക്ഷേപമുണ്ട്.
എച്ചിന്റെ, എട്ടിന്റെ പണി
മുമ്പ് എച്ച്, എട്ട് എന്നിവ എടുക്കുമ്പോഴായിരുന്നു പലരും ഡ്രൈവിങ് ടെസ്റ്റ് തോറ്റിരുന്നതെങ്കിൽ ഇപ്പോൾ മിക്കവരുടെയും തോൽവി റോഡ് ടെസ്റ്റിലാണ്. ഇതിൽ ഉദ്യോഗസ്ഥരുടെ അവിഹിത ഇടപെടലുണ്ടോ എന്ന് പലരും സംശയം പറയുന്നുണ്ട്. കാരണം ഡ്രൈവിങ് ടെസ്റ്റിലെ തോൽവി പല ഡ്രൈവിങ് സ്കൂളുകൾക്കും ചാകരയാണ്. ആദ്യ തോൽവിയോടെ ഫീസ് വാങ്ങിയുള്ള പഠനം അവസാനിക്കും. പിന്നീട് മണിക്കൂറിന് 400 രൂപ വെച്ച് ഈടാക്കിയാണ് പഠിപ്പിക്കലെന്നും ആക്ഷേപമുണ്ട്. ഡ്രൈവിങ് സ്കൂളുകൾക്ക് നിലനിൽക്കാനുള്ള തന്ത്രമായി ഡ്രൈവിങ് ടെസ്റ്റിനെ മാറ്റുന്നെന്ന ആക്ഷേപവും ശക്തമാണ്.
‘ലൈസൻസിങ് രീതിയാണ് കാരണം’
ലൈസൻസ് നൽകുന്ന രീതിയിൽ മാറ്റം വന്നതാണ് ഡ്രൈവിങ് പരീക്ഷയിൽ പലരും തോൽക്കാൻ കാരണമെന്ന് മോട്ടോർ വാഹന വകുപ്പ് വൃത്തങ്ങൾ പറഞ്ഞു.
വെഹിക്കിൾ ഇൻസ്പെക്ടർമാർ മുമ്പ് ചെയ്തിരുന്ന പല ജോലികളും പുതിയ ഗതാഗത നിയമപ്രകാരം ഇല്ലാതായി. ആ സാഹചര്യത്തിൽ അവരുടെ ഇപ്പോഴത്തെ പ്രധാന ജോലി ഡ്രൈവിങ് ടെസ്റ്റായി മാറിയിട്ടുമുണ്ട്. ഡ്രൈവിങ് ടെസ്റ്റ് നടത്താൻ ‘അക്രെഡിറ്റഡ് ഡ്രൈവർ ട്രെയിനിങ് സെന്ററുകൾ’ ആരംഭിക്കണമെന്ന കേന്ദ്ര നിർദേശം ഇത് വരെ നടപ്പായിട്ടില്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
അഞ്ച് വർഷത്തിനിടെ ലൈസൻസ് ലഭിച്ചവർ
2021 7,89,989
2022 7,69,666
2023 6,36,627
2024 4,54,833
2025 ജൂൺ
27 വരെ 2,19,036