Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുതിയ ത്രീ സ്റ്റാർ...

പുതിയ ത്രീ സ്റ്റാർ ബാറുകൾക്ക് അനുമതിയില്ല; മദ്യനയത്തിൽ കടുത്ത നിയന്ത്രണങ്ങളുമായി സർക്കാർ

text_fields
bookmark_border
പുതിയ ത്രീ സ്റ്റാർ ബാറുകൾക്ക് അനുമതിയില്ല; മദ്യനയത്തിൽ കടുത്ത നിയന്ത്രണങ്ങളുമായി സർക്കാർ
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യലഭ്യത ഘട്ടംഘട്ടമായി കുറക്കുന്നതിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങളുമായി കേരള സർക്കാർ. പുതിയ കരടു നിർദേശപ്രകാരം ഇനി സംസ്ഥാനത്ത് ത്രീ സ്റ്റാർ ഹോട്ടലുകൾക്ക് പുതിയതായി ബാർ ലൈസൻസുകൾ അനുവദിക്കില്ല. എങ്കിലും, നിലവിൽ ലൈസൻസുള്ള ബാറുകൾക്ക് പ്രവർത്തനം തുടരാനും ലൈസൻസ് പുതുക്കിനൽകാനും അനുമതിയുണ്ടാകും. നിലവിലെ ലൈസൻസുകൾ പുതുക്കാമെന്നതിനാൽ ഇപ്പോഴുള്ള ബാറുകളുടെ ആകെ എണ്ണം കുറയില്ല. സംസ്ഥാനത്ത് ആകെ 906 ബാറുകളാണ് ഉള്ളത്. ഇതിൽ ഭൂരിഭാഗവും അതായത് 515 എണ്ണവും ത്രീ സ്റ്റാർ ക്ലാസിഫിക്കേഷനുള്ളവയാണ്.

നയപരമായ ഈ മാറ്റത്തിന് പിന്നിൽ വ്യക്തമായ ചരിത്രവുമുണ്ട്. സംസ്ഥാനത്ത് 720 ബാറുകൾ മാത്രമുണ്ടായിരുന്ന കാലത്ത്, ഫൈവ് സ്റ്റാറുകൾക്ക് മാത്രം ബാർ മതി എന്ന് 2014ൽ ഉമ്മൻചാണ്ടി സർക്കാർ തീരുമാനമെടുത്തിരുന്നു. എന്നാൽ, ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോൾ ത്രീ സ്റ്റാറും അതിനു മുകളിലുള്ള ക്ലാസിഫിക്കേഷനുള്ള ഹോട്ടലുകൾക്കും ബാർ ലൈസൻസ് നൽകാമെന്ന് നയം മാറ്റുകയായിരുന്നു. ഈ നയത്തിനാണ് ഇപ്പോൾ വീണ്ടും മാറ്റം വരുന്നത്.

ബാറുകളുടെ എണ്ണത്തിൽ വലിയ തോതിലുള്ള വർധനവ് തടയുക, സർക്കാരിന് ലഭിക്കുന്ന വരുമാനത്തോടൊപ്പം സാമ്പത്തിക ബാധ്യതകളും ആരോഗ്യപരമായ തിക്തഫലങ്ങളും ലഘൂകരിക്കുക എന്നിവയാണ് ഈ നയമാറ്റത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.അന്തിമ തീരുമാനമെടുക്കേണ്ടത് യുഡിഎഫും മന്ത്രിസഭയുമാണ്

ബാറുകളുടെ പ്രവർത്തന സമയത്തിലും പൊളിച്ചെഴുത്തുകൾ ഉണ്ടായേക്കും. കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത് മുഴുവൻ ബാറുകളുടെയും പ്രവർത്തന സമയം രണ്ട് മണിക്കൂർ വർധിപ്പിച്ചിരുന്നു. എന്നാൽ പുതിയ ആലോചന പ്രകാരം ഇനി നഗരങ്ങളിൽ രാത്രി 12 വരെ മാത്രം ബാറുകൾ പ്രവർത്തിച്ചാൽ മതിയാകും. അതേസമയം, ഗ്രാമീണ മേഖലകളിൽ വിമാനത്താവളം, ഐടി പാർക്ക് എന്നിങ്ങനെ ടൂറിസ്റ്റുകളും രാത്രി ജോലിക്കാരും ഇടപഴകുന്ന പ്രത്യേക മേഖലകൾ ഉണ്ടെങ്കിൽ അവിടെ പ്രവർത്തന സമയം നീട്ടിനൽകും. ഇതിനായുള്ള മേഖലകൾ പ്രത്യേകം വിജ്ഞാപനം ചെയ്യും.

സംസ്ഥാനത്ത് പുതിയ ബെവ്കോ ഔട്ട്‌ലെറ്റുകൾ ആരംഭിക്കേണ്ടതില്ലെന്നും കരട് മദ്യനയത്തിൽ നിർദേശമുണ്ട്. നിലവിലുള്ള ഔട്ട്‌ലെറ്റുകൾ ഏതെങ്കിലും കാരണവശാൽ മാറ്റിസ്ഥാപിക്കേണ്ടിവന്നാൽ കൂടുതൽ കർശനമായ നിബന്ധനകൾ പാലിക്കേണ്ടിവരും. പാർക്കിങ് സൗകര്യങ്ങൾ ഉൾപ്പെടെ ബാർ ലൈസൻസിന് ആവശ്യമായ മുഴുവൻ വ്യവസ്ഥകളും പുതിയ ഔട്ട്ലെറ്റ് മാറ്റങ്ങൾക്കും ബാധകമാക്കും.

റോഡപകടങ്ങൾ തടയുന്നതിന്റെ ഭാഗമായി മാതൃകാപരമായ മറ്റൊരു നിയമനിർമാണത്തിനും സർക്കാർ ഒരുങ്ങുന്നു. ബാറിൽ മദ്യപിക്കുന്നവർ വാഹനമോടിച്ചു പുറത്തിറങ്ങുന്നതിന്റെ ഉത്തരവാദിത്തം ബാറുടമക്ക് മേൽ ചുമത്തിക്കൊണ്ടുള്ള നിയമം കൊണ്ടുവരും. മദ്യപിച്ചിറങ്ങുന്നവർക്കായി പ്രത്യേക ഡ്രൈവർമാരെ നിയോഗിക്കുകയോ മറ്റ് യാത്രാ സൗകര്യങ്ങൾ ഏർപ്പെടുത്തുകയോ ചെയ്യേണ്ടത് ബാറുടമകളുടെ ബാധ്യതയാക്കി മാറ്റാനാണ് ആലോചന

‘എക്സ്പീരിയൻസ് ടൂറിസം’ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ‘എക്സ്പീരിയൻസ് ടൂറിസത്തിന്റെ’ കീഴിൽ പുതിയൊരു ഇളവും നിർദേശത്തിലുണ്ട്. അംഗീകൃത ഹോംസ്റ്റേയുടെയോ റിസോർട്ടിന്റെയോ പരിധിയിൽ തെങ്ങിൻതോട്ടമുണ്ടെങ്കിൽ, അതിനുള്ളിൽ കള്ളുഷാപ്പ് പ്രവർത്തിപ്പിക്കാൻ ടൂറിസം സംരംഭകന് അവസരം നൽകും.

എന്നാൽ ഇവിടെ വിനോദസഞ്ചാരികൾക്ക് മാത്രമേ കള്ള് നൽകാൻ പാടുള്ളൂ എന്ന കർശന വ്യവസ്ഥയുമുണ്ടാകും.തയാറാക്കിക്കഴിഞ്ഞ ഈ കരട് നയം ഉടൻ തന്നെ മുഖ്യമന്ത്രിക്ക് കൈമാറും. തുടർന്ന് യു.ഡി.എഫ് യോഗത്തിലും മുന്നണി ഉപസമിതിയിലും വിശദമായി ചർച്ച ചെയ്ത ശേഷമായിരിക്കും അന്തിമ തീരുമാനം പ്രഖ്യാപിക്കുക.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Kerala Liquor Policy bar bevco 
News Summary - No new three-star bar licences in Kerala
Next Story