നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: 2.32 ലക്ഷം വോട്ടർമാർ
text_fieldsതിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിനൊരുങ്ങുന്ന നിലമ്പൂർ നിയമസഭ മണ്ഡലത്തിൽ മേയ് അഞ്ചിന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടിക പ്രകാരം 2.32 ലക്ഷം വോട്ടർമാർ. 2025 ഏപ്രിൽ ഒന്ന് കണക്കാക്കി തയാറാക്കിയ വോട്ടർപട്ടിക മേയ് അഞ്ചിന് പ്രസിദ്ധീകരിച്ചിരുന്നു.
എന്നാൽ, നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിക്ക് പത്ത് ദിവസം മുമ്പ് വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസരമുണ്ടായിരുന്നു. ജൂൺ രണ്ടാണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ഇതിന്‍റെ അടിസ്ഥാനത്തിൽ ശനിയാഴ്ച വരെ വോട്ട് ചേർക്കാൻ അവസരമുണ്ടായിരുന്നു.
ആ വോട്ടുകൾ കൂടി ചേർത്ത പട്ടിക അടുത്ത ദിവസം പ്രസിദ്ധീകരിക്കും. മേയ് അഞ്ചിന് പ്രസിദ്ധീകരിച്ച പട്ടിക അനുസരിച്ച് മണ്ഡലത്തിൽ 2,32,384 വോട്ടർമാരുണ്ട്. ഇതിൽ 1,13,486 പുരുഷ വോട്ടർമാരും 1,18,889 സ്ത്രീ വോട്ടർമാരും ഒമ്പത് മൂന്നാം ലിംഗ വോട്ടർമാരും ഉൾപ്പെടും. 1000 പുരുഷന്മാർക്ക് 1048 സ്ത്രീകളെന്നാണ് മണ്ഡലത്തിലെ ലിംഗാനുപാതം. പട്ടികയിൽ 374 പ്രവാസി വോട്ടർമാരും ഉൾപ്പെട്ടിട്ടുണ്ട്. 204 പോളിങ് സ്റ്റേഷനുകളുണ്ടായിരുന്നിടത്ത് 59 കൂടി ചേർത്ത് ആകെ പോളിങ് സ്റ്റേഷനുകൾ 263 ആക്കി വർധിപ്പിച്ചു.
ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസറുടെ നേതൃത്വത്തിൽ ഓൺലൈനായി ചേർന്ന യോഗത്തിൽ മലപ്പുറം കലക്ടർ, പൊലീസ് മേധാവി, സബ് കലക്ടർ തുടങ്ങിയവർ പങ്കെടുത്തു.