കോൺഗ്രസിലെ ഇരിക്കൂർ പ്രതിസന്ധിക്ക് അയവില്ല; സജീവ് ജോസഫിനെ അംഗീകരിക്കില്ലെന്ന് എ ഗ്രൂപ്പ്, ചർച്ച പരാജയം
text_fieldsകണ്ണൂർ: ഇരിക്കൂറിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട പ്രശ്നം ഒത്തുതീർക്കാൻ യു.ഡി.എഫ് കൺവീനർ എം.എം. ഹസെൻറ നേതൃത്വത്തിൽ നടന്ന ദൗത്യം വിജയിച്ചില്ല. ഹൈകമാൻഡിെൻറ തീരുമാനം അംഗീകരിക്കണമെന്നും കടുത്ത നടപടി ഉണ്ടാകരുതെന്നുമുള്ള ഹസെൻറ നിർദേശം ജില്ലയിെല എ ഗ്രൂപ് നേതാക്കൾ തള്ളി. എം.എം. ഹസൻ, കെ.സി. ജോസഫ് എം.എൽ.എ എന്നിവരുടെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച ജില്ലയിലെ എ ഗ്രൂപ് നേതാക്കളുമായി ചർച്ച നടത്തിയത്.
ഇരിക്കൂറിൽ സജീവ് ജോസഫിനെ സ്ഥാനാർഥിയാക്കിയതിനെതിരെയാണ് എ ഗ്രൂപ് നേതാക്കൾ രംഗത്തെത്തിയത്. മണ്ഡലത്തിൽ സോണി സെബാസ്റ്റ്യനെയായിരുന്നു സ്ഥാനാർഥിയായി ആദ്യം നിശ്ചയിച്ചത്. എന്നാൽ, കെ.സി. വേണുഗോപാലിെൻറ ഇടപെടലിനെ തുടർന്ന് സജീവ് ജോസഫിനെ പ്രഖ്യാപിച്ചു. തുടർന്ന് യു.ഡി.എഫ് കൺവീനർ പി.ടി. മാത്യു അടക്കം നൂറോളം നേതാക്കൾ പാർട്ടി ചുമതലകൾ രാജിവെച്ചിരുന്നു. ചർച്ചയിൽ ഇരിക്കൂറിലെ സ്ഥാനാർഥിത്വത്തിനുപകരം ഡി.സി.സി പ്രസിഡൻറ് സ്ഥാനം എ ഗ്രൂപ്പിന് നൽകണമെന്ന് ജില്ലയിലെ നേതാക്കൾ ആവശ്യപ്പെട്ടു. എന്നാൽ, കെ. സുധാകരൻ ഇതിനെ എതിർത്തു.
ഇതേത്തുടർന്ന് എ വിഭാഗം സോണി സെബാസ്റ്റ്യെൻറ സ്ഥാനാർഥിത്വത്തിനുവേണ്ടി ഹൈകമാൻഡിനോട് ആവശ്യപ്പെടാൻ സമാന്തര കൺവെൻഷൻ വിളിച്ചുചേർത്തു. 300ഓളം പേർ പങ്കെടുത്ത യോഗത്തിൽ ഇതുസംബസിച്ച പ്രമേയവും പാസാക്കി. വിഷയം ചർച്ച ചെയ്യാൻ ഡി.സി.സി വൈസ് പ്രസിഡൻറ് മുഹമ്മദ് ബ്ലാത്തൂർ കൺവീനറായ 15 അംഗ കമ്മിറ്റിയും രൂപവത്കരിച്ചു. ഹൈകമാൻഡ് രണ്ട് ദിവസത്തിനുള്ളിൽ അനുകൂല തീരുമാനം കൈക്കൊണ്ടില്ലെങ്കിൽ വിമത സ്ഥാനാർഥിയെ നിർത്തുന്നതടക്കമുള്ള ശക്തമായ നിലപാട് സ്വീകരിക്കുമെന്നും എ ഗ്രൂപ് നേതാക്കൾ അറിയിച്ചു.