എസ്.ഐ.ആർ: ഹരജി മാറ്റിയത് പ്രതികൂല വിധിക്ക് സമാനം; കമീഷന് സൗകര്യം
text_fieldsതിരുവനന്തപുരം: എസ്.ഐ.ആർ മാറ്റിവെക്കണമെന്ന് ആവശ്യപ്പെടുന്ന ഹരജി സുപ്രീം കോടതി ഡിസംബർ രണ്ടിലേക്ക് മാറ്റിയത് കേരളത്തെ സംബന്ധിച്ച് പ്രതികൂല വിധിക്കും തിരിച്ചടിക്കും സമാനം. ഒരു മാസം നീളുന്ന എന്യൂമറേഷൻ ഡിസംബർ നാലിനാണ് അവസാനിക്കുക. ഈ സാഹചര്യത്തിൽ ഡിസംബർ രണ്ടിന് കേസ് പരിഗണിക്കുന്നതിലൂടെ കാര്യമായ പ്രയോജനമുണ്ടാകില്ലെന്നാണ് വിലയിരുത്തൽ.
സംസ്ഥാനം മുന്നോട്ടുവെച്ച ആശങ്കകൾ പരിഗണിക്കപ്പെട്ടില്ലെന്നതാണ് കേസ് മാറ്റിയതിലൂടെ സംഭവിച്ചത്. എന്യൂമറേഷൻ നടപടികളും ഡിജിറ്റെസേഷനും പൂർത്തിയായിക്കഴിഞ്ഞുവെന്നും എസ്.ഐ.ആർ ഇനി മാറ്റിവെക്കേണ്ട സാഹചര്യമില്ലെന്നുമാകും ഡിസംബർ രണ്ടിന് കണക്ക് നിരത്തി കമീഷൻ വാദിക്കുക. കമീഷനെ സംബന്ധിച്ച് ഇതിന് അനുകൂലമാണ് നിലവിലെ സമയക്രമമം. ഡിസംബർ നാല് വരെ എന്യൂമറേഷന് സമയമുണ്ടായിരിക്കെ നവംബർ അവസാനത്തോടെ ഡിജിറ്റൈസേഷൻ പൂർത്തിയാക്കുന്നതിന് കടുത്ത സമ്മർദ്ദമാണ് ഇ.ആർ.ഒമാർ വഴി ബി.എൽ.ഒമാരുടെ ചുമലിലുള്ളത്.
ഹരജി മാറ്റിയതിലൂടെ നടപടികൾക്ക് ധൃതി കൂട്ടുന്ന കമീഷന് കുറച്ച് കൂടി സാവകാശം കിട്ടും. നടപടികൾ ഏറെക്കുറെ പൂർത്തിയാകുമ്പോഴാകും സുപ്രീം കോടതിയിൽ കേസ് പരിഗണിക്കുന്നത്. ഈ ഘട്ടത്തിലും എസ്.ഐ.ആറിന്‍റെ പ്രവർത്തന പുരോഗതിയാണ് കോടതി പരിഗണിക്കുകയെന്നതിനാൽ മറിച്ചൊരു വിധിക്ക് സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. തദ്ദേശ തെരഞ്ഞെടുപ്പിന് സമാന്തരമായുള്ള എസ്.ഐ.ആർ കോടതി സ്റ്റേ ചെയ്യുമെന്ന പ്രതീക്ഷയായിരുന്നു സംസ്ഥാന സർക്കാറിന്.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിന് എസ്.ഐ.ആർ എന്തെങ്കിലും പ്രതിബന്ധമുണ്ടാക്കുന്നുവെങ്കിൽ അക്കാര്യം ചൂണ്ടിക്കാട്ടേണ്ടത് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനാണെന്നാണ് കേന്ദ്ര കമീഷന്‍റെ മറുവാദം. ഫലത്തിൽ എസ്.ഐ.ആർ നടപടികൾ സുഗമമായി തുടരാനുള്ള സാഹചര്യമാണ് കമീഷന് കൈവന്നിരിക്കുന്നത്. നിലവിൽ ഫോം തിരികെ വാങ്ങലിനപ്പുറം ഡിജിറ്റൈസേഷനാണ് കമീഷൻ മുഖ്യപരിഗണന നൽകുന്നത്.
ഫോം വിതരണം സംബന്ധിച്ച് പ്രതിദിനം കണക്കുകൾ പ്രസിദ്ധീകരിച്ചിരുന്ന കമീഷൻ ഫോം തിരികെയെത്തിയ കണക്കുകൾ സംബന്ധിച്ച് നിശ്ശബ്ദമാണ്. ഇത് പരസ്യപ്പെടുത്തിയിട്ടില്ലെന്ന് മാത്രമല്ല, ഏതാനും ദിവസങ്ങളായി ഡിജിറ്റൈസേഷന്‍റെ കണക്കുകളാണ് പ്രസിദ്ധപ്പെടുത്തുന്നതും. കോടതിയിൽ കൃത്യമായ കണക്ക് സമർപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ കൂടി ഈ തീരുമാനത്തിലുണ്ടെന്നത് വ്യക്തമാണ്.


