മതിയായ ട്രെയിനുകളില്ല; ഓണം യാത്ര ദുരിതത്തിലാവും
text_fieldsrepresentational image
പാലക്കാട്: ഓണത്തോടനുബന്ധിച്ചുള്ള തിരക്ക് പരിഗണിച്ച് ബദൽ സംവിധാനം കാര്യക്ഷമമാക്കാതെ റെയിൽവേ. മുൻവർഷങ്ങളിൽ സ്പെഷൽ ട്രെയിനുകളും അധിക കോച്ചുകളും അനുവദിച്ചിരുന്നെങ്കിൽ ഇത്തവണ സ്പെഷൽ ട്രെയിനുകൾ നാമമാത്രമായാണ് അനുവദിച്ചിരിക്കുന്നത്. പ്രധാന ട്രെയിനുകളിൽ ഇപ്പോൾ തന്നെ ടിക്കറ്റ് ലഭ്യമല്ല. ബുക്കിങ് തുടങ്ങി ദിവസങ്ങൾക്കകം സ്ലീപ്പർ, മൂന്നാം ക്ലാസ് എ.സി ടിക്കറ്റുകൾ തീർന്നു.
മുംബൈ, ഡൽഹി, കൊൽക്കത്ത, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിൽനിന്ന് ഇതുവരെ പ്രത്യേക ട്രെയിനുകൾ അനുവദിച്ചിട്ടില്ല. ഓണത്തിന് ആഴ്ചകൾ മാത്രം ശേഷിക്കെ സെപ്റ്റംബർ 13ന് ചെന്നൈയിൽനിന്ന് കേരളത്തിലേക്കുള്ള നാലു ട്രെയിനുകളിലും രണ്ടാം ക്ലാസ് സ്ലീപ്പർ വെയ്റ്റിങ് ലിസ്റ്റും തീർന്നു. എറണാകുളം ഭാഗത്തേക്കുള്ള എട്ടു ട്രെയിനുകളാണ് ചെന്നൈയിൽനിന്ന് സെപ്റ്റംബർ 13നുള്ളത്. ഇതിലെ നാലെണ്ണത്തിലെയാണ് വെയ്റ്റിങ് ലിസ്റ്റ് തീർന്നത്.
മലബാറിലേക്ക് നാലു ട്രെയിനുകളാണുള്ളത്. ഇതിൽ വെയ്റ്റിങ് ലിസ്റ്റ് 250ന് അടുത്തെത്തി. ആഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 17 വരെ കൊച്ചുവേളി-ബംഗളൂരു റൂട്ടിൽ ആഴ്ചയിൽ മൂന്നു ദിവസം 16 കോച്ചുള്ള സ്പെഷൽ ട്രെയിൻ അനുവദിച്ചെങ്കിലും ജനറൽ കോച്ചില്ല. മുഴുവൻ കോച്ചുകളും മൂന്നാം ക്ലാസ് എ.സിയാണ്. നിലവിലുള്ളതിന്റെ 1.3 ശതമാനം അധികം തുകയാണ് സ്പെഷൽ ട്രെയിനിൽ ഈടാക്കുന്നത്.
കോവിഡിന് മുമ്പുണ്ടായിരുന്ന പല ട്രെയിനുകളും ഇതുവരെ പുനഃസ്ഥാപിച്ചിട്ടുമില്ല. ഓണത്തിന് നാട്ടിലെത്താൻ പലർക്കും വൻ തുക നൽകി സ്വകാര്യ ബസുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ബസുകൾ അവസരം മുതലെടുത്ത് നിരക്ക് വർധിപ്പിക്കുന്നത് പതിവാണ്.