‘പിണറായിസം’ ചാലിയാറിൽ
text_fieldsഎങ്ങനെ നോക്കിയാലും യു.ഡി.എഫിന്റെ വിജയത്തേക്കാളേറെ ഇടതുമുന്നണിയുടെ പരാജയമാണ് തെരഞ്ഞെടുപ്പു ഫലത്തിൽ പ്രകടമാകുന്നത്.യു.ഡി.എഫിന് ഏറെ ബുദ്ധിമുട്ടുകളുണ്ടാക്കിയെങ്കിലും അൻവറിന് താൻ ഉയർത്തിവിട്ട ‘പിണറായിസം’ ഒരു പ്രഹേളികയല്ലെന്നും അത് സി.പി.എമ്മിനെയും സർക്കാറിനെയും ഗ്രസിക്കുന്ന ബാധയാണെന്നും പ്രചരിപ്പിക്കാൻ തെരഞ്ഞെടുപ്പ് അവസരം നൽകി
സർക്കാറിന്റെ പ്രവർത്തനത്തിനുള്ള വിലയിരുത്തലാകുമെന്ന പ്രഖ്യാപനത്തോടെ തെരഞ്ഞെടുപ്പിനിറങ്ങിയ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മിനും ഇടതുമുന്നണിക്കും കനത്ത തിരിച്ചടിയായി, നിലമ്പൂർ തെരഞ്ഞെടുപ്പുഫലം. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും നേരിട്ട് നേതൃത്വം കൊടുത്ത തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച പി.വി. അൻവറാകട്ടെ, 20000ത്തോളം വോട്ടുപിടിച്ച് ഇരുമുന്നണികളെയും ഞെട്ടിച്ചു.
യു.ഡി.എഫിന് ഏറെ ബുദ്ധിമുട്ടുകളുണ്ടാക്കിയെങ്കിലും അൻവറിന് താൻ ഉയർത്തിവിട്ട ‘പിണറായിസം’ ഒരു പ്രഹേളികയല്ലെന്നും അത് സി.പി.എമ്മിനെയും സർക്കാറിനെയും ഗ്രസിക്കുന്ന ബാധയാണെന്നും പ്രചരിപ്പിക്കാൻ തെരഞ്ഞെടുപ്പ് അവസരം നൽകി. എങ്ങനെ നോക്കിയാലും യു.ഡി.എഫിന്റെ വിജയത്തേക്കാളേറെ ഇടതുമുന്നണിയുടെ പരാജയമാണ് തെരഞ്ഞെടുപ്പു ഫലത്തിൽ പ്രകടമാകുന്നത്.
യു.ഡി.എഫിന് ലഭിക്കുമായിരുന്ന അൻവറിന്റെ വോട്ടുകൾ കൂടി കൂട്ടിനോക്കിയാൽ സ്വരാജിനുള്ള വോട്ടിന്റെ അന്തരം മുപ്പതിനായിരത്തിലേറെയാണ് എന്നത് സി.പി.എമ്മിനെ ഇരുത്തി ചിന്തിപ്പിക്കും. അൻവറിന്റെ പിടിവാശിയെയും പാർട്ടിക്കുള്ളിലെ എതിർപ്പുകളെയും അവഗണിച്ച് ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കിയ കെ.സി. വേണുഗോപാലിനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.പി.സി.സി പ്രസിഡൻറ് സണ്ണി ജോസഫിനും ഇത് സ്വകാര്യവിജയം കൂടിയായി.
‘അൻവറിസം’ ഷൗക്കത്തിനു ഗുണം
വി.ഡി. സതീശനുമായി ഇടഞ്ഞ് അൻവർ മത്സരത്തിനിറങ്ങിയത് ആര്യാടൻ ഷൗക്കത്തിനെ തോൽപിക്കാൻ ലക്ഷ്യമിട്ടായിരുന്നെങ്കിലും അത് ഷൗക്കത്തിനു കുറച്ച് ഗുണം ചെയ്തു എന്ന് കോൺഗ്രസിലെ ചില നേതാക്കൾ കരുതുന്നുണ്ട്. ഇരുപതിനായിരത്തോളം വോട്ടുനേടിയതിലൂടെ അൻവറിന് യു.ഡി.എഫിൽ ഇനിയും വിലപേശാനുള്ള കരുത്തു ലഭിച്ചു എന്നാണ് കരുതേണ്ടത്.
യു.ഡി.എഫിനു ലഭിക്കേണ്ട വോട്ടുകൾ ഭിന്നിപ്പിക്കാൻ ശ്രമിച്ച ബി.ജെ.പിയാകട്ടെ, നാലാം സ്ഥാനം കൊണ്ട് നാണംകെട്ട അവസ്ഥയിലുമായി. യു.ഡി.എഫിൽ നിന്ന് പിടിച്ചെടുക്കാമെന്നു കരുതിയ ക്രിസ്ത്യൻ വോട്ടുകൾ നേടാൻ ബി.ജെ.പിക്ക് കഴിഞ്ഞില്ല എന്നാണ് ഫലം പ്രകടമാക്കുന്നത്.
ജയം വിശ്വസിപ്പിച്ച് പിണറായി
വരാൻ പോകുന്നത്, മൂന്നാം പിണറായി സർക്കാർ എന്ന പ്രതീതി ജനിപ്പിച്ചുകൊണ്ടായിരുന്നു, നിലമ്പൂരിൽ പിണറായി വിജയൻ രംഗത്തിറങ്ങിയത്. പിണറായിയുടെ നേരിട്ടുള്ള നേതൃത്വത്തിൽ, മുഹമ്മദ് റിയാസിന്റെ സൈന്യാധിപത്യത്തിൽ സ്വന്തം മാനസപുത്രനായ എം. സ്വരാജിനെ രംഗത്തിറക്കിയത് പലതും കണക്കുകൂട്ടിയായിരുന്നു.
യേശുക്രിസ്തുവിന് സ്നാപകയോഹന്നാൻ മുൻഗാമി എന്നതുപോലെ, മൂന്നാം പിണറായി സർക്കാറിന്റെ മുൻഗാമിയായി എം. സ്വരാജ് അവതരിക്കും എന്ന മട്ടിലായിരുന്നു പ്രചാരണം. പാർട്ടിയുടെയും സർക്കാറിന്റെയും എല്ലാ സംവിധാനങ്ങളും നിലമ്പൂരിൽ സജീവമായിരുന്നു.
ഒരു ജീവന്മരണ പോരാട്ടത്തിന്റെ ശൈലിയിലൂടെ ഉറപ്പായ വിജയമെന്ന വിശ്വാസം ഇടതുമുന്നണിയിൽ ജനിപ്പിക്കാൻ പിണറായി വിജയന് കഴിയുകയും ചെയ്തു. സ്വരാജ് ജയിക്കും, തദ്ദേശഭരണ തെരഞ്ഞെടുപ്പ് തൂത്തുവാരും പിന്നെ മൂന്നാം പിണറായി സർക്കാർ അധികാരത്തിൽവരും... ഇതൊക്കെയായിരുന്നു ഇടതുമുന്നണിയുടെ ഉപശാലകളിൽ കഴിഞ്ഞ ഒരുമാസമായി പറഞ്ഞുകേട്ടിരുന്നത്.
അജണ്ട ചുരുങ്ങി സി.പി.എം
ഇടതുമുന്നണിയുടെ വികസന പ്രവർത്തനങ്ങളാണ് പ്രധാന പ്രചാരണവിഷയം എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് രംഗത്തിറങ്ങിയതെങ്കിലും സി.പി.എം അജണ്ട ജമാഅത്തെ ഇസ്ലാമിയിലേക്ക് ചുരുങ്ങുന്നതാണ് പിന്നീട് കണ്ടത്. എല്ലാ തെരഞ്ഞെടുപ്പിലും പിന്തുണക്കായി സി.പി.എം നേതാക്കൾ തുടർച്ചയായി ജമാഅത്ത് നേതാക്കളുമായി ബന്ധപ്പെട്ടിരുന്ന ഒരു കാലം സി.പി.എമ്മിനുണ്ടായിരുന്നു.
2016ൽ ഇന്ത്യ വലിയൊരു ഫാഷിസ്റ്റ് ഭീതിയെ നേരിടുന്ന ഘട്ടം വന്നപ്പോഴാണ് അഖിലേന്ത്യ രാഷ്ട്രീയ പശ്ചാത്തലത്തിൽ ജമാഅത്തിന്റെ വോട്ട് ദേശീയ രാഷ്ട്രീയ പ്രസ്ഥാനമായ കോൺഗ്രസിന് നൽകുന്ന അവസ്ഥയുണ്ടായതെന്നത് കേരളം കണ്ടറിഞ്ഞതാണ്. എന്നിട്ടും ജമാഅത്തിനെ മുന്നിൽനിർത്തി കോൺഗ്രസിനെയും യു.ഡി.എഫിനെയും ആക്രമിക്കുക എന്നതിലേക്ക് സി.പി.എം നേതാക്കളുടെ അജണ്ട മാറി.
ബി.ജെ.പിയുടെ വോട്ട് പ്രതീക്ഷിച്ചാകണം, പഴയ ബി.ജെ.പി ബന്ധം തുറന്നുസമ്മതിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടറിയും അത് വിനയാകുമെന്നു കണ്ടപ്പോൾ വോട്ടെടുപ്പിന്റെ തലേന്നാൾ മുഖ്യമന്ത്രിയും രംഗത്തിറങ്ങിയത്. ഇങ്ങനെ തരാതരം പോലെ വർഗീയതയും വിഭാഗീയതയും പറഞ്ഞുകൊണ്ടാണ് അവർ പ്രചാരണത്തിന് കലാശക്കൊട്ടു നടത്തിയത്.
നിലമ്പൂരിൽ ഒരു സ്വതന്ത്രനെ നിർത്തി മത്സരിപ്പിക്കാനാണ് ആദ്യഘട്ടത്തിൽ സി.പി.എം ആലോചിച്ചിരുന്നത്. യു.ഡി.എഫിൽനിന്ന് ആളെ മാറ്റിയെടുക്കാനുള്ള ശ്രമങ്ങളും ഉണ്ടായിരുന്നു. പൊതുവേ നോക്കിയാൽ നിലമ്പൂർ യു.ഡി.എഫ് മുൻതൂക്കമുള്ള നിയോജക മണ്ഡലമായിരുന്നു എങ്കിലും കഴിഞ്ഞ മണ്ഡല പുനർനിർണയ ശേഷം ഇടതുപക്ഷത്തിനു സാധ്യതയുള്ള മണ്ഡലമായി മാറി.
കോൺഗ്രസിൽനിന്നു പി.വി. അൻവർ കൂടി എത്തിയതോടെ 2016നുശേഷം അത് ഉറച്ച ഇടതുമണ്ഡലമായി. അൻവർ ഇടതുമുന്നണിയിൽ നിന്നു ഇടഞ്ഞുമാറുകയും യു.ഡി.എഫുമായി ചേരുമെന്ന പ്രതീതിയുണ്ടാകുകയും ചെയ്തെങ്കിലും അദ്ദേഹം കോൺഗ്രസുമായി അടുക്കുന്നില്ല എന്നു കണ്ടപ്പോൾ സി.പി.എമ്മിൽ വീണ്ടും പ്രതീക്ഷയുയർന്നു.
അൻവർ ഒറ്റക്ക് മത്സരിക്കും എന്നുകൂടി വന്നപ്പോൾ സി.പി.എം പൂർണ പ്രതീക്ഷയിലെത്തി. അങ്ങനെ ശക്തനും നാട്ടുകാരനുമായ സ്വരാജിനെ ഇറക്കി മണ്ഡലം പിടിച്ചെടുക്കാനുള്ള സി.പി.എമ്മിന്റെ ശ്രമത്തിനാണ് ഇപ്പോൾ തിരിച്ചടിയേറ്റിരിക്കുന്നത്.
കോൺഗ്രസിലെ യുവാരവം
യു.ഡി.എഫ് ഒറ്റക്കെട്ടായി നടത്തിയ പ്രയത്ന ഫലമാണ് തെരഞ്ഞെടുപ്പു വിജയം. മുസ്ലിംലീഗ് എണ്ണയിട്ട യന്ത്രമെന്ന നിലയിൽ പ്രവർത്തിച്ചു.
കോൺഗ്രസ് യുവനേതാക്കളെയാണ് രംഗത്തിറക്കിയത്. അതിനാൽ കോൺഗ്രസിലെ പുതു നേതൃയുഗത്തിന്റെ അരങ്ങേറ്റമായി ഈ തെരഞ്ഞെടുപ്പു വിലയിരുത്തപ്പെട്ടാൽ അതിശയപ്പെടാനില്ല.