തിരക്കൊഴിഞ്ഞ് സ്ഥാനാർഥികൾ
text_fieldsനിലമ്പൂർ: ഒരു മാസത്തെ ഓട്ടപ്പാച്ചിലിന് ശേഷം സ്ഥാനാർഥികളിൽ മിക്കവരും വെള്ളിയാഴ്ച വീടുകളിൽ വിശ്രമത്തിലായിരുന്നു. എന്നാൽ, ഇടത് സ്ഥാനാർഥി എം. സ്വരാജിന് ഇന്നലെയും വിശ്രമമുണ്ടായില്ല. അദ്ദേഹം സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കാൻ വ‍്യാഴാഴ്ച രാത്രിയോടെ തിരുവനന്തപുരത്തേക്ക് പോയി.
യോഗ ശേഷം നിലമ്പൂരിൽ മടങ്ങിയെത്തും. യു.ഡി.എഫ് സ്ഥാനാർഥി ആര‍്യാടൻ ഷൗക്കത്ത് നഗരസഭയിലെയും കരുളായിയിലും മരണ വീടുകളിലെത്തിയ ശേഷം വീട്ടിലെത്തി വിശ്രമത്തിലായിരുന്നു. വീട്ടിലെത്തിയ യു.ഡി.എഫ് നേതാക്കളുമായി തെരഞ്ഞെടുപ്പ് കാര‍്യങ്ങൾ വിശകലനം ചെയ്തു.
സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവർ വെള്ളിയാഴ്ച മുഴുവൻ സമയവും ഒതായിയിലെ വീട്ടിലുണ്ടായിരുന്നു. ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടിൽ മാധ‍്യമങ്ങളെ കാണും. ബി.ജെ.പി സ്ഥാനാർഥി അഡ്വ. മോഹൻ ജോർജ് നിലമ്പൂരിലെ വീട്ടിലായിരുന്നു.
ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ്, മേഖല വൈസ് പ്രസിഡന്‍റ് അഡ്വ. അശോക് കുമാർ തുടങ്ങിയവരുമായി രാഷ്ട്രീയ കാര‍്യങ്ങൾ ചർച്ച ചെയ്തു. എസ്.ഡി.പി.ഐ സ്ഥാനാർഥി അഡ്വ. സാദിഖ് നടുത്തൊടി ഇടവേളക്ക് ശേഷം വക്കീൽ കോട്ടണിഞ്ഞ് മലപ്പുറം കോടതിയിലെത്തി. ജോലി സംബന്ധമായ കാര‍്യങ്ങൾക്ക് ശേഷം വീട്ടിലെത്തി വിശ്രമത്തിലായി.