'ഈ കഥയിലെ ഹീറോ ഞാനാടാ'; കണക്കുകൂട്ടൽ പിഴക്കാതെ കരുത്തുകാട്ടി അൻവർ
text_fieldsനിലമ്പൂർ: നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിച്ചിരിക്കെ, വിജയത്തോളം സന്തോഷിക്കാവുന്ന മുന്നേറ്റമുണ്ടാക്കിയിരിക്കുകയാണ് പി.വി. അൻവർ. എൽ.ഡി.എഫിനെ പരാജയപ്പെടുത്തുക, കൂടുതൽ വോട്ട് നേടി കരുത്തുകാട്ടുക -അൻവർ ആഗ്രഹിച്ച രണ്ട് കാര്യവും യാഥാർഥ്യമായതോടെ ഈ തെരഞ്ഞെടുപ്പിലെ കറുത്ത കുതിരയായത് സ്വതന്ത്രനായി മത്സരിച്ച മുൻ എം.എൽ.എ തന്നെ.
ഏറ്റവുമൊടുവിലത്തെ കണക്ക് പ്രകാരം ഇരുപതിനായിരത്തിനടുത്താണ് അൻവറിന് ലഭിച്ച വോട്ടുകൾ. ഇടത് വലത് മുന്നണികൾ അങ്ങേയറ്റം വാശിയോടെ മത്സരിച്ച ഒരു മണ്ഡലത്തിൽ ഒറ്റക്ക് നിന്ന് ഇത്രയേറെ വോട്ടുകൾ നേടാനാവുകയെന്നത് ഒട്ടും കുറച്ചുകാണാനാകില്ല.
അൻവറിനെ സംബന്ധിച്ചിടത്തോളം ഒരു 'ഡു ഓർ ഡൈ' സാഹചര്യമായിരുന്നു നിലമ്പൂരിൽ. എൽ.ഡി.എഫിൽ നിന്ന് പുറത്തായി, യു.ഡി.എഫിൽ പ്രവേശനം ലഭിച്ചില്ല, ചലനമൊന്നുമുണ്ടാക്കാൻ സാധിച്ചില്ലെങ്കിൽ രാഷ്ട്രീയ ജീവിതം തന്നെ ചോദ്യചിഹ്നമാകുന്ന സാഹചര്യം. എന്നാൽ, നിലമ്പൂരിലെ ജനതക്ക് തന്നിൽ എത്രത്തോളം വിശ്വാസമുണ്ടെന്ന് അൻവർ തെളിയിക്കുന്നതായി പോരാട്ടച്ചൂടിലും അൻവർ സ്വന്തമാക്കിയ ഇരുപതിനായിരത്തോളം വോട്ടുകൾ.
2021ൽ എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ചപ്പോൾ 81,227 വോട്ടാണ് അൻവറിന് ലഭിച്ചത്. 2700 വോട്ടിനായിരുന്നു വിജയം. ഇത്തവണ ഒടുവിലെ വിവരം ലഭിക്കുമ്പോൾ എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജിന് ലഭിച്ചത് 65,061 വോട്ടാണ്. കഴിഞ്ഞ തവണ അൻവറിന് സ്വന്തം നിലക്ക് ലഭിച്ച വോട്ടുകൾക്ക് ഒരു ഇളക്കവും തട്ടിയിട്ടില്ല എന്ന് മാത്രമല്ല അയ്യായിരത്തിലേറെ വോട്ടുകൾ അധികം നേടാനുമായി.
തെരഞ്ഞെടുപ്പിന്‍റെ ഘട്ടത്തിലെല്ലാം അമിതമായ വിജയപ്രതീക്ഷക്ക് പകരം കൃത്യമായി താൻ ഉയർത്തിയ മുദ്രാവാക്യങ്ങളാണ് അൻവർ മുന്നോട്ടുവെച്ചത്. പിണറായിസത്തിനെതിരായ വോട്ടാണ് തനിക്ക് ലഭിക്കുകയെന്നാണ് ഓരോ സമയത്തും അൻവർ പറഞ്ഞിരുന്നത്. താൻ ജയിച്ചില്ലെങ്കിൽ യു.ഡി.എഫ് സ്ഥാനാർഥി ജയിക്കണമെന്നും വോട്ടെടുപ്പിന് പിന്നാലെ പറഞ്ഞിരുന്നു. അങ്ങനെ അന്‍വർ ആഗ്രഹിച്ച രണ്ട് കാര്യങ്ങളും ഏതാണ്ട് യാഥാർഥ്യമായിരിക്കുകയാണ്.
നിലമ്പൂരിലെ മിന്നും പ്രകടനത്തിന്‍റെ തിളക്കത്തിൽ അൻവറിന് ഇനിയും യു.ഡി.എഫിനെ സമീപിക്കാനാകും. അതിനുള്ള സാധ്യതകൾ കെ.പി.സി.സി അധ്യക്ഷൻ അഡ്വ. സണ്ണി ജോസഫ് ഇന്നുതന്നെ പങ്കുവെച്ചിട്ടുണ്ട്. അൻവർ കൂടെ നിന്നിരുന്നെങ്കിൽ നന്നായിരുന്നുവെന്നും അൻവറിന് മുന്നിൽ ആരും വാതിൽ കൊട്ടിയടച്ചിട്ടില്ലെന്നുമാണ് അദ്ദേഹം ഇന്ന് പറഞ്ഞത്. അൻവറിന്‍റെ രാഷ്ട്രീയ ഭാവി നിലമ്പൂർ തെരഞ്ഞെടുപ്പോടെ അവസാനിക്കുമെന്ന് പ്രവചിച്ചവരുടെ കണക്കുകൂട്ടലുകളെല്ലാം കാറ്റിൽ പറന്നിരിക്കുകയാണ്.