Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവട്ടപ്പൂജ്യമായത്...

വട്ടപ്പൂജ്യമായത് ഒമ്പത് പാർട്ടികൾ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തിൽ

text_fields
bookmark_border
വട്ടപ്പൂജ്യമായത് ഒമ്പത് പാർട്ടികൾ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തിൽ
cancel

തിരുവനന്തപുരം: ഇത്തവണത്തെ തെരഞ്ഞെടുപ്പിലൂടെ നിയമസഭ പങ്കാളിത്തത്തിൽ വട്ടപ്പൂജ്യമായത് ഒമ്പത് രാഷ്ട്രീയ പാർട്ടികൾ. എല്ലാം എൽ.ഡി.എഫിലെ ഘടകകക്ഷികളാണ്. ഇതാദ്യമായാണ് ഇടതു മുന്നണിയിലെ ചെറിയ കക്ഷികള്‍ പൂർണമായി പരാജയപ്പെടുന്നത്.കേരള കോൺഗ്രസ് (എം), ജനതാദൾ സെക്യുലർ (ജെ.ഡി.എസ്), എൻ.സി.പി, ഐ.എൻ.എൽ, നാഷനൽ സെക്യുലർ കോൺഫറൻസ്, കേരള കോൺഗ്രസ് (ബി), കോൺഗ്രസ് (എസ്), ജനാധിപത്യ കേരള കോൺഗ്രസ്, ആർ.എസ്.പി (ലെനിനിസ്റ്റ്) എന്നിവയാണ് നിയമസഭയിൽ പ്രാതിനിധ്യമില്ലാതായ പാർട്ടികൾ. ഇതോടെ ഇവയുടെ രാഷ്ട്രീയ ഭാവിയും അനിശ്ചിതത്വത്തിലായി.

ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് കേരള കോണ്‍ഗ്രസ് മാണി വിഭാഗം നേരിട്ടത്. മത്സരിച്ച 12 സീറ്റിലും തോറ്റു. ഭരണ വിരുദ്ധ വികാരം അലയടിച്ച തെരഞ്ഞെടുപ്പിൽ അതിന്‍റെ ആഘാതം കൂടുതൽ ഏറ്റുവാങ്ങേണ്ടിവന്നത് മാണി വിഭാഗത്തിനാണ്. പാലായിൽ പാർട്ടി ചെയർമാൻ ജോസ് കെ. മാണി, ഇടുക്കിയിൽ മന്ത്രി റോഷി അഗസ്റ്റിൻ, കാഞ്ഞിരപ്പള്ളിയിൽ ഗവ. ചീഫ് വിപ്പ് എൻ. ജയരാജ്, പൂഞ്ഞാറിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ, റാന്നിയിൽ പ്രമോദ് നാരായണൻ, ചങ്ങനാശേരിയിൽ അഡ്വ. ജോബ് മൈക്കിൾ എന്നീ സിറ്റിങ് എം.എൽ.എമാരാണ് പരാജയപ്പെട്ടത്. കടുത്തുരുത്തി, തൊടുപുഴ, പിറവം, പെരുമ്പാവൂർ, ചാലക്കുടി, ഇരിക്കൂർ എന്നിവിടങ്ങളിലും കേരള കോൺഗ്രസ് (എം) സ്ഥാനാർഥികൾ പരാജയപ്പെട്ടു.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് ഉയർന്നുകേട്ട മുന്നണിമാറ്റ വാർത്തകൾ തള്ളി കേരള കോൺഗ്രസിനെ ഇടതുപക്ഷത്തു ചേർത്തുനിർത്തിയ ജോസ് കെ. മാണിയും കൂട്ടരും ഇനിയെന്ത് നിലപാട് സ്വീകരിക്കുമെന്ന് കണ്ടറിയണം. മുന്നണി വിടാതിരിക്കാൻ ചരടുവലിച്ച റോഷി അഗസ്റ്റിന്‍റെ നടപടി പാർട്ടിയിൽ കൂടുതൽ ചർച്ചയാകും.എൻ.സി.പിയിൽനിന്ന് എലത്തൂരിൽ മത്സരിച്ച മന്ത്രി എ.കെ. ശശീന്ദ്രൻ, കുട്ടനാട്ടിൽ സിറ്റിങ് എം.എൽ.എ തോമസ് കെ. തോമസ്, മലപ്പുറത്ത് കെ.ടി. മുജീബ് റഹ്മാൻ എന്നിവരാണ് പരാജയപ്പെട്ടത്. എൻ.സി.പിക്കുള്ളിൽ അന്തഛിദ്രം മൂർഛിച്ച നിലയിലായിരുന്നു. സമ്പൂർണ തോൽവിയോടെ ഭിന്നതകൾ കൂടുതൽ മറനീക്കും.

ജെ.ഡി.എസിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി മത്സരിച്ചില്ല. പകരം ചിറ്റൂരിൽ മത്സരിച്ച മുരുകദാസ് തോറ്റു. തിരുവല്ലയിൽ മുൻ മന്ത്രി മാത്യു ടി. തോമസ് മൂന്നാം സ്ഥാനത്തായി. എറണാകുളത്ത് സാബു ജോർജും പരാജയപ്പെട്ടു. മറ്റൊരു കക്ഷിയായ നാഷനൽ സെക്യുലർ കോൺഫറൻസ് കുന്ദമംഗലത്ത് മാത്രമാണ് മത്സരിച്ചത്. അവിടെ നാലാം തവണ ജനവിധി തേടിയ പാർട്ടി സ്ഥാപകൻ പി.ടി.എ. റഹീം പരാജയപ്പെട്ടു.

ഐ.എൻ.എൽ മത്സരിച്ച കോഴിക്കോട് സൗത്ത്, പാർട്ടി സ്വതന്ത്രനെ മത്സരിപ്പിച്ച കാസർകോട് മണ്ഡലങ്ങളിൽ രണ്ടിടത്തും അവർക്ക് നിലംതൊടാനായില്ല. കോഴിക്കോട് സൗത്തിൽ സിറ്റിങ് എം.എൽ.എയും മുൻ മന്ത്രിയുമായ അഹമ്മദ് ദേവർകോവിലാണ് തോറ്റത്. പത്തനാപുരത്ത് കേരള കോൺഗ്രസ് (ബി)യിലെ മന്ത്രി കെ.ബി. ഗണേഷ്കുമാറും കണ്ണൂരിൽ കോൺഗ്രസ് (എസ്)ലെ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും തോറ്റതോടെ വർഷങ്ങൾക്കുശേഷം രണ്ടു പാർട്ടികൾക്കും നിയമസഭ പ്രാതിനിധ്യമില്ലാതായി. ആന്‍റണി രാജു കേസിൽ കുടുങ്ങി ഇത്തവണ മത്സരിക്കാത്തതിനാൽ ജനാധിപത്യ കേരള കോൺഗ്രസിനും നിയമസഭ പ്രാതിനിധ്യം നഷ്ടമായി. 25 വർഷം കുന്നത്തൂരിൽനിന്ന് തുടർച്ചയായി എം.എൽ.എയായ കോവൂർ കുഞ്ഞുമോൻ തോറ്റതോടെ ആർ.എസ്.പി ലെനിനിസ്റ്റ് ചിത്രത്തിൽനിന്ന് പുറത്താകുന്ന ഒമ്പതാമത്തെ പാർട്ടിയായി.

Show Full Article
TAGS:LDF Election News kerala congres m Jose K Mani political crisis 
News Summary - Nine parties face uncertain political future after becoming a full-fledged party
Next Story