പ്രിയംവദയെ കൊന്ന് മൂന്നു ദിവസം മൃതദേഹം കട്ടിലിനടിയിൽ സൂക്ഷിച്ചു; ദുർഗന്ധം ഇല്ലാതാക്കാൻ ചന്ദനത്തിരി കത്തിച്ചു
text_fieldsതിരുവനന്തപുരം: നെയ്യാറ്റിൻകര പ്രിയംവദ കൊലക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. പനച്ചുംമൂട് പഞ്ചാംകുഴി മാവുവിള സ്വദേശിനിയായ പ്രിയംവദയെ അയൽവാസിയായ വിനോദ് കൊന്ന് മൂന്ന് ദിവസമാണ് കട്ടിലിനടിയിൽ സൂക്ഷിച്ചത്. ദുർഗന്ധം മുറിയിൽനിന്ന് പുറത്തേക്ക് വരാതിരിക്കാൻ ചന്ദനത്തിരിയും കത്തിച്ചുവെച്ചു.
സംശയം തോന്നി വിനോദിന്‍റെ ഭാര്യാമാതാവ് കുട്ടിയെ പറഞ്ഞയച്ച് മുറി പരിശോധിക്കാൻ പറഞ്ഞെങ്കിലും വിനോദ് വിരട്ടിയോടിക്കുകയായിരുന്നു. എന്നാൽ, കട്ടിലിനടിയിൽ ഒരു കൈ കണ്ടതായി കുട്ടി അമ്മൂമ്മയോട് പറയുകയായിരുന്നു. ഇക്കാര്യം ഇവർ മാവുവിള പള്ളിവികാരിയോട് പറഞ്ഞു. തുടർന്നാണ് പൊലീസിന് വിവരം ലഭിച്ചത്.
പ്രിയംവദയെയാണ് കാണാനില്ലെന്ന് പറഞ്ഞ് മകള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇത് സംബന്ധിച്ച അന്വേഷണം പുരോഗിക്കുമ്പോഴാണ് പൊലീസിന് പള്ളിവികാരിയിൽനിന്ന് ഈ വിവരം ലഭിക്കുന്നത്.
സ്ഥലത്തെത്തിയ പൊലീസ് രക്തക്കറയും മുടിയും കണ്ടെത്തി. ഇതോടെ വിനോദിനെ ചോദ്യം ചെയ്യുകയായിരുന്നു. പ്രിയംവദയെ കൊന്ന് കുഴിച്ചിട്ടതായി വിനോദ് സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചു.
ഭർത്താവ് ഉപേക്ഷിച്ചതിനാൽ ഒറ്റയ്ക്കായിരുന്നു പ്രിയംവദയുടെ താമസംയ. രണ്ട് പെൺമക്കളാണ് പ്രിയംവദക്ക്. ഇരുവരും വിവാഹിതരാണ്.