നിപ: പുതിയ കേസുകളില്ല, മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
text_fieldsകോഴിക്കോട്: ജില്ലയില്‍ പുതിയ നിപ കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരന്‍ അറിയിച്ചു. എന്നാല്‍, ക്വാറന്റൈനിലുള്ള മൂന്നുപേരെ നിരീക്ഷണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും സ്രവങ്ങള്‍ പരിശോധനക്കയക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളയാള്‍ക്ക് മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനപ്രകാരം ഐ.എം.സി.ആര്‍ മാനദണ്ഡങ്ങള്‍ പാലിച്ച് മോണോ ക്ളോണല്‍ ആന്റിബോഡി ആദ്യത്തെ ഡോസ് നല്‍കിയിട്ടുണ്ട്.
പുതുതായി 10 പേരെ കൂടി സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഹൈയസ്റ്റ് റിസ്‌ക് വിഭാഗത്തില്‍ നാലു പേരും ഹൈ റിസ്‌കില്‍ 16 പേരും ലോ റിസ്‌കില്‍ 67 പേരും ഉള്‍പ്പെടെ നിലവില്‍ 87 പേരാണ് പട്ടികയിലുള്ളത്. നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ള എല്ലാവരെയും ദിവസം രണ്ടുനേരം കണ്‍ട്രോള്‍ റൂമില്‍നിന്ന് വിളിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിപ്പ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാമനാട്ടുകര നഗരസഭയിലെ അഞ്ചാം ഡിവിഷനിലുള്ള 286 വീടുകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സര്‍വേ നടത്തി. പനിയുള്ള 12 പേരെ കണ്ടെത്തി. എന്നാല്‍, നിപയുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങള്‍ ഇവരില്‍ കണ്ടെത്തിയിട്ടില്ല. രാമനാട്ടുകര നഗരസഭയില്‍ ഇന്നും ആര്‍.ആര്‍.ടി യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. നാഷനല്‍ ഡിസീസ് കണ്‍ട്രോള്‍ സെന്ററില്‍ (എന്‍.സി.ഡി.സി) നിന്നുള്ള വിദഗ്ധര്‍ ശനിയാഴ്ച ജില്ലയില്‍ സന്ദര്‍ശനം നടത്തും.
രോഗ വ്യാപന സാധ്യത കുറവ്; ആശങ്ക വേണ്ടെന്ന് വിദഗ്ധർ
ഫറോക്ക്: ഫാറൂഖ് കോളജ് മേലേവാരം സ്വദേശിക്ക് നിപ സ്ഥിതീകരിച്ചതിനെ തുടർന്ന് രോഗവ്യാപനം ഉണ്ടാകുമെന്ന ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ക്വാറന്റയിനിൽ കഴിഞ്ഞുവരുന്ന അടുത്ത സമ്പർക്കം പുലർത്തിയവർക്കും ആരോഗ്യ പ്രവർത്തകർക്കും രോഗലക്ഷണങ്ങൾ ഇതേവരെ കണ്ടെത്താത്ത സ്ഥിതിക്ക് വ്യാപനം ഉണ്ടാകാൻ സാധ്യത കുറവായിരിക്കുമെങ്കിലും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.
രോഗം മൂർച്ഛിച്ചതിനു ശേഷം പ്രവേശിപ്പിക്കപെട്ട രോഗിയെ പരിചരിച്ച കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലുള്ള ആരോഗ്യ പ്രവർത്തകരാണ് കൂടുതൽ ജാഗ്രത പാലിക്കേണ്ടതെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. കാരാട് റോഡിൽ പ്രവർത്തിക്കുന്ന ഗോഡൗൺ വൃത്തിയാക്കുന്ന വേളയിൽ വവ്വാൽ കാഷ്ഠം പൊടി രൂപത്തിൽ മൂക്കിലൂടെ ശരീരത്തിൽ കയറിയതാകാമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറത്തു നിന്ന് ആരോഗ്യ വിഭാഗം പ്രവർത്തകർ സംഭവസ്ഥലം പരിശോധിച്ചു. സമീപ പ്രദേശങ്ങളിലുള്ളവർക്ക് ജാഗ്രതാ നിർദേശവും നൽകി.
മൃഗസംരക്ഷണ വകുപ്പ് കണ്‍ട്രോള്‍ റൂം ആരംഭിച്ചു
കോഴിക്കോട്: ജില്ലയില്‍ നിപ രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മൃഗങ്ങളില്‍ നിന്നുള്ള രോഗപ്പകര്‍ച്ച തടയുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ല തല കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. കോഴിക്കോട് ബാങ്ക് റോഡിലുള്ള ജില്ല മൃഗസംരക്ഷണ ഓഫിസിന് കീഴിലെ അനിമല്‍ ഡിസീസ് കണ്‍ട്രോള്‍ പ്രോജക്ട് ഓഫിസിലാണ് കണ്‍ട്രോള്‍ റൂം ഒരുക്കിയിരിക്കുന്നത്.
രോഗബാധ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളിലെ വവ്വാലുകളുടെ സാന്നിധ്യമുള്ള ഇടങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍, പന്നി ഫാമുകള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രത്യേക നിരീക്ഷണവും പരിശോധനകളും ആരംഭിച്ചു. മൃഗങ്ങളിലെ രോഗലക്ഷണങ്ങള്‍, വവ്വാലുകളുടെ സാന്നിധ്യം തുടങ്ങിയ വിവരങ്ങള്‍ കണ്‍ട്രോള്‍ റൂം നമ്പറായ 0495 2762050ല്‍ അറിയിക്കാം.
ജാഗ്രതാ നിര്‍ദേശങ്ങള്‍
വവ്വാലുകള്‍ കടിക്കുകയോ അവയുടെ ഉമിനീര്, കാഷ്ഠം എന്നിവ കലരാന്‍ സാധ്യതയുള്ളതോ ആയ കാട്ടുപഴങ്ങളോ നിലത്തുവീണ പഴങ്ങളോ ഭക്ഷിക്കരുത്. കിണറുകളില്‍ വവ്വാലുകളുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടാല്‍ വലയിട്ട് സുരക്ഷിതമാക്കുകയോ വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്തു മാത്രം ഉപയോഗിക്കുകയോ ചെയ്യുക. വളര്‍ത്തുമൃഗങ്ങളില്‍ അസ്വാഭാവിക രോഗലക്ഷണങ്ങളോ മരണങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ കണ്‍ട്രോള്‍ റൂമിലോ അടുത്തുള്ള മൃഗാശുപത്രിയിലോ അറിയിക്കുക.
മൃഗങ്ങളെ സ്വയം ചികിത്സിക്കാന്‍ ശ്രമിക്കരുത്. രോഗബാധിത പ്രദേശങ്ങളില്‍ മൃഗങ്ങളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ ഗ്ലൗസ്, മാസ്ക് എന്നിവ ഉള്‍പ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും മൃഗസംരക്ഷണ വകുപ്പും ആരോഗ്യ വകുപ്പും നല്കുന്ന ഔദ്യോഗിക നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജില്ല മൃഗസംരക്ഷണ ഓഫിസര്‍ അറിയിച്ചു.


