നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: സീറ്റ് ചർച്ചയിൽ വിയർത്ത് യു.ഡി.എഫ്, ഇടതുമുന്നണിക്ക് അഭിമാന പോരാട്ടം
text_fieldsതിരുവനന്തപുരം: ആസന്നമായ പൊതുതെരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കങ്ങൾക്കിടെ, ജനവിധിയുടെ ഡ്രസ് റിഹേഴ്സലായി മാറുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലേക്ക് കരുതലോടെ മുന്നണികൾ. കാലയളവ് ഒരു വർഷത്തിൽ താഴെയാണെങ്കിലും ജയപരാജയങ്ങളുടെ രാഷ്ട്രീയ പ്രഹരശേഷി ഏറെ വലുതാണെന്നും 140 നിയമസഭ മണ്ഡലങ്ങളിലും പ്രതിഫലിക്കുമെന്നും മുന്നണികൾക്ക് ബോധ്യമുണ്ട്.
10 വർഷത്തെ ഇടവേളക്കുശേഷം അധികാരത്തിലേക്ക് തിരിച്ചെത്താൻ വിയർപ്പൊഴുക്കുന്ന യു.ഡി.എഫിന് ഏറെ പ്രധാനപ്പെട്ടതാണ് ഉപതെരഞ്ഞെടുപ്പ് ഫലം. സംസ്ഥാന സമ്മേളനത്തിൽ ഉറച്ച തുടർഭരണ പ്രതീക്ഷയുയർത്തി നവകേരള നയരേഖയടക്കം പാസാക്കി മൂന്നാം സർക്കാറിനൊരുങ്ങുന്ന ഇടതുമുന്നണിക്കും അതിനിർണായകം.
രണ്ടാം പിണറായി സർക്കാർ കാലയളവിൽ തൃക്കാക്കര, പുതുപ്പള്ളി, പാലക്കാട്, ചേലക്കര എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. സർക്കാറിനെതിരായ മാർക്കിടൽ എന്ന പൊതുവിലയിരുത്തൽ മാറ്റി നിർത്തിയാൽ നാലിലും സിറ്റിങ് സീറ്റ് മുന്നണികൾ നിലനിർത്തുകയായിരുന്നു. തുടർച്ചയായി ആറുവട്ടം മണ്ഡലം കൈപ്പിടിയിലൊതുക്കിയ ആര്യാടൻ മുഹമ്മദിന്‍റെ നിലമ്പൂർ 2016 ൽ ഇടതിനുവേണ്ടി തിരികെ പിടിക്കുകയും 2021ൽ നിലനിർത്തുകയും ചെയ്ത പി.വി. അൻവർ ഇപ്പോൾ യു.ഡി.എഫ് മുന്നണിയിലാണ്. മുഖ്യമന്ത്രിക്കും സർക്കാറിനുമെതിരെ അൻവർ ഉയർത്തിയ ആരോപണങ്ങൾ അന്തരീക്ഷത്തിൽ കനംതൂങ്ങുന്നുമുണ്ട്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാലുടൻ സ്ഥാനാർഥിയെന്ന പ്രത്യാശയിൽ ചർച്ച ഒരു മുഴം മുന്നേ തുടങ്ങിയ യു.ഡി.എഫ് സീറ്റ് ചർച്ചയിൽ ശരിക്കും വിയർക്കുകയാണ്. ഡി.സി.സി പ്രസിഡന്‍റ് വി.എസ്. ജോയിയുടെയും ആര്യാടന്‍ ഷൗക്കത്തിന്‍റെയും പേരുകളിലേക്ക് ചർച്ച എത്തിയെങ്കിലും ഒറ്റപ്പേരിലേക്ക് കേന്ദ്രീകരിക്കാനാകുന്നില്ല. തർക്കം തുടരുന്ന സാഹചര്യത്തിൽ മൂന്നാമതായി ഒരു മുതിർന്ന നേതാവിന്‍റെ പേരും കെ.പി.സി.സി ഓഫിസ് കേന്ദ്രീകരിച്ച് പറഞ്ഞുകേൾക്കുന്നുണ്ട്.
യു.ഡി.എഫ് തുടർച്ചയായി ജയിക്കുന്ന മണ്ഡലങ്ങൾ സ്വതന്ത്രരെ നിർത്തി പിടിക്കുക എന്ന അടവുനയമാകും സി.പി.എം നിലമ്പൂരിലും ആവർത്തിക്കുക. പല പേരുകൾ ചർച്ചകളിൽ നിറയുന്നുണ്ടെങ്കിലും സി.പി.എം നേതൃത്വം മനസ്സ് തുറന്നിട്ടില്ല. കടല്‍മണല്‍ ഖനന വിഷയത്തിൽ ഏപ്രില്‍ 21 മുതല്‍ 29 വരെ പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവിന്‍റെ തീരദേശ സമരയാത്ര മാറ്റിവെച്ചാണ് യു.ഡി.എഫ് കളത്തിലിറങ്ങുന്നത്.