ഇത് ഡച്ച് മോഡലല്ല; വെള്ളപ്പൊക്കത്തിൽനിന്ന് കരകയറാൻ രവിയുടെയും ഗീതയുടെയും അതിജീവന മാതൃക
text_fields
വെള്ളം കയറുന്നതിൽനിന്ന് രക്ഷതേടി കൃഷ്ണപുരം കാപ്പിൽ ശ്രീവത്സം വീടിന്‍റെ ഗേറ്റിന് മുൻവശം കെട്ടിയടച്ച നിലയിൽ
കായംകുളം: പഞ്ചായത്തും കൈവിട്ടതോടെ വെള്ളം കയറുന്നതിൽനിന്ന് രക്ഷനേടാൻ ഗേറ്റിന് മുന്നിൽ മതിൽ സ്ഥാപിച്ച വീട് കാണാൻ സന്ദർശക തിരക്ക്. ഓട്ടോ ഡ്രൈവറായ കൃഷ്ണപുരം കാപ്പിൽ ശ്രീവത്സത്തിൽ രവിയും ആശാട്ടിയമ്മയായ ഭാര്യ ഗീതയുമാണ് വെള്ളപ്പൊക്ക ഭീഷണിയിൽനിന്ന് വീടിനെ കാക്കാൻ ഗേറ്റിന് മുന്നിൽ മതിൽ കെട്ടിയത്.
റോഡ് ഉയർത്തി നവീകരിച്ചപ്പോൾ വെള്ളം ഒഴുകാൻ സ്ഥാപിച്ച ഓട പൂർത്തിയാക്കാത്തതാണ് ഇവരുടെ വീട് വെള്ളത്തിലാകുന്നതിന് പ്രധാന കാരണം. വീടിന്‍റെ അതിരിലൂടെയുണ്ടായിരുന്ന നീരൊഴുക്ക് തോട് കോൺക്രീറ്റ് റോഡായതും പ്രശ്നമായി. ഒന്നര വർഷം മുമ്പാണ് പഞ്ചായത്ത് ഓഫിസ് പനയന്നാർകാവ് റോഡ് നവീകരിച്ചത്. ഇതോടൊപ്പം ഈ ഭാഗത്ത് നിർമിച്ച ഓട സ്ലാബിട്ട് മൂടിയിരുന്നു.
എന്നാൽ, കുറക്കാവ് ക്ഷേത്ര ഭാഗത്തേക്കുള്ള ഓട നിർമാണം മുടങ്ങിയതിനാൽ വെള്ളം ഒഴുകാൻ സൗകര്യം ഇല്ലാതായി. ഇതോടെ ഒറ്റമഴയിൽ തന്നെ വീട്ടിലേക്ക് വെള്ളം കയറുന്ന സ്ഥിതിയായി. മഴക്കാലം ദുരിതമയമായതോടെ പരിഹാരം തേടി പഞ്ചായത്ത് ഓഫിസിൽ പലതവണ കയറിയിറങ്ങിയെങ്കിലും കൈമലർത്തുകയായിരുന്നെന്ന് രവിയും ഗീതയും പറയുന്നു. 15ഓളം കുട്ടികൾ അക്ഷരം പഠിക്കാൻ ഇവിടെ എത്തുന്നുണ്ട്. വീട് വെള്ളത്തിലാകുന്നത് കുട്ടികളുടെ വരവിനും തടസ്സമാകും.
മഴയുടെ തുടക്കം തന്നെ പ്രശ്നമായതോടെയാണ് വഴി അടച്ച് മതിൽ സ്ഥാപിക്കാൻ വീട്ടുകാർ നിർബന്ധിതരായത്. വഴി ഇല്ലാതായതോടെ രവിയുടെ ഓട്ടോ മറ്റൊരിത്താണ് ഇടുന്നത്. ഓട നവീകരിച്ചാലേ ഇവർക്ക് സുഗമമായ വഴി സൗകര്യം ലഭ്യമാകുകയുള്ളു.