ഓപറേഷൻ ‘സെക്വർ ലാൻഡി’നുശേഷവും വകുപ്പ്തല നടപടിയില്ല
text_fieldsമലപ്പുറം: ഓപറേഷൻ ‘സെക്വർ ലാൻഡ്’ എന്ന പേരിൽ നടന്ന വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ സബ് രജിസ്ട്രാർ ഓഫിസുകളിൽ വ്യാപകമായ അഴിമതി കണ്ടെത്തിയിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിക്ക് മടിച്ച് രജിസ്ട്രേഷൻ വകുപ്പ്. ആഗസ്റ്റ് ഏഴിനായിരുന്നു സംസ്ഥാനത്തെ തിരഞ്ഞെടുത്ത 72 സബ് രജിസ്ട്രാർ ഓഫിസുകളിൽ വിജിലൻസിന്റെ പരിശോധന.
വ്യാപകമായി ക്രമക്കേടുകൾ കണ്ടെത്തുകയും പണം പിടിച്ചെടുക്കുകയും ചെയ്തിട്ടും കുറ്റക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാട് രജിസ്ട്രേഷൻ വകുപ്പ് തുടരുകയാണ്. രണ്ടാഴ്ചക്കുശേഷവും ക്രമക്കേടിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയില്ല. വിജിലൻസ് റെയ്ഡിൽ ഉദ്യോഗസ്ഥരുടെ ഗൂഗ്ൾ പേ അക്കൗണ്ടിലേക്ക് ഇടനിലക്കാർ ലക്ഷങ്ങൾ അയച്ചുകൊടുത്തതിന്റെ തെളിവുകൾ പുറത്തുവന്നിരുന്നു.
വിവിധ സബ് രജിസ്ട്രാർ ഓഫിസുകളിൽ, ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാനായി എത്തിയ 15 ഏജന്റുമാരിൽനിന്നായി 1,46,375 രൂപയും, ഏഴ് സബ് രജിസ്ട്രാർ ഓഫിസുകളിലെ റെക്കോഡ് റൂമുകളിൽ ഒളിപ്പിച്ച നിലയിൽ കാണപ്പെട്ട കൈക്കൂലിപ്പണമായ 37,850 രൂപയും, നാല് ഉദ്യോഗസ്ഥരുടെ പക്കൽനിന്നായി കണക്കിൽപെടാത്ത 15,190 രൂപയും പിടിച്ചെടുത്തിരുന്നു. വിവിധ സബ് രജിസ്ട്രാർ ഓഫിസുകളിലെ 19 ഉദ്യോഗസ്ഥർ വിവിധ ആധാരമെഴുത്തുകാരുടെ പക്കൽനിന്നായി 9,65,905 രൂപ യു.പി.ഐ മുഖാന്തരം കൈക്കൂലി പണമായി കൈപ്പറ്റിയതായും കണ്ടെത്തിയിരുന്നു.