സമസ്ത: മുസ്തഫൽ ഫൈസിക്കെതിരായ നടപടി, മുസ്ലിം ലീഗിനുള്ള മുന്നറിയിപ്പ്
text_fieldsകോഴിക്കോട്: സമസ്ത മുശാവറ അംഗം എം.പി. മുസ്തഫൽ ഫൈസിക്കെതിരായ നടപടി സംഘടനയിലെ ലീഗ് അനുകൂല നേതാക്കൾക്കുള്ള മുന്നറിയിപ്പാണെന്ന് വിലയിരുത്തൽ. സംഘടനയെ ഇകഴ്ത്തുകയും നേതൃത്വത്തെ വിമർശിക്കുകയും ചെയ്താൽ നടപടി ഉണ്ടാകുമെന്ന സന്ദേശം നൽകുകയാണ് മുശാവറ. സമസ്ത നൂറാം വാർഷിക സമ്മേളനം സ്വാഗതസംഘം രൂപവത്കരണ യോഗം ചേരുന്നതിന്റെ തൊട്ടുമുമ്പ് പ്രത്യേക മുശാവറ ചേർന്ന്, മുസ്തഫൽ ഫൈസിയെ സസ്പെൻഡ് ചെയ്ത നടപടി ലീഗ് അനുകൂല വിഭാഗത്തെ ഞെട്ടിച്ചു.
തുടർന്നാണ് പാണക്കാട് തങ്ങൾ കുടുംബത്തിൽനിന്നടക്കം ആരും സ്വാഗതസംഘം രൂപവത്കരണ യോഗത്തിൽ പങ്കെടുക്കാതിരുന്നത്. മലപ്പുറത്ത് നടന്ന സമസ്ത നവോത്ഥാന സമ്മേളനത്തിൽ മുസ്ലിം ലീഗിന് അനുകൂലമായി സംസാരിച്ച മുസ്തഫൽ ഫൈസിയെ ബലിയാടാക്കാൻ ഒരുക്കമല്ലാത്തതിനാൽ ശക്തമായ തുടർനീക്കത്തിനുള്ള കൂടിയാലോചനകളിലാണ് ലീഗ് ക്യാമ്പ്.
സംഘടനയിലെ പ്രശ്നങ്ങൾ പറഞ്ഞുതീർക്കുന്നതിന്റെ ഭാഗമായി മുക്കം ഉമർ ഫൈസിയും അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവും ഉൾപ്പെടെയുള്ളവർ പാണക്കാട് സാദിഖലി തങ്ങളുടെ വസതിയിൽ കൂടിയിരുന്നെങ്കിലും വെളുക്കാൻ തേച്ചത് പാണ്ടായി എന്ന രീതിയിലായിരുന്നു തുടർ നീക്കം. നേതാക്കൾ വാർത്തസമ്മേളനം നടത്തി പറഞ്ഞ കാര്യങ്ങൾ വീണ്ടും സാദിഖലി തങ്ങൾക്ക് ക്ഷീണമുണ്ടാക്കുന്നതായിരുന്നു. ഇതിനെതിരെ സാദിഖലി തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും രംഗത്തുവരുകയും ചർച്ചയുടെ അന്തഃസത്തക്ക് വിരുദ്ധമായാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയതെന്ന് വ്യക്തമാക്കുകയും ചെയ്തു.
സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങൾതന്നെ ഇടപെട്ട് ഇക്കാര്യത്തിൽ വിശദീകരണം നൽകേണ്ട സാഹചര്യവുമുണ്ടായി. ഉമർ ഫൈസിയുടെ ‘ക്ഷമാപണം’ മുഖവിലക്കെടുക്കാത്ത രീതിയിൽതന്നെയാണ് കാര്യങ്ങൾ മുന്നോട്ടു പോയത്. സമസ്ത ആദർശ സമ്മേളനങ്ങളും നവോത്ഥാന സമ്മേളനവും അരങ്ങുതകർക്കുകയും ഇരുവിഭാഗവും പരസ്പരം ഒളിയമ്പ് എറിയുകയും ചെയ്തു. ഇത്തരത്തിൽ സംഘടിപ്പിച്ച പരിപാടിയിലാണ് സമസ്തയിലെ ലീഗ് വിരുദ്ധരെ നിശിതമായി വിമർശിച്ച് മുസ്തഫൽ ഫൈസി പ്രസംഗിച്ചത്. അതേസമയം, നടപടിക്ക് കാരണം ഈ പ്രസംഗം മാത്രമല്ലെന്ന് മുശാവറ വ്യക്തമാക്കുന്നു. ജിഫ്രി തങ്ങളെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയിൽ മുസ്തഫൽ ഫൈസിയുടെ ശബ്ദ സന്ദേശം പ്രചരിച്ചതാണ് നടപടിക്ക് കാരണം.
അതേസമയം, ഖാദി ഫൗണ്ടേഷനെയും അതിന് നേതൃത്വം നൽകുന്ന സാദിഖലി തങ്ങളെയും പരസ്യമായി അധിക്ഷേപിച്ച ഉമർ ഫൈസി മുക്കത്തോടുള്ള മുശാവറ സമീപനത്തിലും മുസ്തഫൽ ഫൈസിയോട് സ്വീകരിച്ച നിലപാടിലും കടുത്ത അനീതി പ്രകടമാണെന്ന് ലീഗ് അനുകൂല വിഭാഗം വിലയിരുത്തുന്നു. വിശദീകരണം പോലും ചോദിക്കാതെ നടപടിയെടുത്തത് ലീഗിനോടുള്ള വെല്ലുവിളിയായാണ് അവർ കാണുന്നത്. ഇക്കാര്യത്തിൽ സാദിഖലി തങ്ങളുടെ കൂടി നിലപാട് അറിഞ്ഞ ശേഷം തുടർ നീക്കം നടത്താനാണ് സമസ്ത ആദർശ സംരക്ഷണ സമിതിയുടെ തീരുമാനം.