Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത് അതിശക്തമായ...

സംസ്ഥാനത്ത് അതിശക്തമായ മഴ: ഒമ്പത് ജില്ലകളിൽ റെഡ് അലർട്ട് തുടരുന്നു; ബോയ്സ് ടൗൺ-പാൽചുരം റോഡിൽ രാത്രിയാത്ര നിരോധനം

text_fields
bookmark_border
സംസ്ഥാനത്ത് അതിശക്തമായ മഴ: ഒമ്പത് ജില്ലകളിൽ റെഡ് അലർട്ട് തുടരുന്നു; ബോയ്സ് ടൗൺ-പാൽചുരം റോഡിൽ രാത്രിയാത്ര നിരോധനം
cancel
camera_alt

പാൽചുരത്തിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു

കണ്ണൂർ: സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടം. മഴകനത്തതോടെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഒമ്പത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മഴ ശക്തി പ്രാപിച്ചതോടെ ഇടുക്കിയിലും കോട്ടയത്തുമായി ശക്തമായ ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് മഴക്കെടുതിയിൽ എട്ട് പേർ മരിക്കുകയും ചെയ്തിട്ടുണ്ട്.

ശമനമില്ലാതെ മഴ തുടരുന്ന സാഹചര്യത്തിൽ ബോയ്സ്ടൗൺ-പാൽചുരം റോഡിൽ രാത്രി യാത്രക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് വൈകുന്നേരം ആറ് മണിമുതൽ നാളെ രാവിലെ ആറ് മണിവരെയാണ് ഗതാഗത നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. കണ്ണൂരിനെ വയനാടുമായി ബന്ധിപ്പിക്കുന്ന ഈ പാതയിൽ നേരത്തെ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. താമരശ്ശേരി ചുരത്തിൽ ശക്തമായ മഴയുള്ള സാഹചര്യത്തിലും മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാലും വാഹന ഗതാഗതത്തിന് നിയന്ത്രണങ്ങളുണ്ട്. അതേസമയം, വായനാട്ടുകാർക്ക് നിലവിൽ കോഴിക്കോട് ഭാഗത്തേക്ക് യാത്ര ചെയ്യാനുള്ള കുറ്റ്യാടി ചുരത്തിലും ഗതാഗത തിരക്ക് അനുഭവപ്പെടുന്നുണ്ട്. കൂടാതെ പേരാമ്പ്ര നഗരത്തിൽ വെള്ളം കയറിയതായാണ് റിപ്പോർട്ട്.

പത്തനംതിട്ട റാന്നി നഗരത്തിൽ കനത്ത വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. ഇടുക്കി കുടയത്തൂർ അടൂർമലയിൽ പുലർച്ചെ രണ്ട് മണിയോടെയുണ്ടായ അതിശക്തമായ ഉരുൾപൊട്ടലിൽ യുവതി മരണപ്പെട്ടിരുന്നു. ഉരുൾപൊട്ടലിൽ വീട് പൂർണമായും മണ്ണിനടിയിലായെങ്കിലും വീട്ടിലുണ്ടായിരുന്ന ഭർത്താവ് രവിയും മകൻ രതീഷും അത്ഭുതകരമായി രക്ഷപ്പെട്ടു.

തിരുവാലി കണ്ടമംഗലത്ത് തോട്ടിലെ ഒഴുക്കിൽപ്പെട്ട് രണ്ടര വയസ്സുകാരൻ മരിച്ചു. കണ്ണമംഗലം സ്വദേശി നൊട്ടൻവീട്ടിൽ അബ്ദുൽ മുനീർ-തസ്ലീമ ഭാനു ദമ്പതികളുടെ മകൻ അബ്ദുൽ മുഹയിൻ ആണ് മരിച്ചത്. സംസ്ഥാനത്ത് ഇന്ന് മാത്രം മൂന്ന് കുട്ടികളാണ് വെള്ളക്കെട്ടിൽ വീണ് മരിച്ചത്. മലപ്പുറത്ത് ഇന്ന് രാവിലെ ഒഴുക്കിൽപ്പെട്ട് നാലുവയസുകാരൻ മരിച്ചിരുന്നു. കൊണ്ടോട്ടി നീറാട് തോട്ടിൽ ഒഴുക്കിൽപ്പെട്ട ആദം അയ്മനാണ് മരിച്ചത്. നെടിയിരുപ്പ് മേലേപറമ്പ് സ്വദേശികളായ ഹമീദ് - നദീറ ദമ്പതികളുടെ മകനാണ് അയ്മൻ. കോട്ടയം വാകത്താനത്ത് ചക്കൻചിറയിൽ വെള്ളക്കെട്ടിൽ വീണ് 11 വയസ്സുകാരനും മരിച്ചു. കാട്ടാമ്പാക്കിൽ ഷിജുവിന്റെ മകൻ മിലൻ കെ. ഷിജു ആണ് മരിച്ചത്.

മഴ കടുത്തതോടെ സംസ്ഥാനത്തെ വിവിധ വിനോദ സഞ്ചാരകേന്ദ്രങ്ങൾ ജില്ലാ ഭരണകൂടം അടച്ചിട്ടുണ്ട്. ഓറഞ്ച് അലർട്ട് നിലവിലുള്ളതിനാൽ എറണാകുളം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു. തിരുവനന്തപുരത്തും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊൻമുടി, കല്ലാർ, മങ്കയം ഇക്കോടൂറിസം സെന്ററുകളും താത്കാലികമായി അടച്ചു. കാസർകോട് റെഡ് അലർട്ടായതിനാൽ റാണിപുരം ഉൾപ്പെടെ ഹിൽ സ്റ്റേഷനുകളിലും ജലാശയങ്ങളുമായി ബന്ധപ്പെട്ട വിനോദ കേന്ദ്രങ്ങളിലും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, മഴക്കെടുതിയെ നേരിടാൻ സംസ്ഥാനം പൂർണ സജ്ജമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. ആശുപത്രികളിൽ ആവശ്യമായ മരുന്നുകളും മറ്റ് സജ്ജീകരണങ്ങളും ഒരുക്കാൻ സംസ്ഥാനത്തെ എല്ലാ ഡിഎംഒമാർക്കും ജാഗ്രതാ നിർദേശം നൽകിയതായും അദ്ദേഹം വ്യക്തമാക്കി.

Show Full Article
TAGS:Night Travel ban Heavy Rain Kottiyoor Palchuram Road Ghat road Latest News 
News Summary - സംസ്ഥാനത്ത് അതിശക്തമായ: ഒമ്പത് ജില്ലകളിൽ റെഡ് അലർട്ട് തുടരുന്നു; ബോയ്സ്ടൗൺ-പാൽചുരം റോഡിൽ രാത്രി യാത്ര നിരോധനം
Next Story