നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായെന്ന് കാന്തപുരം, അന്തിമ തീരുമാനം ഉടന്‍
text_fieldsകോഴിക്കോട്: യമൻ ജയിലിൽ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായതായി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ ഓഫീസ് അറിയിച്ചു. എന്നാൽ, യമനിൽ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ അഭ്യർഥന പ്രകാരം ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീദ് നിയോഗിച്ച യമന്‍ പണ്ഡിത സംഘവും നോര്‍ത്തേണ്‍ യമനിലെ ഭരണാധികാരികളും അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത മധ്യസ്ഥ ചര്‍ച്ചകളിലാണ് തീരുമാനം.
കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായുള്ള തുടര്‍ ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും മറ്റു കാര്യങ്ങള്‍ തീരുമാനിക്കുകയെന്നും കാന്തപുരത്തിന്റെ ഓഫീസ് അറിയിക്കുന്നു.
നേരത്തെ, ജൂലൈ 16ന് നിശ്ചയിച്ച വധശിക്ഷ നീട്ടിവെക്കാനിടയാക്കിയതും കാന്തപുരത്തിന്റെ ഇടപെടലിന്റെ ഫലമാണെന്നാണ് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ ഓഫീസ് അറിയിച്ചിരുന്നത്.
പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിയായ നിമിഷ പ്രിയ, യെമന്റെ തലസ്ഥാനമായ സൻആയിലെ ജയിലിലാണ് ഇപ്പോൾ കഴിയുന്നത്. നിമിഷ പ്രിയ യെമനിൽ ജോലി ചെയ്യവെ 2017 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യമൻ പൗരനായ അബ്ദുമഹ്ദിയെ 2017 ജൂലായില്‍ നിമിഷ പ്രിയയും കൂട്ടുകാരിയും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചുവെന്നാണ് കേസ്. ആഗസ്റ്റില്‍ നിമിഷ പ്രിയയെ പൊലീസ് അറസ്റ്റ് ചെയ്തു. വിചാരണക്ക് ശേഷം 2018ലാണ് യെമന്‍ കോടതി വധശിക്ഷക്ക് വിധിച്ചത്. വധശിക്ഷ നടപ്പാക്കാന്‍ യെമന്‍ പ്രസിഡന്റ് റഷാദ് അല്‍ അലീമി നേരത്തേ അനുമതി നൽകിയിരുന്നു.