നോർക്ക ഇൻഷുറൻസ് പ്രീമിയം കുത്തനെ കൂട്ടി; വർധിപ്പിക്കാതെ മാർഗമില്ലെന്ന് മുഖ്യമന്ത്രി, സഭ വിട്ട് പ്രതിപക്ഷം
text_fieldsകോഴിക്കോട്: പ്രവാസികളുടെയും കുടുംബങ്ങളുടെയും ചികിത്സാപരിരക്ഷ ലക്ഷ്യമിട്ട് സർക്കാർ തുടങ്ങിയ നോർക്ക കെയർ ഇൻഷുറൻസിന്റെ പ്രീമിയം തുക കുത്തനെ വർധിപ്പിച്ചു.
18 മുതൽ 70 വയസ്സുവരെയുള്ളവർക്ക് ഒറ്റ പ്രീമിയം എന്നതായിരുന്നു എൽ.ഡി.എഫ് സർക്കാർ നടപ്പാക്കിയ പദ്ധതിയുടെ പ്രത്യേകത. കുടുംബ പ്ലാനിന് ഒറ്റത്തവണ പ്രീമിയമായി അടക്കേണ്ടിയിരുന്നത് പ്രതിവർഷം 13,450 രൂപയായിരുന്നു. വ്യക്തിഗത പ്ലാനിന് 8101 രൂപയായിരുന്നു.
അതിന് അഞ്ചുലക്ഷം രൂപ മുതൽ ഒരു കോടിവരെ പരിരക്ഷ ലഭിച്ചിരുന്നു. അതാണ് യു.ഡി.എഫ് സർക്കാർ പ്രായത്തിന്റെ അടിസ്ഥാനത്തിൽ അഞ്ചു സ്ലാബുകളാക്കി മാറ്റി പ്രീമിയം തുക രണ്ടിരട്ടിയിലേറെ കൂട്ടിയത്. 18 മുതൽ മുതൽ 110 വയസ്സ് വരെയുള്ളവർക്ക് സുരക്ഷ നൽകുന്നതാണ് പുതിയ സ്കീം.
18-30, 31-40, 41-50, 51-60, 61-70 എന്നിങ്ങനെ പ്രായപരിധിയനുസരിച്ച് അഞ്ചു സ്ലാബുകളാക്കിയാണ് തിരിച്ചിരിക്കുന്നത്. വർധിപ്പിച്ച നിരക്ക് അനുസരിച്ച് സിംഗിൾ പ്ലാനിന് 18-30 പ്രായപരിധിയിൽ പെട്ടവർ 7736 രൂപ പ്രീമിയം അടക്കണം. പ്രീമിയം അടക്കുന്നവരിൽ കൂടുതലും 51നും 60നും ഇടയിൽ പ്രായമുള്ളവരാണ്. അവർക്ക് പ്രതിവർഷം അടക്കേണ്ടി വരുന്നത് 21,722 രൂപയാണ്.
കുടുംബ പ്ലാനിൽ 18-30 വയസ്സുവരെ പ്രായമുള്ളവർ 13,036 രൂപ അടക്കണം. 51-60 പ്രായപരിധിയിലുള്ളവർ 35,664 രൂപയാണ് അടക്കേണ്ടത്. 61-70 വയസുള്ളവരാണെങ്കിൽ 56,295 രൂപയും. അതേസമയം, മുമ്പ് ഏത് പ്രായപരിധിയിൽ ആണെങ്കിലും 13,450 രൂപയടച്ചാൽ മതിയായിരുന്നു.
ഇപ്രകാരം ഒരു കുടുംബത്തിൽ പല പ്രായപരിധിയിലുള്ളവർ ഉണ്ടാകുമെന്നതിനാൽ വലിയൊരു തുക പ്രീമിയം ഇനത്തിൽ അടക്കേണ്ടി വരും. അതിനാൽ, പ്രീമിയം താങ്ങാനാവാത്തതിനെ തുടർന്ന് പ്രവാസികൾ ഭൂരിഭാഗവും ഇൻഷുറൻസ് പുതുക്കുന്നതിൽ നിന്ന് പിൻവാങ്ങുകയാണ്.
നോർക്കയുടെ പദ്ധതി ഉപേക്ഷിച്ച് സ്വകാര്യ ഇൻഷുറൻസ് കമ്പനികളിൽ ചേർന്നാലും ലാഭമാണ്. അവിടെ പ്രീമിയം തുക 20,000ത്തിൽ താഴെയാണ്. ജി.എസ്.ടിയും അടക്കേണ്ടതില്ല. അതേസമയം, ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകൾ വൻതോതിൽ വർധിച്ചതും ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക നഷ്ടങ്ങളുമാണ് പ്രീമിയം കൂട്ടാൻ കാരണമെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയത്.
പ്രീമിയത്തിന്റെ ജി.എസ്.ടി ഒഴിവാക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും കുറഞ്ഞ പ്രീമിയത്തിൽ കവറേജ് നൽകാൻ ഇൻഷുറൻസ് കമ്പനികൾ തയാറാകുന്നില്ലെന്നാണ് നോർക്ക അധികൃതരുടെ വിശദീകരണം. എന്നാൽ ഇൻഷുറൻസ് പരിരക്ഷ തങ്ങളുടെ അവകാശമാണെന്നും ആനുകൂല്യമല്ലെന്നുമാണ് പ്രവാസി സംഘടനകളുടെ നിലപാട്.
ഉയർന്ന ചികിത്സ ചെലവ് കുടുംബങ്ങളുടെ സാമ്പത്തിക അടിത്തറ തകർക്കുന്ന സാഹചര്യത്തിലാണ് താങ്ങാവുന്ന പ്രീമിയത്തിൽ എൽ.ഡി.എഫ് സർക്കാർ ചികിത്സ പരിരക്ഷ ലഭ്യമാക്കിയിരുന്നത്. തുടർന്ന് സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ നൽകിവന്ന പരിരക്ഷ അവസാനിപ്പിച്ച് നിരവധി പ്രവാസികൾ നോർക്ക കെയറിന്റെ പദ്ധതിയിൽ ചേരുകയും ചെയ്തിരുന്നു. പദ്ധതിയനുസരിച്ച് ഇന്ത്യയിലെ 24,000ത്തിലേറെ ആശുപത്രികളിൽ കാഷ് ലെസ് ചികിത്സ ലഭിക്കുമായിരുന്നു.
അതേസമയം, പ്രവാസി ഇൻഷുറൻസ് പ്രീമിയം തുക വർധിപ്പിക്കാതെ മാർഗമില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ വ്യക്തമാക്കി. ഇൻഷുറൻസ് കമ്പനികൾക്ക് വലിയ നഷ്ടമുണ്ടായി.
കഴിഞ്ഞ തവണ എടുത്തിരുന്ന ന്യു ഇന്ത്യ ഇൻഷുറൻസ് ഉൾപ്പെടെ കമ്പനികൾ ക്വട്ടേഷൻ പോലും തരാൻ തയാറാകുന്നില്ല. ഇന്‍ഷുറന്‍സ് പദ്ധതി തയാറാക്കിയതില്‍ ഘടനാപരമായ പാളിച്ച പറ്റിയിട്ടുണ്ട്. ആകെ അഞ്ച് ലക്ഷം രൂപയുടെ കവറേജാണ് നേരത്തെ നല്‍കുന്നത്. ആ പോളിസി നിലവില്‍ രോഗമുള്ള ആളുകളെയും പരിഗണിച്ചിരുന്നു. അപ്പോള്‍ വലിയ തുക ക്ലെയിമില്‍ കൊടുക്കേണ്ടി വന്നു.
നോര്‍ക്ക കെയറില്‍ 145 കോടി രൂപയാണ്. എന്നാല്‍ കൊടുക്കേണ്ടി വന്നത് 210 കോടി രൂപയാണ്. എൻറോൾ ചെയ്തത് 1,32,000 പേരാണ്. ഇതില്‍ ക്ലെയിം വന്നത് കാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ക്ക് 80 ശതമാനമാണ്. അത് മാത്രം 120 കോടിയാണ് കൊടുക്കേണ്ടിവന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്‍ഷുറന്‍സ് കമ്പനിക്ക് നോര്‍ക്ക കെയറില്‍ 160 ശതമാനവും നോര്‍ക്ക കെയര്‍ പ്ലസില്‍ 350 ശതമാനവും നഷ്ടമുണ്ടായിട്ടുണ്ട്. അതാണ് പ്രശ്നം. സമാഹരിച്ച തുകയുടെ 150 ശതമാനം അധികമായി കമ്പനിക്ക് ക്ലെയിം നല്‍കേണ്ടി വന്നു. ഇക്കാരണങ്ങളാലാണ് ഇത്തവണ ഇന്‍ഷുറന്‍സ് പുതുക്കുന്നതിന് ക്വട്ടേഷന്‍ നല്കാന് കമ്പനികള്‍ തയാറാകാത്തത്. കഴിഞ്ഞ വര്‍ഷം ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയായിരുന്നു കൊടുത്തത്.
അവര്‍ സർക്കാറിനോട് 300 കോടി രൂപ മുന്‍കൂറായി നല്കാന് ആവശ്യപ്പെടുകയാണ്. അതുകൊണ്ട് എടുത്തില്ല. ഇപ്പോള്‍ പദ്ധതിയില്‍ മൂന്ന് കോടി മുതല്‍ നൂറ് കോടി വരെ സ്ലാബ് ഏര്‍പ്പെടുത്തി. നിലവില്‍ 60 വയസ് കഴിഞ്ഞവര്‍ക്ക് പോളിസി കൊടുക്കില്ല.
പുതിയ ഇൻഷുറന്‍സ് പദ്ധതിയില്‍ 18 മുതല്‍ 110 വയസ് വരെ ഇന്‍ഷുറന്‍സ് കൊടുക്കാനാണ് പ്രീമിയം വര്‍ധിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസി ക്ഷേമ ബോര്‍ഡിലേക്ക് 700 കോടി രൂപയാണ് പിരിഞ്ഞുകിട്ടാനുള്ളത്. പ്രവാസി സംഘടനകള്‍ ഇക്കാര്യത്തില്‍ മുന്‍കൈ എടക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതിനിടെ, പ്രവാസി മലയാളികള്‍ക്ക് നോര്‍ക്ക ആനുകൂല്യങ്ങള്‍ മുടങ്ങിയതും ലോക കേരളസഭ പിരിച്ചുവിട്ട നടപടിയും സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി.
പ്രവാസി ക്ഷേമനിധി ബോര്‍ഡ് വഴി ആനുകൂല്യങ്ങളായി 2026-27 വര്‍ഷത്തില്‍ മാത്രം 163 കോടിയിൽപരം രൂപ നല്‍കിയതായി മുഖ്യമന്ത്രി വി.ഡി. സതീശൻ വിശദീകരിച്ചു. പെന്‍ഷനായി 102 കോടി രൂപയും വിതരണം ചെയ്തു. ഈ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാന്‍ 32 കോടി രൂപ അഞ്ച് മാസത്തിനുള്ളില്‍ സർക്കാർ കൊടുത്തു. ഇനി മൂന്ന് മാസം പെൻഷൻ കുടിശ്ശികയുണ്ട്. അത് കൊടുത്തുതീര്‍ക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2020-’21ല്‍ പ്രവാസി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങള്‍ 17,771 പേര് മാത്രമായിരുന്നു. ഇപ്പോള്‍ അത് 100,495 പേരായി. ഏകദേശം അഞ്ചര ഇരട്ടി വര്‍ധന. പക്ഷേ വരുമാനം വര്‍ധിച്ചില്ല. പ്രതിമാസ ശരാശരി 16.7 കോടി രൂപയാണ്. എന്നാൽ ഒരു മാസത്തെ ചെലവ് 35 കോടിയോളം രൂപയും. സർക്കാർ പണം നല്‍കിയാലേ പെന്ഷന് മുടങ്ങാതെ കൊടുക്കാന്‍ കഴിയൂവെന്ന സ്ഥിതിയാണ്.
വലിയ തുക കൊടുക്കേണ്ടിവന്നതിനാൽ ഇൻഷുറൻസ് പുതുക്കാൻ ക്വട്ടേഷൻ നൽകാൻ പോലും കമ്പനികൾ വരുന്നില്ല. ലോക കേരളസഭ അതിന്റെ ലക്ഷ്യം നിറവേറ്റാത്തതുകൊണ്ടാണ് പിരിച്ചുവിട്ടത്. പകരം ഫലപ്രദമായ സംവിധാനം നിലവില്‍ വരും. വിമാനക്കമ്പനികളെ നിയന്ത്രിക്കണമെന്ന് സർക്കാർ നിരന്തരമായി കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെടുകയാണ്. ഇപ്പോഴും കത്തയച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിന്റെ പച്ചപ്പിനും സാമ്പത്തിക ഭദ്രതക്കും നിർണായക പങ്ക് വഹിക്കുന്ന പ്രവാസികളെ സർക്കാർ അവഗണിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തി. പ്രവാസി ഇൻഷുറൻസ് പ്രീമിയം തുക കുത്തനെ വർധിപ്പിച്ചതും പെൻഷൻ മുടങ്ങിയതും പ്രവാസികൾക്ക് വലിയ തിരിച്ചടിയാണെന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ച കെ.കെ. വൽസരാജ് കുറ്റപ്പെടുത്തി. വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് അടിക്കടി ഉയർത്തി പ്രവാസികളെ ചൂഷണം ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


