ഇടതുപക്ഷം ഒരു കാലത്തും വർഗീയ ശക്തികളുമായി കൂട്ടുകൂടിയിട്ടില്ല, യു.ഡി.എഫ് പ്രചാരണം വർഗീയതയിലൂന്നി -എ. വിജയരാഘവൻ
text_fieldsഎ. വിജയരാഘവൻ നിലമ്പൂരില്‍ സി.പി.എം രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുന്നു
നിലമ്പൂർ: തെരഞ്ഞെടുപ്പിൽ തീവ്ര വർഗീയ ധ്രുവീകരണത്തിനുള്ള യു.ഡി.എഫിന്‍റെ ശ്രമം ജനം തിരസ്‌കരിക്കുമെന്ന് സി.പി.എം പോളിറ്റ്‌ബ്യൂറോ അംഗം എ. വിജയരാഘവൻ വടപുറത്ത് നടത്തിയ വാർത്തസമ്മേളനത്തിൽ പറഞ്ഞു. എല്ലാതരം വർഗീയതയുമായും കൂട്ടുകൂടിയ ചരിത്രമാണ് യു.ഡി.എഫിനുള്ളത്. 1982ൽ മഞ്ചേശ്വരത്ത് ബി.ജെ.പി നേതാവ് കെ.ജി. മാരാർ കോൺഗ്രസിന്‍റെയും മുസ്‍ലിം ലീഗിന്റെയും സ്ഥാനാർഥിയായാണ് മത്സരിച്ചത്. കാസർകോട്ട് ഒ. രാജഗോപാലായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി.
ഇടതുപക്ഷം ഒരു കാലത്തും ഒരു വർഗീയ ശക്തികളുമായും കൂട്ടുകൂടിയിട്ടില്ല. അടിയന്തരാവസ്ഥക്കുശേഷം ജനത പാർട്ടി മുന്നണിയിലേക്കുള്ള ക്ഷണം സി.പി.എം നിരസിച്ചത് ആ കൂട്ടുകെട്ടിൽ ആർ.എസ്.എസ് ഉണ്ടായിരുന്നതിനാലാണ്. തുടക്കം മുതൽ വർഗീയതയിലൂന്നിയായിരുന്നു യു.ഡി.എഫ് പ്രചാരണമെന്നും വിജയരാഘവൻ പറഞ്ഞു.
1977ൽ സി.പി.എം മത്സരിച്ചത് ആർ.എസ്.എസ് പിന്തുണയോടെ -കെ. രാമൻപിള്ള
തിരുവനന്തപുരം: 1977ൽ സി.പി.എം മത്സരിച്ചത് ആർ.എസ്.എസ് പിന്തുണയോടെയെന്ന് ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്‍റ് കെ. രാമൻപിള്ള. അന്ന് സി.പി.എമ്മിന് വോട്ട് ചെയ്യാൻ ആർ.എസ്.എസ് തീരുമാനിക്കുകയായിരുന്നു. സി.പി.എം അത് സന്തോഷത്തോടെയാണ് സ്വീകരിച്ചത്. അടിയന്തരാവസ്ഥക്കെതിരെ പോരാടിയ പാർട്ടികളുമായി യോജിച്ച് മത്സരിക്കണമെന്നും അവരുടെ സ്ഥാനാർഥി ആരായാലും വോട്ട് ചെയ്യണമെന്നുമായിരുന്നു ആർ.എസ്.എസിന്‍റെ നിലപാട്.
ഇക്കാര്യം ദേശാഭിമാനിയില്‍ പോയി പി. ഗോവിന്ദപ്പിള്ളയോട് പറയുകയും സി.പി.എം നേതൃത്വത്തെ അറിയിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. സഹകരിക്കാൻ അവർ തയാറായി.
വോട്ടെടുപ്പിന് മാസങ്ങൾക്കുശേഷം കണ്ണൂരും കാസർകോടുമായി സംഘട്ടനങ്ങളും കൊലപാതകങ്ങളും നടന്നതോടെ, ഇരുകൂട്ടരും അകലുകയായിരുന്നെന്നും അദ്ദേഹം പ്രതികരിച്ചു.
എം.വി. ഗോവിന്ദന്‍റെ പ്രസ്താവന ആർ.എസ്.എസ് വോട്ട് നേടാൻ -അൻവർ
നിലമ്പൂർ: ആർ.എസ്.എസുമായി കൂട്ടുകൂടിയിട്ടുണ്ടെന്ന എം.വി. ഗോവിന്ദന്‍റെ പ്രസ്താവന ആർ.എസ്.എസ് വോട്ട് നേടാനുള്ള തന്ത്രമാണെന്ന് പി.വി. അൻവർ. ഗോവിന്ദന്‍റെ പ്രസ്താവനക്കു പിന്നിൽ മുഖ‍്യമന്ത്രിയാണെന്നും അൻവർ പറഞ്ഞു. ഒതായിയിലെ വീട്ടിൽ മാധ‍്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വന‍്യമൃഗഭീഷണിക്കെതിനെതിരെ നടപടിയെടുക്കുന്നവർക്കുകൂടിയാവും മലയോര ജനതയുടെ വോട്ട്. എ.ഡി.ജി.പി അജിത് കുമാറിനെ പ്രസിഡന്‍റിന്‍റെ അവാർഡിനുള്ള പട്ടികയിൽ ഉൾപ്പെടുത്തിയതിനെതിരെ വി.ഡി. സതീശൻ ഒരു വാക്ക് പറഞ്ഞിട്ടില്ല. മുഖ‍്യമന്ത്രിയും സതീശനും തമ്മിൽ അന്തർധാരയുണ്ടെന്നും അൻവർ പറഞ്ഞു.
എം.വി. ഗോവിന്ദൻ നടത്തിയ പ്രസ്താവന സഹായത്തിനുള്ള പ്രണയാര്‍ദ്രമായ ഓര്‍മപ്പെടുത്തൽ -വി.ഡി. സതീശൻ
തിരുവനന്തപുരം: ആർ.എസ്.എസ് ബന്ധത്തെച്ചൊല്ലി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നടത്തിയ പ്രസ്താവന ആയുധമാക്കി പ്രതിപക്ഷം. പരാമർശം നിലമ്പൂരില്‍ ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും സഹായത്തിന് വേണ്ടിയുള്ള പ്രണയാര്‍ദ്രമായ ഓര്‍മപ്പെടുത്തലാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആഞ്ഞടിച്ചു.
പരാമർശം അനവസരത്തിലുള്ളതാണെന്ന് തോന്നുമെങ്കിലും ബുദ്ധിപൂര്‍വമായി സി.പി.എം അവരുടെ സെക്രട്ടറിയെക്കൊണ്ട് നടത്തിച്ച പ്രസ്താവനയാണത്. ‘നമ്മള്‍ ഇടയ്ക്ക് വേര്‍പിരിഞ്ഞെങ്കിലും വലിയ കൂട്ടുകാരായിരുന്നെ’ന്ന ഒരു പ്രണയിനിയുടെ അപേക്ഷ പോലെ ഇപ്പോള്‍ സഹായിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തങ്ങൾക്ക് ആര്‍.എസ്.എസിന്റെ വോട്ട് കിട്ടിയിട്ടുണ്ടെന്ന് പിണറായി വിജയന്‍ പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുമുണ്ട്. 1975ന് മുമ്പ് ’67ല്‍ സി.പി.എമ്മിന് ജനസംഘവുമായി കൂട്ടുകെട്ടുണ്ടായിരുന്നു. വാജ്‌പേയ്, അദ്വാനി, വി.പി. സിങ് എന്നിവര്‍ക്കൊപ്പം ഇ.എം.എസും ജ്യോതിബസുവുമുള്ള ഒരു ഫോട്ടോ 1989 ജൂലൈയില്‍ എടുത്തിട്ടുണ്ട്. അന്ന് ഇവര്‍ ഒന്നിച്ചായിരുന്നു. രാജീവ് ഗാന്ധിയെ പരാജയപ്പെടുത്താനാണ് 89ല്‍ അദ്വാനിയും വാജ്‌പേയിയും ജോതിബസുവും ഇ.എം.എസും കൂട്ടുകൂടിയത്. ഇപ്പോഴും ആ ബാന്ധവമുണ്ട്.
നിലമ്പൂരിൽ ആദ്യ ഘട്ടത്തില്‍ സ്ഥാനാർഥിയെ നിര്‍ത്താന്‍ പോലും ബി.ജെ.പി തയാറായില്ല. ആ വോട്ട് കിട്ടാനാണ് സി.പി.എം ശ്രമിക്കുന്നത്. എല്ലാ വീടുകളിലും പോയി സി.പി.എം പച്ചക്ക് വര്‍ഗീയത പറയുകയാണ്. ഗോവിന്ദന്‍ തന്നെ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയില്‍ പലതവണ വിജയിച്ചിട്ടുണ്ട്.
മൂന്ന് പതിറ്റാണ്ടാണ് ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടിയത്. ദേശാഭിമാനിയുടെ എഡിറ്റോറിയല്‍ ചേര്‍ന്നല്ല യു.ഡി.എഫിലെ ഘടകകക്ഷികളെ എടുക്കുന്നത്. യു.ഡി.എഫില്‍ ഒരു അസോസിയറ്റ് അംഗങ്ങളുമില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.
എൽ.ഡി.എഫും യു.ഡി.എഫും ഒറ്റക്കെട്ടെന്ന് ബി.ജെ.പി
തിരുവനന്തപുരം: നിലമ്പൂരിൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ ഒരു വ്യത്യാസവുമില്ലെന്നും പ്രീണന രാഷ്ട്രീയത്തിലും അഴിമതിയിലും വികസന വിരുദ്ധതയിലും ഇരു മുന്നണികളും ഒറ്റക്കെട്ടാണെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖർ. ജനങ്ങളുടെ പ്രശ്നങ്ങളോ വികസനമോ കോൺഗ്രസിന്‍റെയും ഇടത് പക്ഷത്തിന്‍റെയും നേതാക്കൾക്ക് പറയാനില്ല. ബി.ജെ.പിയെയും ആർ.എസ്.എസിനെയും കുറിച്ച് അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുക മാത്രമാണ് അവർ ചെയ്യുന്നത്. നുണകൾ ആവർത്തിച്ച് ജനങ്ങളെ വിഡ്ഡികളാക്കാനാണ് ശ്രമമെങ്കിൽ ഇനിയത് നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വൈകിയാണെങ്കിലും സി.പി.എം സത്യം പറഞ്ഞു –സണ്ണി ജോസഫ്
മലപ്പുറം: ആർ.എസ്.എസുമായുള്ള കൂട്ടുകെട്ടിന്റെ കാര്യത്തിൽ സി.പി.എം വൈകിയാണെങ്കിലും സത്യം തുറന്നുസമ്മതിച്ചെന്ന് കെ.പി.സി.സി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് പറഞ്ഞു. മുസ്‍ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളെ പാണക്കാട്ടെ വസതിയിൽ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എമ്മിന്റെ അന്ധമായ കോൺഗ്രസ് വിരോധമാണ് ഇത്തരം അവിശുദ്ധ ബന്ധങ്ങളിലേക്ക് അവരെ നയിച്ചത്. സി.പി.എമ്മിന്റെ യഥാർഥ മുഖം ഇതിലൂടെ നിലമ്പൂരിലെ വോട്ടർമാർക്ക് മനസ്സിലായി. നിലമ്പൂരിൽ യു.ഡി.എഫിന് ഉജ്ജ്വല വിജയമുണ്ടാകും. ജമാഅത്തെ ഇസ്‍ലാമിയുമായി ബന്ധപ്പെടുത്തി തങ്ങൾക്കെതിരെ ആരോപണം ഉന്നയിച്ച് സി.പി.എം പുലിവാല് പിടിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം ആരോപണങ്ങൾ നനഞ്ഞ പടക്കം പോലെയായി -സാദിഖലി തങ്ങൾ
മലപ്പുറം: ജമാഅത്തെ ഇസ്‍ലാമിയെയും യു.ഡി.എഫിനെയും ബന്ധിപ്പിച്ച് സി.പി.എം നടത്തിവന്ന ആരോപണങ്ങൾ നനഞ്ഞ പടക്കം പോലെയായെന്ന് മുസ്‍ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. നിലമ്പൂരിൽ തെരഞ്ഞെടുപ്പ് വിഷയങ്ങൾ ധാരാളമുണ്ടായിരുന്നു.
അതെല്ലാം അനുകൂലമായി ഉപയോഗപ്പെടുത്താൻ യു.ഡി.എഫിന് സാധിച്ചു. കേരളം കാത്തിരിക്കുന്ന തെരഞ്ഞെടുപ്പ് വിധിയാകും നിലമ്പൂരിലേത്. അത്രമാത്രം ശക്തമായ ഭരണവിരുദ്ധവികാരം സംസ്ഥാനത്തൊട്ടാകെ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.