ആർക്കും വേണ്ടാത്ത 'രണ്ടില'
text_fieldsപഴയങ്ങാടി: തെരഞ്ഞെടുപ്പ് ചിഹ്നമായി രണ്ടിലക്കുവേണ്ടി പി.െജ. ജോസഫും ജോസ് കെ. മാണിയും തമ്മിലെ പോര് മുറുകുേമ്പാൾ ആർക്കും വേണ്ടാതിരുന്ന 'രണ്ടില'യുടെ കഥ ഓർത്തെടുക്കുകയാണ് 69കാരനായ മൈലാഞ്ചിക്കൽ കാതിരി ഹാജി. നാലു പതിറ്റാണ്ടു മുമ്പ് രണ്ടില ചിഹ്നത്തിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർഥിയായിരുന്നു ഇദ്ദേഹം. 1979ൽ മാടായി പഞ്ചായത്ത് എട്ടാം വാർഡായ വാടിക്കലിലാണ് അന്ന് 28കാരനായ കാതിരി ഹാജി സ്വതന്ത്രനായി മത്സരിച്ചത്.
ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗും അഖിലേന്ത്യ മുസ്ലിം ലീഗുമായി രണ്ടു മുന്നണികളിൽ വിഘടിച്ചു നിന്ന കാലം. വാടിക്കൽ വാർഡിൽ സ്ഥാനാർഥി വാടിക്കലിൽതന്നെയുള്ളയാൾ വേണമെന്ന് കാതിരി ഹാജിയടക്കമുള്ള ഇന്ത്യൻ യൂനിയൻ ലീഗുകാർ പുതിയങ്ങാടിയിലെ മുസ്ലിം ലീഗ് നേതൃത്വത്തോടാവശ്യപ്പെട്ടു. നേതൃത്വം ഇതു ചെവിക്കൊള്ളാതെ സീറ്റ് ഘടകകക്ഷിയായ കോൺഗ്രസിന് നൽകി. പ്രതിഷേധിച്ച് കാതിരി ഹാജി സ്വതന്ത്ര സ്ഥാനാർഥിയായി. ചിഹ്നമായി സൈക്കിൾ, ഗ്ലാസ്, ത്രാസ് ഇവയൊക്കെ ചോദിച്ചെങ്കിലും കിട്ടിയില്ല.
കിട്ടിയ രണ്ടില സ്വീകരിക്കാൻ തയാറായില്ല. ഒടുവിൽ വരക്കാൻ എളുപ്പമെന്ന് തോന്നിയപ്പോൾ സ്വീകരിക്കുകയായിരുെന്നന്ന് കാതിരി ഹാജി പറയുന്നു.132 വോട്ട് രണ്ടില അടയാളത്തിൽ കാതിരി ഹാജി നേടി.
ജയിച്ചിെല്ലങ്കിലും അഖിലേന്ത്യ ലീഗിെൻറ സ്ഥാനാർഥി പരാജയപ്പെടുന്നതിന് കാതിരി ഹാജിയും രണ്ടിലയും കാരണമായി. കാതിരി ഹാജിക്ക് 'രണ്ടില്ല'എന്ന് എതിർവിഭാഗം മതിലെഴുതിയതും രസകരമായ ഓർമകളാണ്.
മുസ്ലിം ലീഗുകാരനാണെങ്കിലും ചിഹ്നങ്ങളിൽ ഇന്നും ഇഷ്ടം രണ്ടിലയോടാണെന്നും പ്രവാസം മതിയാക്കി ഇപ്പോൾ വിശ്രമജീവിതം നയിക്കുന്ന കാതിരി ഹാജി പറഞ്ഞു.