കണ്ണൂരിൽ പടക്കംപൊട്ടി കുട്ടി മരിച്ചു; ദുരന്തം മന്ത്രിസഭ അധികാരമേറ്റതിന്റെ ആഹ്ലാദപ്രകടനത്തിൽ ബാക്കിവന്ന പടക്കം പൊട്ടിക്കുന്നതിനിടെ
text_fieldsഅഴീക്കോട് (കണ്ണൂർ): അഴീക്കോട് പുന്നക്കപ്പാറയിൽ പടക്കം പൊട്ടിത്തെറിച്ച് വിദ്യാർഥി മരിച്ചു. പുന്നക്കപ്പാറ ഉജ്റ മസ്ജിദിന് സമീപത്തെ പാറപ്പുറത്ത് കുഞ്ഞിക്കിഴക്കിൽ ഹൗസിലെ പി.കെ. അമാനാണ് (ഒമ്പത്) മരിച്ചത്. ഒപ്പമുണ്ടായിരുന്ന അമാന്റെ സഹോദരൻ അൻഫാൽ (12), ബദാവി (ഏഴ്), സൽമാനുൽ ഫാരിസ് (12) എന്നിവർക്ക് പരിക്കേറ്റു. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 11.50ഓടെയാണ് സംഭവം.
യു.ഡി.എഫ് സർക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങിന്റെ ഭാഗമായി പ്രദേശത്തെ കോൺഗ്രസ് ഓഫിസ് മുണ്ടച്ചാലി ബാപ്പു സ്മാരകമന്ദിരത്തിന് സമീപം പടക്കം പൊട്ടിച്ച് ആഹ്ലാദപ്രകടനം നടന്നിരുന്നു. ഇവിടെ ബാക്കിവന്ന പടക്കങ്ങളും മറ്റ് പൊട്ടാത്ത പടക്കങ്ങളും ശേഖരിച്ച് കുട്ടികൾ എതിർവശത്തെ മൈതാനത്ത് എത്തുകയായിരുന്നുവെന്ന് പറയുന്നു. കുറ്റിയിൽ പടക്കങ്ങൾ നിറച്ചശേഷം കുട്ടികൾ തീകൊളുത്തുകയും വലിയൊരു പൊട്ടിത്തെറിയുണ്ടാകുകയുമായിരുന്നു. ശബ്ദംകേട്ട് സമീപവാസികൾ മൈതാനത്തെത്തിയപ്പോൾ ചോര വാർന്നൊലിച്ച് കിടക്കുകയായിരുന്നു അമാൻ.
റിട്ട. അഗ്നിരക്ഷസേന ഉദ്യോഗസ്ഥനായ മുസ്തഫ അമാനെ റോഡിലേക്ക് എത്തിക്കുകയും ഓട്ടോയിൽ ജില്ല ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. തുടർന്ന് ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. മത്സ്യത്തൊഴിലാളിയായ ഉബൈദിന്റെയും കെ.കെ. റംസീനയുടെ മകനാണ് അമൻ. അഴീക്കോട് വെസ്റ്റ് യു.പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരങ്ങൾ: അൻഫാൽ, അഫാൻ. മൃതദേഹം കണ്ണൂർ ജില്ല ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. കാലിന് ഗുരുതരമായി പരിക്കേറ്റ സൽമാനുൽ ഫാരിസ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനായി.
വളപട്ടണം എസ്.എച്ച്.ഒ അഭിഷേക് ഷിറ, ഇൻസ്പെക്ടർ പി. ജിതേഷ് തുടങ്ങിയവർ സ്ഥലത്തെത്തി സമീപത്തെ സി.സി.ടി.വി കാമറദൃശ്യങ്ങൾ ശേഖരിച്ചു. കണ്ണൂരിൽനിന്നുള്ള ഫോറൻസിക് സംഘം പരിശോധന നടത്തി.


