Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇനി കണ്ടെത്താനുളളത്...

ഇനി കണ്ടെത്താനുളളത് കേരളത്തിൽ നിന്നുള്ള എട്ടു പേരെ; നേപ്പാളിൽ കുടുങ്ങിയവരിൽ 60 പേരും സുരക്ഷിതരെന്ന് നോർക്ക

text_fields
bookmark_border
https://www.madhyamam.com/tags/nepal-floods
cancel

തിരുവനന്തപുരം: നേപ്പാളിലെ മിന്നല്‍ പ്രളയത്തിൽ കുടുംങ്ങിയ കേരളീയരിൽ 60 പേരും സുരക്ഷിതരെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടിവ് ഓഫിസർ രാജേഷ് മാധവൻ അറിയിച്ചു. നേപ്പാളിലെ വിവിധ മേഖലയില്‍ കുടുംങ്ങിയെന്ന് സംശയിക്കുന്ന 82 പേരുടെ വിവരങ്ങള്‍ തേടിയാണ് നോർക്കയുടെ ഹെല്‍പ് ഡെസ്കുകളില്‍ അന്വേഷണമെത്തിയത്.

ഇവരില്‍ 60 കേരളീയരും 14 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുളളവരുമാണ്. ഇനി കണ്ടെത്താനുളള എട്ടുപേരിൽ നാലു പേര്‍ ആസ്ട്രേലിയന്‍ പൗരത്വമുളള കേരളത്തില്‍ നിന്നുളളവരും നാലു പേര്‍ കേരളീയരുമാണ്. ഈ എട്ടുപേരുമായി ഇതുവരെ ആശയവിനിമയം സാധ്യമായിട്ടില്ല. ഇവരെ സംബന്ധിക്കുന്ന വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയെന്ന് രാജേഷ് മാധവൻ വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 14 പേരുടെ വിവരങ്ങളും കൈമാറിയിട്ടുണ്ട്.

കൈലാസ് മാനസരോവർ യാത്ര പോയ 19 കേരളീയരടങ്ങുന്ന 23 അംഗ ഇന്ത്യൻ സംഘം ടിബറ്റിലെ ദാർച്ചനിൽ നിന്ന് സാഗയിലേക്ക് യാത്ര തുടരുകയാണ്. വൈകുന്നേരത്തോടെ സംഘം സാഗയിൽ എത്തിച്ചേരും. ആഗസ്റ്റ് 29 ന് രാവിലെ സാഗയിൽ നിന്ന് കൊദാരി –നയാലം ബോർഡർ ക്രോസിങ് വഴി നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലേക്ക് യാത്ര തിരിക്കും.

തുടര്‍ന്ന് 31 ന് കാഠ്മണ്ഡുവിൽ നിന്ന് വിമാനമാർഗം ഇവര്‍ നാട്ടിലേക്ക് മടങ്ങുമെന്നാണ് വിവരം. സംഘത്തിന്റെ യാത്ര സംബന്ധിച്ച വിവരങ്ങൾ ബന്ധപ്പെട്ട കേന്ദ്രങ്ങളുമായി ഏകോപിപ്പിച്ച് നിരീക്ഷിച്ചുവരികയാണെന്ന് നോർക്ക അധികൃതർ അറിയിച്ചു.

മറ്റു കേരളീയരില്‍ ചിലർ നേപ്പാളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്ത് പശ്ചിമ ബംഗാളിലെ ഡാർജിലിങ്ങില്‍ എത്തിയതായി കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ട്. ചിലർ മൗണ്ട് എവറസ്റ്റ് പ്രദേശത്ത് സുരക്ഷിതരാണ്. നേപ്പാളിലെ ലങ്‌ടാങിലെ തുലോ സ്യാബ്രുവിൽ നിന്ന് അവസാനമായി ബന്ധപ്പെട്ട വ്യക്തിയെക്കുറിച്ചും കർണാലി പ്രവിശ്യയിലെ ജെജെർകോട്ടിൽ യാത്രാതടസ്സം നേരിടുന്ന മറ്റൊരാളെക്കുറിച്ചും വിവരം ലഭിച്ചു.

നേപ്പാളിൽ നിന്ന് ഇന്ത്യയിലെത്തുന്നവർക്ക് കേരളത്തിലേക്ക് യാത്ര ചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിർദേശപ്രകാരം നോർക്ക റൂട്ട്സ് സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിനായി ഹെല്‍പ് ഡെസ്കുകളിലോ ഡല്‍ഹി എന്‍.ആര്‍.കെ ഡെവലപ്മെന്റ് ഓഫിസിലോ ബന്ധപ്പെടാം.

മുഖ്യമന്ത്രിയുടെയുടേയും ചീഫ് സെക്രട്ടറിയുടേയും ഓഫിസുകളിലും, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, നോർക്ക റൂട്ട്സ് ഹെൽപ് ഡെസ്കുകളിലും ആഗസ്റ്റ് 27 ന് വൈകീട്ടു വരെ ലഭിച്ച വിവരങ്ങൾ പരിശോധിച്ചാണ് 82 പേരുടെ പട്ടിക തയാറാക്കിയത്.

Show Full Article
TAGS:Nepal floods missing malayalees Norka Roots Kerala Govt 
Next Story