നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: സമ്മർദം ശക്തമാക്കി ഷൗക്കത്ത് വിഭാഗം; ജോയ് സ്ഥാനാർഥിയാകട്ടെ എന്ന നിലപാടിൽ വി.ഡി. സതീശൻ
text_fieldsമലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനുള്ള യു.ഡി.എഫ് സ്ഥാനാർഥി നിർണയത്തിൽ തർക്കം തുടരവെ, സമ്മർദം ശക്തമാക്കി ആര്യാടൻ ഷൗക്കത്ത് വിഭാഗം. വി.എസ്. ജോയിക്ക് വേണ്ടി കോൺഗ്രസിലെ പ്രബല വിഭാഗം ചരട് വലിക്കുമ്പോൾ മുസ്ലിംലീഗ് വഴി സമ്മർദ്ദമുയർത്തി തീരുമാനം അനുകൂലമാക്കാനാണ് ഷൗക്കത്തിന്റെ ശ്രമം. ഷൗക്കത്തിനെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യവുമായി ‘എ’ പക്ഷക്കാരായ 11 ഡി.സി.സി ഭാരവാഹികളും 14 കെ.പി.സി.സി അംഗങ്ങളും രംഗത്തുണ്ട്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരെയും ജില്ലയിലെ മുഴുവൻ ലീഗ് എം.എൽ.എമാരെയും കണ്ട് ഇവർ ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
ഷൗക്കത്തിന് സീറ്റ് ലഭിച്ചില്ലെങ്കിൽ യു.ഡി.എഫ് വിരുദ്ധ നിലപാടിലേക്ക് മാറുമെന്നാണ് ‘എ’ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇത് ലീഗിനെ വിഷമവൃത്തത്തിലാക്കിയിട്ടുണ്ട്. നിലമ്പൂരിലെ സ്ഥാനാർഥി നിർണയത്തിൽ ലീഗിന് പ്രത്യേക താൽപര്യങ്ങളൊന്നുമില്ലെങ്കിലും യു.ഡി.എഫിന്റെ വിജയസാധ്യതയെ ബാധിക്കുന്ന നിലയിലേക്ക് ചർച്ച പോകരുതെന്ന അഭിപ്രായം നേതൃത്വത്തിനുണ്ട്.
അതേസമയം, നിലമ്പൂരിൽ വി.എസ്. ജോയ് സ്ഥാനാർഥിയാകുന്നതാണ് നല്ലതെന്ന അഭിപ്രായം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനടക്കം ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾക്കുണ്ട്. ആര്യാടൻ ഷൗക്കത്തിന് മണ്ഡലത്തിനുള്ള ചില പ്രതികൂല ഘടകങ്ങൾ ജോയ് വന്നാൽ ഇല്ലാതാകുമെന്നാണ് സതീശന്റെ കണക്കുകൂട്ടൽ.പാർട്ടി സർവേയിൽ ലഭിച്ച മുൻതൂക്കവും വി.എസ്. ജോയിക്ക് അനുകൂലഘടകമാണ്.
അതേസമയം, മികച്ച ഡി.സി.സി പ്രസിഡന്റ് എന്ന നിലക്ക് വി.എസ്. ജോയ് സംഘടന നേതൃത്വത്തിൽ തുടരട്ടെയെന്നും, പ്രായവും സീനിയോറിറ്റിയും പരിഗണിച്ച് ഷൗക്കത്തിന് അവസരം നൽകണമെന്നുമുള്ള അഭിപ്രായവുമുണ്ട്. കെ.സി. വേണുഗോപാലും എ.പി.അനിൽകുമാർ എം.എൽ.എയും ആരുടെ പേരും നിർദേശിച്ചിട്ടില്ല.
ഷൗക്കത്തിന് സീറ്റ് ലഭിച്ചില്ലെങ്കിൽ പൊട്ടിത്തെറിക്കാൻ കാത്തുനിൽക്കുന്ന വലിയൊരു വിഭാഗം നേതാക്കൾ ഡി.സി.സിയിലുണ്ട്. ഷൗക്കത്തിനോടുള്ള താൽപര്യത്തേക്കാളുപരി ഡി.സി.സിയിൽ ആധിപത്യം നേടിയ എ.പി. അനിൽകുമാറിനോടുള്ള വിരോധമാണ് കാരണം.