മന്ത്രിമാരുടെ വകുപ്പുകളിൽ വിജ്ഞാപനമായില്ല; വിഭജന തർക്കം
text_fieldsതിരുവനന്തപുരം: തർക്കം തുടരുന്നതിനാൽ സത്യപ്രതിജ്ഞ ചെയ്ത് രണ്ടുദിവസം കഴിഞ്ഞിട്ടും മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് ഗസറ്റ് വിജ്ഞാപനം ഇറങ്ങിയില്ല. ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗിന് നൽകരുതെന്ന് കോൺഗ്രസിലെ ഒരുവിഭാഗം ആവശ്യപ്പെടുന്നതും ഉന്നത വിദ്യാഭ്യാസം തിരിച്ചുനൽകണമെങ്കിൽ ഫിഷറീസ് വേണമെന്ന് ലീഗ് കടുത്ത നിലപാടെടുത്തതുമാണ് തീരുമാനം വൈകുന്നതിന് പ്രധാന കാരണം.
ദേവസ്വം വകുപ്പുമായി ബന്ധപ്പെട്ടും അന്തിമ തീരുമാനമായില്ലെന്ന് അറിയുന്നു. ബുധനാഴ്ച മന്ത്രിസഭയുടെ രണ്ടാംയോഗം ചേരും. അതിനുമുമ്പ് ഗസറ്റ് വിജ്ഞാപനം ഇറങ്ങുമെന്നാണ് സൂചന.
ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് പൊതുവിദ്യാഭ്യാസ വകുപ്പ് ഉൾപ്പെടെ കൈകാര്യം ചെയ്തത് മുസ്ലിം ലീഗാണ്. എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് ഉന്നത വിദ്യാഭ്യാസം, പൊതുവിദ്യാഭ്യാസം എന്നിവ രണ്ടു വകുപ്പുകളാക്കി, രണ്ടു മന്ത്രിമാരെ നിയോഗിക്കുകയായിരുന്നു. സമാനമായ രീതിയിൽ മന്ത്രിമാരെ നിയോഗിക്കാനാണ് യു.ഡി.എഫ് സർക്കാറും തീരുമാനിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് റോജി എം. ജോണിനെ ഉന്നത വിദ്യാഭ്യാസ മന്ത്രിയാക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. എന്നാൽ, ഉന്നത വിദ്യാഭ്യാസം വിട്ടുകൊടുക്കണമെങ്കിൽ ഫിഷറീസ് അടക്കം കോൺഗ്രസിന്റെ കൈയിലുള്ള വകുപ്പ് വേണമെന്ന് ലീഗ് നിർബന്ധം പിടിച്ചിരിക്കുകയാണ്.
ഫിഷറീസ് വകുപ്പ് കോൺഗ്രസ് തന്നെ കൈവശംവെക്കണമെന്ന ആവശ്യം ഉയർന്നതാണ് പ്രശ്നമായത്. ലത്തീൻ കത്തോലിക്ക സഭയും ഈ ആവശ്യം ഉന്നയിച്ചതോടെ പ്രതിസന്ധി രൂക്ഷമായി. പ്രശ്നം നിലനിൽക്കെ ചൊവ്വാഴ്ച രാത്രി മന്ത്രിമാരായ കെ. മുരളീധരനും സി.പി. ജോണും ബിഷപ് ആസ്ഥാനത്തെത്തി.
വനം വകുപ്പ് ലഭിക്കുമെന്ന് പ്രതീക്ഷിച്ച ടി. സിദ്ദീഖിന് കൃഷി വകുപ്പ് ഏറ്റെടുക്കുന്നതിനോട് താൽപര്യമില്ലെന്നറിയുന്നു. വനം വകുപ്പ് ഷിബു ബേബി ജോണിനാണ് നൽകിയത്. ദേവസ്വം കെ. മുരളീധരൻ, എ.പി. അനിൽകുമാർ എന്നിവരിൽ ആർക്ക് നൽകണമെന്നതിലും അന്തിമ തീരുമാനമായില്ല.
മുസ്ലിം ലീഗിലാകട്ടെ, പൊതുമരാമത്ത് വകുപ്പ് പി.കെ. ബഷീറിനോ വി.ഇ. അബ്ദുൽ ഗഫൂറിനോ നൽകുന്ന കാര്യത്തിൽ അന്തിമ തീരുമാനമായില്ല. ഇത്തരം തർക്കങ്ങൾ കാരണമാണ് വകുപ്പ് വിജ്ഞാപനം വൈകുന്നത്. എത്രയും പെട്ടെന്ന് വിജ്ഞാപനം ഇറങ്ങുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് വൃത്തങ്ങൾ പറയുന്നത്.
അതിനിടെ, മുഖ്യമന്ത്രി വി.ഡി. സതീശന്റെ വകുപ്പുകളിൽ ലക്ഷ്യമിട്ട് കോൺഗ്രസിലെ ഒരുവിഭാഗം നീക്കം നടത്തുന്നുണ്ട്. മുഖ്യമന്ത്രിയുടെ കൈവശമുള്ള ഒരു വകുപ്പ് നൽകി പ്രശ്നം പരിഹരിക്കണമെന്ന നിർദേശവും അവർ മുന്നോട്ട് വെക്കുന്നു. തുറമുഖം, നിയമം, ധനം തുടങ്ങിയ സുപ്രധാന വകുപ്പുകൾ നിലവിലെ തീരുമാനപ്രകാരം മുഖ്യമന്ത്രിയാണ് കൈകാര്യം ചെയ്യുന്നത്. എന്തായാലും തർക്കങ്ങൾ പരിഹരിച്ച് ബുധനാഴ്ചതന്നെ വിജ്ഞാപനം ഇറങ്ങുമെന്നാണ് സർക്കാർ വൃത്തങ്ങളുടെ സൂചന. വകുപ്പുകളിൽ വ്യക്തത വന്ന മന്ത്രിമാർ അവരുടേതായ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ആഭ്യന്തര വകുപ്പ് ഉൾപ്പെടെയുള്ളവയിൽനിന്ന് സുപ്രധാന ഉത്തരവുകൾ പുറത്തിറങ്ങി.


