ഇനി ‘ബാലസുരക്ഷ സമിതികൾ,’ ബാലസംരക്ഷണ സമിതികൾ ഉടച്ചുവാർത്ത് സർക്കാർ
text_fieldsകോഴിക്കോട്: നിയമസഹായവും സുരക്ഷയും സംരക്ഷണവും ആവശ്യമാകുന്ന കുട്ടികളുടെ എണ്ണം വർധിക്കുന്നതിനാൽ തദ്ദേശ സ്ഥാപനങ്ങളിലെ ബാലസംരക്ഷണ സമിതികൾ ഉടച്ചുവാർത്ത് സർക്കാർ. നിയമവുമായി കലഹിക്കുന്ന പ്രായപൂർത്തിയാവാത്ത കുട്ടികളുടെ സംരക്ഷണം, പുനരധിവാസം-നിയമസംരക്ഷണം എന്നിവ ആവശ്യമുള്ള മറ്റു കുട്ടികൾ എന്നിവരുടെ ഉന്നമനത്തിനായി പുനഃസംഘടിപ്പിച്ച സമിതികൾ ‘ബാലസുരക്ഷ സമിതികൾ’ എന്നാകും അറിയപ്പെടുക. കാര്യക്ഷമമായ രീതിയിൽ പ്രവർത്തനം നടക്കുന്നതിനാണ് പുതിയ പരിഷ്കരണം.
തദ്ദേശ സ്ഥാപനങ്ങളിൽ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം കൈകാര്യംചെയ്യുന്ന ക്ഷേമകാര്യ സ്ഥിരംസമിതികൾക്ക് കീഴിലായിരുന്നു ബാലസംരക്ഷണ സമിതികൾ പ്രവർത്തിച്ചിരുന്നത്. കമ്മിറ്റികളിൽ ജനപ്രതിനിധികൾ മാത്രമായിരുന്നു അംഗങ്ങൾ എന്നതിനാൽ, ചുമതലകൾ നിർവഹിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന തിരിച്ചറിവിലാണ് പുതിയ അംഗങ്ങളെയും മിഷൻ വാത്സല്യയുടെ മാർഗനിർദേശങ്ങളിലെ ചുമതലകളും ചേർത്ത് ‘ബാലസുരക്ഷ സമിതി’ രൂപവത്കരിച്ചത്.
അതിജീവിതരും പുനരധിവസിപ്പിക്കപ്പെടുന്നവരും സംരക്ഷണം ആവശ്യമായവരും കുട്ടികളായതിനാൽ പഞ്ചായത്ത് കേന്ദ്രീകരിച്ചുള്ള കമ്മിറ്റികളിൽ നിലവിലെ അംഗങ്ങൾക്ക് പുറമെ ചെയർപേഴ്സൻ നാമനിർദേശം ചെയ്യുന്ന ഓരോ ആൺകുട്ടിയും പെൺകുട്ടിയും ഉണ്ടാകും. ജില്ല ശിശു സംരക്ഷണ യൂനിറ്റിന്റെ പ്രതിനിധി, ഡി.സി.പി.ഒ നിർദേശിക്കുന്ന സ്കൂൾ കൗൺസലർ, ജില്ല വനിത ശിശു വികസന ഓഫിസർ നാമനിർദേശം ചെയ്യുന്ന അംഗൻവാടി വർക്കർ, ഡി.ഇ.ഒ നാമനിർദേശം ചെയ്യുന്ന ഗ്രാമപഞ്ചായത്തിലെ ഓരോ സ്കൂളുകളിലെയും രണ്ട് അധ്യാപികമാർ എന്നിവരെയും ഉൾപ്പെടുത്തി.


