എ ഗ്രേഡ് കിട്ടാതായതോടെ അപ്പീലിന് കെട്ടിവെച്ച കാശ് നഷ്ടമായി; നാട്ടിൽ പോകാൻ പണമില്ലാതായി അശ്വിനും കുടുംബവും
text_fieldsതൃശൂർ: ഒന്നാം വേദിക്കരികിൽ ഹയർ സെക്കൻഡറി വിഭാഗം ആൺകുട്ടികളുടെ ഭരതനാട്യ മത്സരം കഴിഞ്ഞ് കാത്തിരിക്കുകയായിരുന്നു അശ്വിനും കുഞ്ഞനിയത്തിമാരും മാതാപിതാക്കളും. അപ്പീലിന് കെട്ടിവെച്ച പണം കിട്ടിയിട്ടുവേണം വീട്ടിലേക്ക് മടങ്ങാൻ. തിരുവനന്തപുരത്തേക്ക് ബസിനു പോകാൻപോലും അഞ്ചുപൈസ കൈയിലില്ല.
മണിക്കൂറുകളോളം കാത്തിരുന്ന് ഫലപ്രഖ്യാപനം കഴിഞ്ഞതോടെ നിരാശയായി. അശ്വിന് ബി ഗ്രേഡ് മാത്രം. കെട്ടിവെച്ച കാശ് കിട്ടില്ല. എ ഗ്രേഡ് കിട്ടിയാൽ പണം തിരിച്ചുകിട്ടുമായിരുന്നു. എങ്ങനെ മടങ്ങുമെന്നറിയാതെ ഇരുന്ന ഇവർക്ക് തുണയായത് നൃത്താധ്യാപികയാണ്. അധ്യാപിക രാഗിണി ആർ. പണിക്കർ ബസിന് പൈസ അയച്ചുകൊടുത്തതോടെയാണ് അശ്വിന്റെ മാതാപിതാക്കളുടെ നെഞ്ചിലെ തീയണഞ്ഞത്.
തിരുവനന്തപുരം തുണ്ടത്തിൽ മാധവവിലാസം സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് നിർധന കുടുംബാംഗമായ അശ്വിൻ. ജില്ല മത്സരത്തിനിടെ സ്റ്റേജിൽ കൈ കുത്തിയതോടെയാണ് സംസ്ഥാന തലത്തിലേക്ക് മത്സരിക്കാൻ അർഹനല്ലാതായത്. അപ്പീൽ നൽകിയെങ്കിലും പണം കെട്ടിവെക്കണമെന്നറിയുമായിരുന്നില്ല. കടം വാങ്ങി പണം കെട്ടിവെച്ച്, നന്നായി കളിക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് തൃശൂരിലെത്തിയത്. നൃത്തപരിശീലനം ആരംഭിച്ചിട്ട് അഞ്ചുവർഷമേ ആയുള്ളൂ. അധ്യാപികയും നാട്ടുകാരുമാണ് സഹായത്തിനുള്ളത്. പിതാവ് സുരേഷ് വാടകക്ക് ഓട്ടോ ഓടിക്കുകയാണ്. മാളുവാണ് അമ്മ.


