ആയ കാലത്ത് ജോലിയെടുത്തു; പെൻഷൻ ലഭിക്കാൻ വാർധക്യത്തിലും നെട്ടോട്ടമോടേണ്ട ഗതികേട്; ആരറിയുന്നു ഇവരുടെ ദുരിതം
text_fieldsപാലക്കാട്: വിരമിച്ച് ഒരു വർഷമായിട്ടും അംഗൻവാടി ജീവനക്കാർക്ക് ക്ഷേമനിധിയും പെൻഷനും ലഭിച്ചില്ല. 2024 ഏപ്രിലിൽ വിരമിച്ച വർക്കർമാർക്കും ആയമാർക്കുമാണ് ഇനിയും പെൻഷനും ക്ഷേമനിധി തുകയും ലഭിക്കാത്തത്.
എല്ലാ വർഷവും ഏപ്രിൽ 30നാണ് 62 വയസ്സ് പൂർത്തിയാകുന്ന അംഗൻവാടി ജീവനക്കാർ വിരമിക്കുക. ക്ഷേമനിധിയും പെൻഷൻ അനുബന്ധ കാര്യങ്ങളും കൈകാര്യംചെയ്യുന്നത് തിരുവനന്തപുരത്തെ വനിത-ശിശു വകുപ്പ് ഡയറക്ടറേറ്റാണ്. 62 വയസ്സ് കഴിഞ്ഞ പലരും പെൻഷൻ ലഭിക്കാൻ ഏതു വാതിലാണ് മുട്ടേണ്ടതെന്ന് അറിയാതെ കുഴങ്ങുകയാണ്. 2023ൽ വിരമിച്ചവർക്കുപോലും ക്ഷേമനിധി തുക ലഭിച്ചിട്ടില്ല. 10 വർഷത്തിലധികം ക്ഷേമനിധി അടച്ചവർക്കാണ് പെൻഷൻ ലഭിക്കുക. വർക്കർമാർ 500 രൂപയും ആയമാർ 250 രൂപയുമാണ് ഇതിനായി അടക്കുന്നത്.
ക്ഷേമനിധി തുക വർധിപ്പിച്ചിട്ട് കുറച്ചുകാലമേ ആയിട്ടുള്ളൂവെന്നതിനാൽ തുച്ഛമായ തുകയേ തിരികെ ലഭിക്കൂ. ഇതിൽതന്നെ ആറു മാസത്തിലധികം അവധിയെടുത്ത് ക്ഷേമനിധി അടവ് മുടങ്ങിയവർക്ക് ക്ഷേമനിധിയും പെൻഷനും ലഭിക്കാൻ നിയമ തടസ്സങ്ങളുണ്ട്. കൃത്യമായി ക്ഷേമനിധിയടച്ച് വിരമിച്ച വർക്കർക്ക് 2500 രൂപയും ആയക്ക് 1500 രൂപയുമാണ് ലഭിക്കുക. കെ.കെ. ശൈലജ ടീച്ചർ മന്ത്രിയായിരിക്കെ വർക്കർക്ക് 17,000 രൂപ നൽകുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇപ്പോഴും 13,000 രൂപയും ഹെൽപർക്ക് 9000 രൂപയുമാണ് ലഭിക്കുന്നത്. വനിത-ശിശുക്ഷേമ വകുപ്പിനു കീഴിലെ ആശാകിരണം പദ്ധതിയും താളംതെറ്റിയിട്ട് മാസങ്ങളായി.
കിടപ്പുരോഗികളോ ഭിന്നശേഷിക്കാരനോ വീട്ടിലുണ്ടെങ്കിൽ അവരെ പരിചരിക്കുന്നവർക്കാണ് ആശാകിരണം വഴി 600 രൂപ പ്രതിമാസം ലഭിക്കുക. എന്നാൽ, പദ്ധതി മാസങ്ങളായി മുടങ്ങിയിരിക്കുകയാണ്. 2018നുശേഷം പുതിയ അപേക്ഷകൾ സ്വീകരിച്ചിട്ടുമില്ല.