ഇനി വിലപ്പോവില്ല വലതുപക്ഷ ഗൂഢപദ്ധതികൾ
text_fieldsഇന്ത്യയിലെ ജനാധിപത്യത്തെയും മതേതരത്വത്തെയും മനുഷ്യാവകാശങ്ങളെയും സമത്വ സ്വപ്നങ്ങളെയും സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പാണ് കഴിഞ്ഞുപോയത്. ഈ തെരഞ്ഞെടുപ്പ് നമ്മെ പല പാഠങ്ങളും പഠിപ്പിക്കുന്നുണ്ടെന്ന് ഞാൻ വിചാരിക്കുന്നു. ഒന്നാമത്, സ്വേച്ഛാധിപത്യവും മതാധിപത്യവും ദീർഘകാലം നമ്മുടേത് പോലെയുള്ള ഒരു ബഹുമുഖ, ബഹുസ്വര സമൂഹത്തിൽ നിലനിൽക്കുകയില്ല.
രണ്ടാമത്, താൽക്കാലികമായി മാധ്യമങ്ങളിലെയും സമൂഹമാധ്യമങ്ങളിലെയും പ്രചാരണങ്ങളിലൂടെ ഉണ്ടാക്കിയെടുക്കുന്ന കരിഷ്മ, അഥവാ ആകർഷണീയത ദീർഘകാലം നീണ്ടുനിൽക്കുകയില്ല. ഒരു നേതാവിനും തന്റെ ബിംബം കൊണ്ട് അധികകാലം ജനങ്ങളെ വഞ്ചിക്കുന്നത് തുടരാനാവില്ല. മൂന്നാമത്, നമ്മുടെ പ്രതിപക്ഷം ഒരുമിച്ചു നിൽക്കുകയാണെങ്കിൽ അനായാസം ഈ വലതുപക്ഷ ശക്തികളെ തോൽപിക്കാനാവും.
എനിക്കുണ്ടായ ഒരേയൊരു നൈരാശ്യം ഈ കൂട്ടായ്മയിൽ നിതീഷിനെപ്പോലുള്ളവർ ചേർന്നില്ല എന്നതാണ്. നിതീഷിന്റെ പാർട്ടിയും ടി.ഡി.പിയും ഈ സഖ്യത്തിൽ ഉണ്ടായിരുന്നുവെങ്കിൽ ഒരു പക്ഷേ സർക്കാറിന്റെ മാറ്റത്തിലേക്കുതന്നെ അത് നയിക്കുമായിരുന്നു. ഇനിയും അത്തരം സാധ്യതകളെ ഞാൻ തള്ളിക്കളയുന്നില്ല എങ്കിൽപോലും അതേക്കുറിച്ച് വളരെ വലിയ സ്വപ്നങ്ങൾ തൽക്കാലം ഞാൻ സൂക്ഷിക്കുന്നില്ല.
ഇത് നമ്മുടെ പ്രതിപക്ഷത്തിന് കൃത്യമായ ഒരു ദിശാബോധം നൽകുമെന്ന് ഞാൻ കരുതുന്നു. മറ്റൊന്ന് നമ്മുടെ ജനാധിപത്യവും അതിന്റെ ലിബറൽ സ്വഭാവവും എല്ലാത്തരം ആക്രമണങ്ങളെയും അതിജീവിക്കാൻ കരുത്തുള്ളതാണ് എന്നതാണ്. നമ്മുടെ ഭരണഘടനയേയും ജനാധിപത്യത്തെയും തകർക്കാനുള്ള കരുത്ത് വലതുപക്ഷത്തിന് ഇനി ഒരിക്കലും തന്നെ ഉണ്ടാവുകയില്ല എന്നുതന്നെ നമുക്ക് പൂർണമായും വിശ്വസിക്കാം.
വലതുപക്ഷ ഭരണകൂടം ഒരിക്കൽകൂടി അധികാരത്തിലേറിയാൽപോലും അവർ കാലങ്ങളായി മനസ്സിൽ കൊണ്ടുനടക്കുന്ന ഗൂഢപദ്ധതികൾ നടപ്പാക്കാനോ പുതിയ കുതന്ത്രങ്ങൾ ആഗ്രഹിക്കുന്നതു വിധം ആവിഷ്കരിക്കാനോ സാധിക്കുകയില്ല. ശക്തമായ ഒരു പ്രതിപക്ഷത്തിന്റെ സാന്നിധ്യം നമ്മുടെ ജനാധിപത്യത്തെ കൂടുതൽ ശക്തമാക്കുകയും മനുഷ്യാവകാശങ്ങൾക്കും പീഡിതരായ ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ളവരുടെ അവകാശങ്ങൾക്ക് വേണ്ടിയുമുള്ള സമരങ്ങൾക്ക് കൂടുതൽ കരുത്ത് പകരുകയും ചെയ്യും.